ADVERTISEMENT

ടി.പി.ചന്ദ്രശേഖരനെയും അനുയായികളെയും ലക്ഷ്യമിട്ട് പിണറായി വിജയൻ മുൻപ് തൊടുത്തു വിട്ട വാക്കിന്റെ ആ കൂരമ്പ് നിയമസഭയിൽ കെ.കെ.രമ തിരിച്ചു പ്രയോഗിച്ചു: നിങ്ങളാണ് കുലംകുത്തികൾ! 

വിദ്യാഭ്യാസമേഖലയിലെ സ്വകാര്യ–വിദേശ മൂലധനത്തിനെതിരെ ഘോരഘോരം സമരം ചെയ്തവർ ബജറ്റിലൂടെ അതിനെ സ്വാഗതം ചെയ്തു കരണംമറിഞ്ഞതിനെ കണക്കറ്റു പരിഹസിച്ചു രമ ചോദിച്ചു: ‘‘ആ സമരങ്ങളുടെ ഭാഗമായി രക്തസാക്ഷികളായവർ ഈ സഭയിൽ കടന്നുവരാൻ അവസരം ലഭിച്ചാൽ നിങ്ങളെ കുലംകുത്തികൾ എന്നല്ലാതെ എന്തു വിളിക്കും?’’ 

ചന്ദ്രശേഖരനും കൂട്ടരും സിപിഎമ്മിനെ  വെല്ലുവിളിച്ച് ഒഞ്ചിയത്തു പുതിയ പാർട്ടി രൂപീകരിച്ചപ്പോൾ കുലംകുത്തികളായി ചിത്രീകരിച്ച അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, പക്ഷേ മുഖ്യമന്ത്രിക്കസേരയിൽ അതു കേൾക്കാൻ ഉണ്ടായിരുന്നില്ല. കൊടുത്തത് കൊല്ലത്തും കിട്ടുമെന്ന് ആ നാട്ടുകാരനും പഴയ എസ്എഫ്ഐ നേതാവുമായ മന്ത്രി കെ.എൻ.ബാലഗോപാലിന് അപ്പോൾ തോന്നിക്കാണും.

മറ്റൊരു ‘ടിപി’യുടെ വ്യഥയാണ് പി.സി.വിഷ്ണുനാഥ് ഓർത്തെടുത്തത്. ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുൻ ചെയർമാനായ ടി.പി.ശ്രീനിവാസൻ, മന്ത്രിയുടെ വിദേശ സർവകലാശാലാ പ്രഖ്യാപനം ടിവിയിൽ കേട്ട് ഞെട്ടിക്കാണുമെന്നും ‘ഹേ പ്രഭു, യേ ക്യാ ഹുവാ’ എന്ന ‘ട്രെൻഡിങ് ചോദ്യം’  ചോദിച്ചു കാണുമെന്നും വിഷ്ണുനാഥിന് ഉറപ്പ്. ഉന്നത വിദ്യാഭ്യാസരംഗം തുറന്നുകൊടുക്കാൻ മുൻകൈ എടുത്തതിന്റെ പേരിൽ എസ്എഫ്ഐക്കാരുടെ തല്ലു കൊള്ളേണ്ടി വന്ന അദ്ദേഹത്തോടു മാപ്പു ചോദിക്കുകയെങ്കിലും വേണമെന്നു വിഷ്ണുനാഥിന് അഭിപ്രായമുണ്ട്.

പ്രതിപക്ഷനിരയിൽ ഇരിപ്പിടമുള്ള ഭരണപക്ഷത്തെ ഒറ്റയാനാണ് ഡപ്യൂട്ടി സ്പീക്കർ. പ്രസംഗത്തിലും ചിറ്റയം ഗോപകുമാ‍ർ ഇന്നലെ പ്രതിപക്ഷമായി. ബജറ്റ് ചർച്ച തുടങ്ങി വയ്ക്കുക എന്ന സഭയിലെ തന്റെ ഏക പ്രസംഗ ഊഴത്തിൽ ബജറ്റിൽ സിപിഐയോടു കാട്ടിയ ചിറ്റമ്മ നയത്തിനെതിരെ ചിറ്റയം വികാരം കൊണ്ടു. പിന്നാലെ പി.എസ്.സുപാലും ഇ.കെ.വിജയനും സപ്ലൈകോയ്ക്ക് അർഹമായ വിഹിതം നൽകാത്തതിന്റെ അതൃപ്തി പരസ്യമാക്കി. 

പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത എൻ.കെ.പ്രേമചന്ദ്രനെ കുലംകുത്തി എന്നു വിശേഷിപ്പിച്ചില്ലെങ്കിലും ഡി.കെ.മുരളിയും മുരളി പെരുന്നെല്ലിയും ആ ശ്രേണിയിൽ പെടുത്തിയാണ് ആക്ഷേപിച്ചത്. ആമാടപ്പെട്ടിയും ആറന്മുളക്കണ്ണാടിയുമായി പ്രധാനമന്ത്രിയെ വന്ദിക്കാൻ മുഖ്യമന്ത്രി പോയത് മറന്നോയെന്നായി രമേശ് ചെന്നിത്തല. ധനമന്ത്രിക്കല്ലാതെ മറ്റാർക്കും അറിയാത്ത ആ പ്ലാൻ ബി എന്താണെന്ന് മഞ്ഞളാംകുഴി അലി കണ്ടെത്തി: ‘ഓരോ ബക്കറ്റ് കൊടുത്തു ഭിക്ഷ യാചിക്കാൻ പറയുക!’.

സ്വന്തം ജനതയെ വഞ്ചിച്ച നോർവേ മുൻ ഭരണാധികാരി വിഡ്കുൻ ക്വിസ് ലിങിനെയാണ് പ്രതിപക്ഷനേതാവിനെ കാണുമ്പോൾ ലിന്റോ ജോസഫിന് ഓർമ വരുന്നത്. കെപിസിസിയുടെ സമരാഗ്നിറാലിയെ നയിക്കുന്ന സതീശൻ സഭയിൽ രാവിലെ വന്നു മിന്നായം പോലെ പ്രസംഗിച്ചു തിരിച്ചുപോയി.

മാത്യു കുഴൽനാടൻ എഴുന്നേൽക്കുമ്പോഴേക്കും ഭരണപക്ഷം അപകടം മണക്കും. അഴിമതി ആരോപണം മുൻകൂട്ടി എഴുതിക്കൊടുത്ത മാത്യു അതു തുടങ്ങിയപ്പോൾ ഗർജിക്കും പോലെ ഒച്ചയെടുത്ത് സ്പീക്കർക്ക് അതു നിർത്തേണ്ടിവന്നു. ആരോപണം ആർക്കെതിരെ എന്നു മാത്യുവോ സ്പീക്കറോ പറഞ്ഞില്ലെങ്കിലും മുഖ്യമന്ത്രിയും എക്സാലോജിക്കും തന്നെയാണ് വിഷയം എന്നു കണ്ടിരുന്ന എല്ലാവർക്കും അതോടെ മനസ്സിലായി. 

ഇന്നത്തെ വാചകം

‘പുട്ടിന് പീര എന്നതു പോലെ ബിജെപി എന്ന പുട്ടിന് തേങ്ങ ചിരണ്ടുന്നവരായി കോൺഗ്രസ് മാറി.’ – ടി.ഐ.മധുസൂദനൻ (സിപിഎം)

English Summary:

Kerala Assembly Naduthalam session

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com