ADVERTISEMENT

സഹപാഠിയെ വെള്ളംപോലും കൊടുക്കാതെ ഹോസ്റ്റൽ മുറിയിൽ പൂട്ടിയിട്ടു മർദിച്ചു മരണം ഉറപ്പാക്കിയിട്ടും അതിനെ ‘റാഗിങ്’ എന്നുവിളിക്കുന്നതു തന്നെ ഗൂഢാലോചനയാണ്. മാപ്പർഹിക്കാത്ത ആൾക്കൂട്ടക്കൊലപാതകമാണു സിദ്ധാർഥന്റേത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയ ഓരോ മുറിവും കൊല്ലുകയെന്ന ഉദ്ദേശ്യത്തോടെ ശരീരത്തിൽ കൊടുംക്രിമിനലുകൾ ഏൽപിച്ച മാരകസ്വഭാവമുള്ള ക്ഷതങ്ങളാണ്. വിചാരണക്കോടതികളിൽ സേവനം ചെയ്തിരുന്ന കാലത്ത് ഇത്തരം കൊലക്കേസുകൾ പരിഗണനയ്ക്കു വന്നതിന്റെ അനുഭവത്തിൽ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും– ആത്മഹത്യാ പ്രേരണയ്ക്കല്ല ഇവിടെ കേസെടുക്കേണ്ടത്, കൊലപാതകത്തിനാണ്; ആൾക്കൂട്ടക്കൊലപാതകത്തിന്.

വെള്ളം പോലും കൊടുക്കാതെ മൂന്നുദിവസം പട്ടിണിക്കിട്ട് ഈ അവസ്ഥയിലെത്തിച്ച ഒരാളുടെ ശരീരത്തിനു കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യാനുള്ള ശേഷി കാണില്ല. പട്ടിണിമൂലമുള്ള അവശതയിൽ മർദനമേറ്റു സിദ്ധാർഥൻ ‘കോമ’ അവസ്ഥയിലായപ്പോൾ മരിച്ചെന്നു കരുതി കെട്ടിതൂക്കിയതാവാനുള്ള സാധ്യതയാണു കാണുന്നത്. ആത്മഹത്യയുടെ ലക്ഷണങ്ങൾ കാണിക്കുന്ന ഇത്തരം കേസുകളിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ട് അന്വേഷണ ഉദ്യോഗസ്ഥർ ആത്മഹത്യയാണെന്നു തെറ്റിദ്ധരിച്ച കേസുകൾ കണ്ടിട്ടുണ്ട്.

സിദ്ധാർഥന്റെ മരണത്തിന്റെ വസ്തുതകൾ പുറത്തു വരണമെങ്കിൽ ഈ കേസിൽ കേരള പൊലീസ് ഇനി കൈവയ്ക്കരുത്. ശേഷിക്കുന്ന തെളിവുകൾ പോലും ഇല്ലാതാക്കാനേ അതു വഴിയൊരുക്കൂ. നീതിക്കു വേണ്ടി സിദ്ധാർഥന്റെ മാതാപിതാക്കളെ കോടതി കയറ്റരുത്. സർക്കാർ തന്നെ കേസന്വേഷണം സിബിഐയെ ഏൽപിച്ചു യഥാർഥ കുറ്റകൃത്യം വെളിച്ചത്തു കൊണ്ടുവന്ന് പ്രതികളെ സമൂഹത്തിനുകൂടി ബോധ്യപ്പെടുന്ന തരത്തിൽ വിചാരണയ്ക്കു വിടണം.

കൊല്ലണമെന്ന ഉദ്ദേശ്യം വ്യക്തം

വെറ്ററിനറി സർവകലാശാലയിൽ ഭരണകക്ഷി വിദ്യാർഥി സംഘടനയുടെ ‘മൃഗീയത’ എന്നതു പോലുള്ള പ്രയോഗങ്ങളും വിമർശനവും കണ്ടു. മൃഗീയതയെന്ന പ്രയോഗം തന്നെ ശരിയല്ല. സഹജീവികളോടു മൃഗങ്ങൾ പ്രകടിപ്പിക്കുന്ന സഹാനുഭൂതിയും സ്നേഹവും കാണാറുള്ളതല്ലേ. അതിനുള്ള മനസ്സുപോലും സഹപാഠികൾ അടക്കമുള്ള ക്രിമിനൽ കൂട്ടം സിദ്ധാർഥനോടു കാണിച്ചില്ല. 

