ADVERTISEMENT

കോഴിക്കോട് ∙ നിലവിലുള്ള പിഎഫ് പെൻഷനിൽ കനത്ത നഷ്ടം വരുത്തിവയ്ക്കുന്ന പ്രോ–റേറ്റ (ആനുപാതിക) വ്യവസ്ഥ ഉയർന്ന പെൻഷൻ പദ്ധതിയിലും നടപ്പാക്കി ഇപിഎഫ്ഒ (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ). രാജ്യത്തെ വിവിധ പിഎഫ് ഓഫിസുകളിൽനിന്നും നിരന്തരം ഉന്നയിച്ച സംശയങ്ങൾക്കുള്ള മറുപടിയായാണ് പ്രോ–റേറ്റ രീതിയിൽ പെൻഷൻ കണക്കാക്കുന്നതിനുള്ള ഉദാഹരണങ്ങൾ സഹിതം സോണൽ ഓഫിസുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇമെയിൽ വഴി നൽകിയ നിർദേശം സർക്കുലറായി ഇറക്കിയിട്ടില്ല. ഇത്തരമൊരു ഇമെയിൽ അയച്ചതു സംബന്ധിച്ച ചോദ്യത്തോടുപോലും ഔദ്യോഗികമായി പ്രതികരിക്കാൻ ഡൽഹിയിലെ ഇപിഎഫ്ഒ ഓഫിസ് തയാറാകുന്നുമില്ല.

2014 സെപ്റ്റംബർ ഒന്നിനുശേഷം വിരമിച്ചവർക്കാണ് പ്രോ–റേറ്റ വ്യവസ്ഥ ബാധകമാകുക. ഇവരുടെ പെൻഷൻ 2014 സെപ്റ്റംബർ ഒന്നിനു മുൻപും അതിനുശേഷവും എന്നു രണ്ടായി തിരിച്ച് അതതു കാലത്തെ ശമ്പളം പരിഗണിച്ച് കണക്കുകൂട്ടും. ഇതോടെ ഭൂരിഭാഗം പേർക്കും പെൻഷനിൽ ഗണ്യമായ കുറവു വരും. ഉയർന്ന പെൻഷൻ പദ്ധതിയിലും പ്രോ–റേറ്റ വ്യവസ്ഥ നടപ്പാക്കാൻ നീക്കമുണ്ടെന്നു കഴിഞ്ഞ നവംബറിൽ മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.

പുതിയ പെൻഷൻ കണക്ക്

2014 സെപ്റ്റംബറിനു മുൻപുള്ള ശമ്പളത്തിന്റെ ശരാശരി എടുക്കില്ല. പകരം 3 കാര്യങ്ങളാണ് പരിഗണിക്കുക. വിരമിക്കുന്നതിനു തൊട്ടുമുൻപുള്ള 60 മാസത്തെ ശമ്പള ശരാശരി, 2014 ഓഗസ്റ്റ് 31 വരെയുള്ള കാലത്തെ ഏറ്റവും ഉയർന്ന പ്രതിമാസ ശമ്പളം, 2014 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന ശമ്പളം എന്നിവയാണവ. രണ്ടു ഘട്ടത്തിലും ശമ്പള ശരാശരി, ഉയർന്ന പ്രതിമാസ ശമ്പളം ഇവയിൽ ഏതാണോ കുറവ് അതാണ് പെൻഷൻ കണക്കാക്കാനുള്ള ശമ്പളമായി പരിഗണിക്കുക.

2014നു ശേഷം എത്രയോ വർഷങ്ങൾ കഴിഞ്ഞു വിരമിക്കുന്നവരുടെ അവസാന 60 മാസ ശമ്പള ശരാശരിയിലും ഏറെ കുറവായിരിക്കും സ്വാഭാവികമായും 2014നു മുൻപുള്ള ഉയർന്ന ശമ്പളം. ഇക്കാരണത്താലാണ് 2014നു മുൻപുള്ള കാലത്തെ പെൻഷൻ പ്രത്യേകമായി കണക്കാക്കുമ്പോൾ വലിയ നഷ്ടം വരുന്നത്. 2014നു മുൻപോ അതിനു ശേഷമോ ഒരു ഭാഗത്തു കുറഞ്ഞ സേവനകാലം മാത്രമുള്ളവർക്ക് പൊതുവേ നഷ്ടം കുറവായിരിക്കും. ഇരുഭാഗത്തുമായി ഏറെ വർഷങ്ങളുടെ സർവീസ് ഉള്ളവർക്കാണ് പ്രോ–റേറ്റ വ്യവസ്ഥ കനത്ത നഷ്ടം വരുത്തുക.

English Summary:

Pro rata system backfires on higher PF pension too

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com