ADVERTISEMENT

തിരുവനന്തപുരം ∙ ജനങ്ങൾ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ വന്യമൃഗ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സേവനം കൂടി ഉപയോഗപ്പെടുത്തും. മുഖ്യമന്ത്രി–മന്ത്രി തലങ്ങളിലും ഉദ്യോഗസ്ഥ തലത്തിലുമായി 4 സമിതികൾ ജില്ലാ, പ്രാദേശിക തലത്തിലടക്കം രൂപീകരിക്കും. 

പ്രശ്നമേഖലകളിൽ നിലവിലുള്ള ജാഗ്രതാസമിതികളായിരിക്കും പ്രാദേശിക തലത്തിൽ നടപടി സ്വീകരിക്കുക. ഇവർ ജില്ലാ സമിതിയുടെ നിർദേശപ്രകാരം പ്രവർത്തിക്കണം. അടിയന്തര സാഹചര്യത്തിൽ നടപടി സ്വീകരിച്ചശേഷം ജില്ലാസമിതിയുടെ അംഗീകാരം തേടിയാൽ മതി.

ചീഫ് വൈൽഡ്‌ലൈഫ് വാർഡനെ മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള നോഡൽ ഓഫിസറാക്കും. വനം വകുപ്പ് ആസ്ഥാനത്ത് കൺട്രോൾ റൂം പ്രവർത്തിക്കും. വന്യജീവി ആക്രമണം നേരിടാൻ കിഫ്ബി വഴി നേരത്തേ അനുവദിച്ച 100 കോടി രൂപയ്ക്കു പുറമേ 110 കോടി കൂടി അനുവദിച്ചു.

പ്രശ്നമേഖലകളിൽ ജനങ്ങൾക്കു മുന്നറിയിപ്പ് നൽകാൻ വാട്സാപ് ഗ്രൂപ്പുകൾ രൂപീകരിക്കും; കൂടുതൽ താൽക്കാലിക വാച്ചർമാരെയും നിയോഗിക്കും. പ്രശ്നം നേരിടുന്നതിൽ പരിചയമുള്ള ഉദ്യോഗസ്ഥരെ ഈ പ്രദേശങ്ങളിൽ നിയമിക്കാൻ വനം മേധാവിയെ ചുമതലപ്പെടുത്തി.

വനത്തോടു ചേർന്നുകിടക്കുന്ന ഭൂമിയിലെ കുറ്റിക്കാട് നീക്കാൻ ഉടമസ്ഥർക്കു നിർദേശം നൽകും. റാപ്പിഡ് റെസ്പോൺസ് ടീമുകൾ കൂടുതൽ ജീവനക്കാരും ഉപകരണങ്ങളും വാഹനങ്ങളുമായി ശക്തിപ്പെടുത്തും. വനത്തിൽ മൃഗങ്ങൾക്കു ജലലഭ്യത ഉറപ്പാക്കും. ഇതിന് താൽക്കാലിക സംവിധാനം വേണ്ട സ്ഥലങ്ങൾ വനംവകുപ്പ് നിർദേശിക്കണം. പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ തുക കണ്ടെത്തും.

നഷ്ടപരിഹാരത്തുക എത്രയും വേഗം നൽകാൻ വനം മേധാവിയെ ചുമതലപ്പെടുത്തി. ഇതിന്റെ പുരോഗതി വനം സെക്രട്ടറി വിലയിരുത്തണം. ഇതു ട്രഷറി നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കുന്നതു പരിഗണിക്കും.

തോട്ടം മേഖലയിൽ രാത്രിയാത്ര വേണ്ട

മൂന്നാർ ∙ വന്യമൃഗശല്യം രൂക്ഷമായ തോട്ടം മേഖലകളിലേക്കു രാത്രി എട്ടിനു ശേഷം യാത്ര നിയന്ത്രിക്കാൻ മൂന്നാറിൽ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനം. വിനോദസഞ്ചാരികളുടെ അനധികൃത രാത്രികാല സഫാരി പൊലീസ് സഹായത്തോടെ നിരോധിക്കും. തോട്ടം തൊഴിലാളികളടക്കമുള്ളവർ എസ്റ്റേറ്റിലെ വീടുകളിൽ രാത്രി എട്ടിനു മുൻപു പ്രവേശിക്കണം. തോട്ടം മേഖലയിൽ എഐ ക്യാമറകൾ സ്ഥാപിക്കും. 