കലയോടും സാഹിത്യത്തോടും സാംസ്കാരികതയോടുമുള്ള വിദ്യാർഥികളുടെ ആഭിമുഖ്യം വളർത്തുന്നവരായി ഊറ്റം കൊള്ളുന്ന വിദ്യാർഥി സംഘടനയുടെ നേതാക്കൾ തന്നെ ഇത്തരം കഴിവുകളെല്ലാമുള്ള ഒരു കു‍ട്ടിയോട് അസൂയപ്പെടുക, അതു വൈരാഗ്യമായി വളർത്തുക, എന്നിട്ടു 3 ദിവസം ചവിട്ടിക്കൂട്ടി പട്ടിണിക്കിട്ടു കെട്ടിത്തൂക്കി കൊലപ്പെടുത്തുക... ഇത്തരം സാഹചര്യങ്ങളിൽ പീഡനം  സഹിക്കാൻ കഴിയാതെ, അധ്യാപകരും സർവകലാശാല അധികാരികളും പീഡകർക്ക് ഒപ്പമാണെന്ന തിരിച്ചറിവോടെ അപമാനഭാരത്തോടെ കുട്ടികൾ ആത്മഹത്യ ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. അത്തരം കേസുകൾ പോലും നിയമത്തിന്റെ മുന്നിൽ കൊലപാതകത്തിനു സമാനമായ സാഹചര്യത്തിലാണു വിചാരണയ്ക്കു വരുന്നത്.

കോടതിയിൽ പോലും നീച ഇടപെടലുകൾ

സിദ്ധാർഥനെ കൊലപ്പെടുത്തിയ പ്രതികളെ മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്യാൻ തയാറെടുക്കുമ്പോൾ ഭരണകക്ഷി നേതാക്കൾ തന്നെ അവിടെ എത്തിയതായും പൊലീസ് അതിനു കൂട്ടുനിന്നതായും റിപ്പോ‍ർട്ടുകളുണ്ട്. കക്ഷിരാഷ്ട്രീയ സമ്മർദം അതിജീവിച്ച് സാധാരണ മനുഷ്യർക്കു നീതി ഉറപ്പാക്കാൻ കേരളത്തിലെ മജിസ്ട്രേട്ട് കോടതികൾ ഒരുക്കുന്ന പ്രതിരോധം പോലും തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം നീച ഇടപെടലുകൾ. കോടതിമുറിയിൽ ചില ഭരണപക്ഷ അഭിഭാഷക സംഘടനകളുടെ ഒത്താശയോടെ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങൾ ഒരുവശത്തു നടക്കുന്നുണ്ട്, ഇവിടെയിതാ മജിസ്ട്രേട്ടിന്റെ വീട്ടിൽ പോലും പ്രതികളെ സംരക്ഷിക്കാൻനേരിട്ടെത്തുന്നു.

ബോധപൂർവം പരുക്കേൽപിക്കുക (ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323–ാം വകുപ്പ്) ആയുധം ഉപയോഗിച്ചു പരിക്കേൽപിക്കുക(324), ബോധപൂർവം ഗുരുതരമായി പരുക്കേൽപിക്കുക (325), ആയുധം ഉപയോഗിച്ചു ഗുരുതരമായി പരുക്കേൽപിക്കുക( 326), കൊലപാതകശ്രമം (307), ന്യായവിരോധത്താൽ സംഘം ചേർന്നു കൊലപ്പെടുത്തുക (302 –149) ഇത്രയും വകുപ്പുകൾ ചേർക്കാതെ ഈ കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ കഴിയില്ല. അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടുപോയാൽ ഗൂഢാലോചനാക്കുറ്റവും തെളിവുനശിപ്പിച്ച കുറ്റവും ഉൾപ്പെടുത്തേണ്ടിവരും.

∙ കേരള ഹൈക്കോടതി മുൻ ജഡ്ജിയാണ് ലേഖകൻ

English Summary:

Justice B. Kemal Pasha says js siddarth's murder is mob lynching

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com