ADVERTISEMENT

തിരുവനന്തപുരം ∙ സുപ്രീംകോടതിയുടെ ഇടപെടലിലൂടെ അടിയന്തരമായി 13,608 കോടി രൂപ ലഭിക്കുമെങ്കിലും കേരളത്തിനു കാര്യമായ നേട്ടമില്ല. കാരണം, സുപ്രീംകോടതിയിൽ ഹർജിയുമായി പോയില്ലായിരുന്നെങ്കിൽ ഇൗ തുക മുൻപുതന്നെ ലഭിക്കുമായിരുന്നു. ഇൗ മാസത്തെ ശമ്പളം മുടങ്ങുന്നത് ഒഴിവാക്കാനും കഴിയുമായിരുന്നു. ഹർജിയിൽ കേരളം ഉന്നയിച്ച കാതലായ വിഷയത്തിൽ തീരുമാനമുണ്ടായിട്ടില്ല. അക്കാര്യത്തിൽ വീണ്ടും ചർച്ച നടത്താൻ നിർദേശിച്ചിരിക്കുകയാണു കോടതി.

സാമ്പത്തികവർഷം അവസാനിക്കാൻ 25 ദിവസം മാത്രം ശേഷിക്കെ അധികസഹായം ലഭിച്ചില്ലെങ്കിൽ സർക്കാരിന്റെ നില പരുങ്ങലിലാകും. 13,608 കോടി കൊണ്ടു വർഷാന്ത്യ ചെലവുകൾ നിറവേറ്റാൻ കഴിയില്ല. കേന്ദ്രത്തിൽനിന്നു കൂടുതൽ സഹായം ലഭിക്കുമെന്നു തന്നെയാണു പ്രതീക്ഷ. കേന്ദ്രം സമ്മതിച്ച 13,608 കോടി ഇൗയാഴ്ചയോ അടുത്തയാഴ്ചയോ കടമെടുക്കാൻ കഴിയില്ല. കേന്ദ്രം റിസർവ് ബാങ്കിനെ അറിയിച്ച്, സംസ്ഥാനം വിജ്ഞാപനം ചെയ്ത് ഇൗ മാസം 19നാണ് ഇനി കടമെടുക്കാൻ കഴിയുക.

കേരളം ആവശ്യപ്പെട്ടത്: കടമെടുപ്പിനുമേൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കണമെന്നാണു ഹർജിയിലെ മുഖ്യ ആവശ്യം. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന കേന്ദ്ര ഇടപെടലുകൾ അവസാനിപ്പിക്കുകയും വേണം. ഇൗ ആവശ്യവുമായി കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനമാണു കേരളം. ഇതു കേന്ദ്രത്തെ ചൊടിപ്പിച്ചു. കേസ് പിൻവലിക്കാതെ അർഹമായ സഹായം പോലും നൽകില്ലെന്ന നിലപാട് കേന്ദ്രം കൈക്കൊണ്ടു. 

കേന്ദ്രത്തിൽനിന്നു കിട്ടുന്നത്: വൈദ്യുതി വിതരണ മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കിയതിന് 4,866 കോടി, പബ്ലിക് അക്കൗണ്ടിലെ നിക്ഷേപം ക്രമപ്പെടുത്തിയതു വഴി 4,323 കോടി, കഴിഞ്ഞ വർഷത്തെ വായ്‌പാനുമതിയിൽ ബാക്കിനിൽക്കുന്ന 1,877 കോടി, പുനർവായ്‌പാ ഇനത്തിൽ 2,543 കോടി എന്നിങ്ങനെയാണ് ആകെ 13,609 കോടി കടമെടുക്കാൻ അനുമതി ലഭിക്കേണ്ടിയിരുന്നത്. ഈ തുക നൽകാമെന്നാണ് കേന്ദ്രം ഇന്നലെ സമ്മതിച്ചത്. ഫലത്തിൽ, ഒരു രൂപ പോലും അധികം നൽകാതെ തന്ത്രപൂർവം തർക്കം അവസാനിപ്പിക്കാനാണു കേന്ദ്രം ശ്രമിച്ചത്.

English Summary:

Kerala government may get thirteen crore from central government through the intervention of Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com