ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ഹൃദയ ചികിത്സ ഉപകരണങ്ങളുടെ വിതരണം ഏജൻസികൾ ഇന്നലെ പൂർണമായി അവസാനിപ്പിച്ചതോടെ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, പേസ് മേക്കർ എന്നീ ചികിത്സകൾ മുടങ്ങും. 

ഇപ്പോഴത്തെ അവസ്ഥയിൽ ഒരാഴ്ച കഴിയുമ്പോൾ സ്ഥിതി രൂക്ഷമാകുമെന്ന് കാർഡിയോളജിസ്റ്റുകൾ വ്യക്തമാക്കി. ഒരു മാസത്തേക്കുള്ള സ്റ്റെന്റ് സ്റ്റോക്ക് ഉണ്ടെങ്കിലും അനുബന്ധമായി വേണ്ട ബലൂൺ, വയർ എന്നിവ നാമമാത്രമായേ ഉള്ളൂ. ഇവ തീർന്നാൽ സർക്കാർ ആശുപത്രികളിലെ ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും നിർത്തിവയ്ക്കും. സർക്കാർ മേഖലയിൽ ഈ പരിശോധനയും ചികിത്സയും ഉള്ള 19 ആശുപത്രികളിൽ നിന്ന് ഏജൻസികൾക്കു കുടിശിക ലഭിക്കാനുണ്ട്.

ഉപകരണങ്ങൾ വിതരണം ചെയ്ത ഏജൻസികൾക്ക്  143.08 കോടി രൂപയാണു കുടിശിക. 2023 ഡിസംബർ 31 വരെയുള്ള രണ്ടു വർഷത്തെ കണക്കാണിത്. ഈ തുക മാർച്ച് 31 നു മുൻപു വിതരണം ചെയ്തില്ലെങ്കിൽ സ്റ്റെന്റ്, പേസ്മേക്കർ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ വിതരണം നിർത്തിവയ്ക്കുമെന്ന് 17നു തന്നെ ചേംബർ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫ് മെഡിക്കൽ ഇംപ്ലാന്റ്സ് ആൻഡ് ഡിസ്പോസബിൾസ് (സിഡിഎംഐഡി) ആശുപത്രികൾക്കു കത്തയച്ചു. കൂടാതെ ആരോഗ്യ വകുപ്പിനു കത്തു നൽകി. എന്നാൽ ചർച്ചയ്ക്കു വിളിക്കാൻ പോലും സർക്കാർ തയാറായില്ലെന്ന് സിഡിഎംഐഡി ഭാരവാഹികൾ കുറ്റപ്പെടുത്തി. 

ഹൃദയശസ്ത്രക്രിയ ഉപകരണങ്ങൾ നൽകിയ വകയിൽ 10 വർഷത്തെ പലവിധ കുടിശികകൾ ഉണ്ട്. എന്നാൽ കഴിഞ്ഞ 2 വർഷത്തെ തുകയെങ്കിലും ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനിടെ ഏജൻസികളെ ഒഴിവാക്കി നേരിട്ട് സ്റ്റെന്റ് വാങ്ങാൻ സർക്കാർ ആലോചിച്ചു. ഇതിനായി കേരള മെഡിക്കൽ സർവീസസ് കോർപറേഷനെയാണ് ചുമതലപ്പെടുത്തിയത്. അവർ നടത്തിയ അന്വേഷണത്തിൽ കമ്പനികൾ നേരിട്ട് ഉപകരണങ്ങൾ നൽകില്ല. 

ഇപ്പോഴുള്ള ഏജൻസികളെ തന്നെ കെഎംഎസ്‌സിഎല്ലിനും ആശ്രയിക്കേണ്ടിവരും. മരുന്ന് കമ്പനികൾക്കു കോടികൾ കുടിശികയാക്കി കെഎംഎസ്‌സിഎല്ലുമായി സഹകരിക്കില്ലെന്ന് ഏജൻസികൾ  അനൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary:

Suppliers not to distribute stent to government hospitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com