ADVERTISEMENT

കോഴിക്കോട് ∙ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിതയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും മെഡിക്കൽ കോളജ് അധികൃതർ നാലാംദിവസവും നടപ്പാക്കിയില്ല. മെഡിക്കൽ കോളജ് ഐസിയുവിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട യുവതിക്ക് അനുകൂല നിലപാട് എടുത്തതിന്റെ പേരിലാണ് അനിതയെ ഇടുക്കിയിലേക്കു സ്ഥലം മാറ്റിയത്. ഇതിനിടെ, ഉത്തരവ് പുനഃപരിശോധിക്കാൻ ഹൈക്കോടതിയെ സമീപിക്കാനും സർക്കാർ ഒരുങ്ങുന്നു. 

അനിതയെ ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജിൽ തിരികെ പ്രവേശിപ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതുമായി 4 ദിവസമായി അനിത എത്തുന്നുണ്ടെങ്കിലും ജോലിയിൽ പ്രവേശിപ്പിച്ചിട്ടില്ല. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചാലേ ജോലിയിൽ പ്രവേശിപ്പിക്കാൻ സാധിക്കൂവെന്നും തനിക്കു സ്വന്തമായി ഉത്തരവ് ഇറക്കാനാകില്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ) കോഴിക്കോട് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.സുജിത്ത് ശ്രീനിവാസനെ അറിയിച്ചു. 

മെഡിക്കൽ കോളജ് ഐസിയുവിൽ 2023 മാർച്ച് 18നു ശസ്ത്രക്രിയ കഴിഞ്ഞ് അർധബോധാവസ്ഥയിലായിരിക്കെയാണു ജീവനക്കാരൻ യുവതിയെ പീഡിപ്പിച്ചത്. പരാതി നൽകിയ യുവതിയെ മൊഴി മാറ്റിക്കാൻ 6 വനിതാ ജീവനക്കാർ ഭീഷണിപ്പെടുത്തിയ സംഭവം അധികൃതർക്ക് അനിത റിപ്പോർട്ട് ചെയ്തു. തുടർന്ന് 6 പേരെയും സസ്പെൻഡ് ചെയ്തു. പ്രത്യേക അന്വേഷണ സമിതിക്കും പൊലീസിനും മുൻപിൽ ഭീഷണി സ്ഥിരീകരിച്ചു മൊഴി നൽകിയ അനിതയെയും ചീഫ് നഴ്സിങ് ഓഫിസർ, നഴ്സിങ് സൂപ്രണ്ട് എന്നിവരെയും സ്ഥലം മാറ്റി. അനിത ഒഴികെയുള്ളവർക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽനിന്ന് സ്റ്റേ ലഭിക്കുകയും അവർ തിരികെ ജോലിയിൽ കയറുകയും ചെയ്തു. അനിതയ്ക്കു നിയമനം നൽകാൻ കോഴിക്കോട്ട് ഒഴിവില്ല എന്നായിരുന്നു സർക്കാർ വാദം. മറ്റൊരാൾക്ക് അതിനകം കോഴിക്കോട്ട് നിയമനം നൽകി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അനിതയെ കുറ്റവിമുക്തയാക്കിയ കോടതി, സർവീസ് റെക്കോർഡിൽ ഇക്കാര്യങ്ങൾ രേഖപ്പെടുത്തരുതെന്നും നിർദേശിച്ചു. 5 ജീവനക്കാരുടെ പേരെഴുതി നൽകിയതിനു യൂണിയൻ നേതാവ് അനിതയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതെക്കുറിച്ച് അനിത പ്രിൻസിപ്പലിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. 

പി.ബി.അനിതയുടെ പ്രശ്നം ഉന്നയിക്കാൻ ആരോഗ്യ മന്ത്രിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ ലഭിച്ചില്ല. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയെ വിളിച്ചപ്പോഴാണു വിധി പുനഃപരിശോധിപ്പിക്കാൻ ശ്രമിക്കുകയാണെന്ന വിചിത്രമായ സർക്കാർ നിലപാട് അറിയാൻ കഴിഞ്ഞത്. നീതിയുടെ പക്ഷത്തു നിന്നത് അനിത ചെയ്ത വലിയ തെറ്റായി മാറിയിരിക്കുന്നു. 

 

English Summary:

Kozhikode Medical College authorities did not reinstate senior nursing officer PB Anitha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com