ADVERTISEMENT

തിരുവനന്തപുരം ∙ ഒരു മാസത്തെ ക്ഷേമ പെൻഷനായ 1,600 രൂപ സർക്കാർ ഇൗ മാസം 15 മുതൽ വിതരണം ചെയ്യും. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെ 6 മാസത്തെ ക്ഷേമ പെൻഷനാണു നൽകാനുള്ളത്. തിരഞ്ഞെടുപ്പ് അടുക്കുന്നതു കണക്കിലെടുത്താണു സാമ്പത്തിക പ്രതിസന്ധി നോക്കാതെ ഒരു മാസത്തെ പെൻഷൻ അടിയന്തരമായി നൽകാൻ തീരുമാനിച്ചത്. അടുത്ത മാസം മുതൽ പെൻഷൻ അതതു മാസം നൽകുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി. എന്നാൽ, കുടിശിക തീർത്ത ശേഷമാണോ അതതു മാസ വിതരണം ആരംഭിക്കുകയെന്നു ധനവകുപ്പ് വ്യക്തമാക്കുന്നില്ല. ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനു പിന്നാലെ ഒന്നോ രണ്ടോ ഗഡു കൂടി നൽകാനും ആലോചനയുണ്ട്. 

പെൻഷൻ വിതരണത്തിനും മറ്റ് അടിയന്തര ചെലവുകൾക്കുമായി 5,000 കോടി രൂപ ഇന്നു പൊതുവിപണിയിൽനിന്നു സർക്കാർ കടമെടുക്കും. 30 വർഷത്തെ തിരിച്ചടവു കാലാവധിയിൽ 2,000 കോടി രൂപയും 20 വർഷത്തേക്ക് 2,000 കോടി രൂപയും 10 വർഷത്തേക്ക് 1,000 കോടി രൂപയുമാണു കടമെടുക്കുന്നത്. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം വഴി 2 മാസത്തെ പെൻഷൻ വിതരണത്തിന് ആവശ്യമായ 1,500 കോടി രൂപ കടമെടുക്കാൻ ശ്രമിച്ചെങ്കിലും 300 കോടി മാത്രമേ ലഭിച്ചുള്ളൂ. 

കേരളത്തിന് അർഹമായ 13,608 കോടി രൂപ അനുവദിക്കാൻ സുപ്രീംകോടതി ഇടപെടലിനെ തുടർന്നു കേന്ദ്ര സർക്കാർ സമ്മതമറിയിച്ചിരുന്നു. ഇതിൽ 8,742 കോടി രൂപ കടമെടുക്കാൻ അനുമതിക്കത്ത് ലഭിച്ചു. ഇതിൽ നിന്നാണ് 5,000 കോടി രൂപ എടുക്കുന്നത്. 

ബാക്കി 4,866 കോടി രൂപ വൈദ്യുതി വിതരണ മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കിയ വകയിൽ കടമെടുക്കാൻ കഴിയുന്ന തുകയാണ്. കേന്ദ്ര ഉൗർജ മന്ത്രാലയത്തിൽ കിടക്കുന്ന ഇൗ ഫയൽ ധനവകുപ്പിലെത്തി തീരുമാനമെടുത്ത് റിസർവ് ബാങ്കിനെ അറിയിക്കുക എന്ന നടപടിക്രമം ബാക്കിയാണ്. ഇതു പൂർത്തിയാക്കാൻ ശ്രമം നടത്തുന്നുണ്ട്. 19,351 കോടിയുടെ വായ്പ കൂടി അംഗീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൻമേൽ സുപ്രീംകോടതിയുടെ തീരുമാനം കാത്തിരിക്കുകയാണു കേരളം.

English Summary:

One month welfare pension from march 15

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com