ADVERTISEMENT

തിരുവനന്തപുരം ∙ നാമനിർദേശപ്പത്രിക സമർപ്പണം തീരുന്നതിനു 10 ദിവസം മുൻപു വരെ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അവസരമുണ്ട്. 18 വയസ്സ് തികഞ്ഞ ഇന്ത്യൻ പൗരർക്കാണു യോഗ്യത. അപേക്ഷിക്കുന്ന പോളിങ് പ്രദേശത്തെ താമസക്കാരാകണം. 

നാലുണ്ട് വഴി

തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടൽ, വോട്ടർ ഹെൽപ്‌ലൈൻ ആപ് (VOTER HELPLINE APP) എന്നിവ വഴിയോ ബൂത്ത് ലവൽ ഓഫിസറെ (ബിഎൽഒ) നേരിട്ട് ബന്ധപ്പെട്ടോ സമ്മതിദായക സേവനകേന്ദ്രം സന്ദർശിച്ചോ അപേക്ഷ നൽകാം.

സൈറ്റ് വഴി അപേക്ഷിക്കാൻ

∙ voters.eci.gov.in/signup എന്ന ലിങ്കിൽ മൊബൈൽ നമ്പർ നൽകി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിൻ ചെയ്യുക. 

∙ New registration for general electors (Form 6) എന്ന ഓപ്ഷൻ തുറക്കുക 

∙ Select State... എന്നതിനു കീഴിൽ സംസ്ഥാനം തിരഞ്ഞെടുക്കുക. ജില്ല, പാർലമെന്റ്, നിയമസഭാ മണ്ഡലങ്ങൾ അടക്കമുള്ളവ നൽകുക. 

∙ വ്യക്തിവിവരങ്ങൾ, ജനനത്തീയതിയും വിലാസവും തെളിയിക്കുന്ന രേഖകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ അപ്‍ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കണം. നിർദിഷ്ടകോളത്തിൽ ആധാർ ഇല്ലെന്നു വ്യക്തമാക്കിയാലേ മറ്റ് രേഖകൾ അനുവദിക്കൂ. ഫോം അപ്‍ലോഡ് ചെയ്തശേഷം പോർട്ടലിലും ആപ്പിലും സ്ഥിതി അറിയാം. അധികൃതർ പരിശോധനയ്ക്കുശേഷം ആവശ്യമെങ്കിൽ ഹിയറിങ് നടത്തി പട്ടികയിൽ ചേർക്കും. തിരിച്ചറിയൽ കാർഡ് (EPIC) തപാലിൽ അയയ്ക്കും. ഇലക്ട്രോണിക് EPIC കാർഡ് പോർട്ടൽ, ആപ് വഴി ഡൗൺലോഡും ചെയ്യാം.

ആപ്പ് വഴി

ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ ആപ്സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് VOTER HELPLINE APP മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഫോണിൽ വരുന്ന ഒടിപി ഉപയോഗിച്ച് ലോഗിൻ റജിസ്ട്രേഷൻ പൂ‍ർത്തിയാക്കാം. തുടർന്നു പോർട്ടലിൽ വിവരങ്ങൾ നൽകിയ അതേ മാതൃകയിൽ വോട്ടറായി റജിസ്റ്റർ ചെയ്യാം. 

സേവന കേന്ദ്രം

തിരഞ്ഞെടുപ്പ് കമ്മിഷനാണു സമ്മതിദായക സേവന കേന്ദ്രങ്ങൾ സംഘടിപ്പിക്കുന്നത്. ഇവ സജ്ജമാക്കും മുൻപ് കമ്മിഷൻ മുൻകൂട്ടി വിവരം അറിയിക്കും. 

ബിഎൽഒ വഴി

voters.eci.gov.in എന്ന പോർട്ടലിൽ Booth Level officers List പരിശോധിച്ച് മണ്ഡലത്തിലെ ബിഎൽഒയെ കണ്ടെത്താം. സംസ്ഥാനം, ജില്ല, നിയമസഭാ മണ്ഡലം, ബൂത്തിന്റെ പേര് എന്നിവ നൽകിയാൽ ഈ ഓഫിസറുടെ പേരും ഔദ്യോഗിക വിലാസവും ഫോൺ നമ്പറും ലഭിക്കും. തുടർന്ന് അദ്ദേഹത്തിനു നേരിട്ടു രേഖകൾ സമർപ്പിക്കാം. 

English Summary:

Option to apply online and offline for including in voters list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com