ADVERTISEMENT

കോതമംഗലം ∙ വീട്ടമ്മ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നു നഗരത്തിലുണ്ടായ യുഡിഎഫ് പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട കേസുകളിൽ ഹാജരാകാൻ ആവശ്യപ്പെട്ടു മാത്യു കുഴൽനാടൻ എംഎൽഎയ്ക്കു വീണ്ടും പൊലീസ് നോട്ടിസ്. 

പൈങ്ങോട്ടൂർ ആയങ്കരയിലെ വീടിന്റെ മുൻവാതിലിൽ ഇന്നലെ ഉച്ചയ്ക്കു നോട്ടിസ് പതിക്കുകയായിരുന്നു. ഈ സമയം എംഎൽഎ വീട്ടിലുണ്ടായിരുന്നില്ല. കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നെങ്കിലും എത്തിയ ഉദ്യോഗസ്ഥൻ ആരെയും വിളിക്കാതെ അടഞ്ഞുകിടന്ന വാതിലിൽ 3 നോട്ടിസ് പതിച്ചു. 3 കേസുകളുടെ അന്വേഷണത്തിനായി തിങ്കളാഴ്ച രാവിലെ 10 ന് അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാകാനാണു നിർദേശം. 

പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട കേസുകളിൽ കോടതി ജാമ്യം അനുവദിച്ചതോടെയാണ് അന്വേഷണത്തിനു സ്റ്റേഷനിൽ ഹാജരാകാൻ നോട്ടിസ് നൽകിയത്. കഴിഞ്ഞ വ്യാഴാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ എംഎൽഎയോടും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനോടും പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചിരുന്നു. അതിനാലാണു വീണ്ടും നോട്ടിസ്. തിങ്കളാഴ്ച വൈകിട്ടു 4നു ഹാജരാകാൻ ആവശ്യപ്പെട്ടു ഡിസിസി പ്രസിഡന്റിനു വെള്ളിയാഴ്ച തന്നെ നോട്ടിസ് നൽകിയിരുന്നു. 

കേസിൽ 26 പേരാണ് ഇതുവരെ അറസ്റ്റിലായത്. 24 പേർക്കും ജാമ്യം ലഭിച്ചു. 2 പേർ റിമാൻഡിലായി. നിയമപ്രകാരമുള്ള നടപടികൾ പാലിച്ചു മാത്രമേ ഇനി അറസ്റ്റ് പാടുള്ളൂവെന്നു കോടതി നിർദേശമുള്ളതിനാൽ കണ്ടാലറിയാവുന്ന മറ്റു പ്രതികൾക്കു പൊലീസ് നോട്ടിസ് നൽകിവരികയാണ്. എൽദോസ് കുന്നപ്പിള്ളി എംഎൽഎയും യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറവും ഉൾപ്പെടെയുള്ളവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

English Summary:

Protest in Kothamangalam: Police Notice Against Mathew Kuzhalnadan MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com