നിലമ്പൂരിൽ യുവാവിനെ കരടി കടിച്ചു

നിലമ്പൂർ ∙ ഉൾവനത്തിൽ തേൻ ശേഖരിക്കാൻ പോയ ആദിവാസി യുവാവിനെ കരടി ആക്രമിച്ചു. പാലക്കയം കാട്ടുനായ്ക്കർ വിഭാഗം കോളനിയിലെ അഖിലിനെ (23) നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.

ആഢ്യൻപാറയിൽനിന്ന് 10 കിലോമീറ്റർ അകലെ പന്തീരായിരം ഏക്കർ മേഖലയിലെ ചോലഭാഗത്ത് തേൻ ശേഖരിക്കാൻ പോയവർക്കു നേരെ കരടി പാഞ്ഞടുക്കുകയായിരുന്നു. എല്ലാവരും ഓടി മരത്തിൽക്കയറിയെങ്കിലും അഖിലിന്റെ വലതു കാൽപാദത്തിൽ കരടി കടിച്ചു. 

കക്കയത്ത് ജനരോഷം; പോസ്റ്റ്മോർട്ടം ഇന്ന്

കോഴിക്കോട് ∙ കക്കയത്ത് കാട്ടുപോത്തിന്റെ കുത്തേറ്റു മരിച്ച കർഷകൻ പാലാട്ടിയിൽ ഏബ്രഹാമിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും.  കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാനും കാട്ടുപോത്തിനെ വെടിവച്ചുകൊല്ലാനും തീരുമാനമുണ്ടാകാതെ ഇൻക്വസ്റ്റുമായി സഹകരിക്കില്ലെന്നു ബന്ധുക്കൾ അറിയിച്ചിരുന്നു.  പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയതു സംഘർഷാവസ്ഥയുണ്ടാക്കി. എം.കെ.രാഘവൻ എംപിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി കലക്ടറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. 

50 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബാംഗത്തിനു ജോലി, കാട്ടുപോത്തിനെ കൊല്ലുക, വന്യമൃഗ ആക്രമണം തടയാൻ വേലി തുടങ്ങിയവയാണ് ജനങ്ങളുടെ ആവശ്യങ്ങൾ. 10 ലക്ഷം നൽകാമെന്നും ബാക്കി പണവും ജോലി സംബന്ധിച്ച ശുപാർശയും സർക്കാരിലേക്ക് അയയ്ക്കാമെന്ന് കലക്ടർ പറഞ്ഞു. കാട്ടുപോത്തിനെ നിരീക്ഷിച്ച ശേഷം വെടിവയ്ക്കാനും തീരുമാനമായി. ജീവനോടെ പിടികൂടാൻ സാധിച്ചില്ലെങ്കിൽ മാത്രം വെടിവച്ചു കൊല്ലാമെന്നായിരുന്നു ആദ്യ ഉത്തരവ്.

സംസ്ഥാന ദുരന്തമായാൽ

∙ വകുപ്പുകൾക്കു കൂടുതൽ ഏകോപനത്തോടെ പ്രവർത്തിക്കാം. 

∙ ഓരോ പ്രദേശത്തിനും പ്രത്യേക നിയന്ത്രണ സംവിധാനം; വേഗം നടപടി. 

∙ ദുരന്തനിവാരണ അതോറിറ്റി ഫണ്ട് ഉപയോഗിച്ച് കാലതാമസമില്ലാതെ നഷ്ടപരിഹാരം നൽകാം.

English Summary:

Wild animal attacks state disaster; control room to be opened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com