ADVERTISEMENT

പത്തനംതിട്ട ∙ ജയ്പുരിൽ 10ന് തുടങ്ങുന്ന ഓൾ ഇന്ത്യ ടൈംടേബിൾ കമ്മിറ്റി യോഗത്തിൽ‌ കേരളത്തിനായി 2 പുതിയ ട്രെയിനുകൾ ദക്ഷിണ റെയിൽവേ ശുപാർശ ചെയ്തു. കൊച്ചുവേളിയിൽനിന്നു ബെംഗളൂരു, ഗുവാഹത്തി പ്രതിവാര ട്രെയിനുകളാണു തിരുവനന്തപുരം ഡിവിഷൻ ആവശ്യപ്പെട്ടത്. അതേസമയം, മലബാർ മേഖലയിൽനിന്നു പുതിയ ട്രെയിനുകളൊന്നും പാലക്കാട് ഡിവിഷൻ ശുപാർശ ചെയ്തില്ലെന്ന് ആക്ഷേപമുണ്ട്. ബെംഗളൂരു–കോയമ്പത്തൂർ ഉദയ് എക്സ്പ്രസ് പൊള്ളാച്ചി വഴി പാലക്കാട് വരെ നീട്ടാനുള്ള നിർദേശം മാത്രമാണുള്ളത്. കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ചില ട്രെയിനുകൾ മംഗളൂരുവിലേക്കു നീട്ടുക, കോഴിക്കോട്–എറണാകുളം മെമു സർവീസ്, പാലക്കാട്–പൊള്ളാച്ചി പാതയിൽ കൂടുതൽ ട്രെയിനുകൾ എന്നീ ആവശ്യങ്ങൾ പരിഗണിച്ചിട്ടേയില്ല. തമിഴ്നാട്ടിലെ വിവിധ ഡിവിഷനുകളിലായി 8 പുതിയ ട്രെയിനുകളാണ് ശുപാർശ ചെയ്തിരിക്കുന്നത്. 

മുംബൈയിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കാൻ നിർദേശങ്ങളുണ്ടെങ്കിലും കൊങ്കൺ വഴി പുതിയ ട്രെയിൻ ചോദിച്ചിട്ടില്ല. കന്യാകുമാരി–പുണെ ജയന്തി മുംബൈയിലേക്കു നീട്ടുക, കൊച്ചുവേളി–കുർള ബൈ വീക‍്‍ലി ആഴ്ചയിൽ 5 ദിവസമാക്കുക എന്നിവയാണു നിർദേശങ്ങൾ. ധൻബാദ്– ആലപ്പി എക്സ്പ്രസ് കൊച്ചുവേളിയിലേക്കു നീട്ടാനുള്ള ശുപാർശ ആലപ്പുഴയിൽ നിന്ന് മണിക്കൂറുകളോളം തലസ്ഥാനത്തേക്കു ട്രെയിനില്ലെന്ന പ്രശ്നത്തിന് പരിഹാരമാകും. കോച്ചുകൾ കൂട്ടാനായി പരശുറാം എക്സ്പ്രസ് നാഗർകോവിലിൽനിന്നു കന്യാകുമാരിയിലേക്കു നീട്ടും. എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന 2 പുണെ ട്രെയിനുകൾ കോട്ടയത്തേക്കു നീട്ടാനും നിർദേശമുണ്ട്. 

വഞ്ചിനാട്, ഇന്റർസിറ്റി എന്നിവ രാവിലെ തിരുവനന്തപുരത്ത് നേരത്തേ എത്തിക്കാനായി ചെന്നൈ–തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് കൊച്ചുവേളിയിലേക്കു മാറ്റും. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾക്കു മറ്റു സോണുകൾ ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും ദക്ഷിണ റെയിൽവേ പട്ടിക കൈമാറിയിട്ടില്ല. തിരുവനന്തപുരത്തു നിന്നു ബെംഗളൂരു, മുംബൈ, ഡൽഹി റൂട്ടുകളിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കണമെന്നാണു കേരളത്തിന്റെ ആവശ്യം. 

English Summary:

Southern Railway has recommended 2 new Trains for Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com