ADVERTISEMENT

കോട്ടയം ∙ ജില്ലയിൽ താപനില 38.7 ഡിഗ്രി സെൽഷ്യസ് ആയി. വരുംദിവസങ്ങളിൽ 40 ഡിഗ്രി പിന്നിടുമെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ 2 ദിവസമായി 38 ഡിഗ്രി താപനിലയാണു ജില്ലയിലുള്ളതെന്നു ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കു വ്യക്തമാക്കുന്നു. കഠിനമായ വരൾച്ചമാസമായി ഏപ്രിൽ മാറിയേക്കാമെന്നാണു കരുതുന്നത്. ഇടയ്ക്കു വേനൽമഴ ലഭിച്ചെങ്കിലും പിന്നാലെ ചൂടു കനത്തു.

നെല്ലും പച്ചക്കറികളും ഉൾപ്പെടെയുള്ള വിളകളുടെ ഉൽപാദനം കുറഞ്ഞേക്കാം. പസിഫിക് സമുദ്ര താപനില കൂട്ടുന്ന എൽനിനോയ്ക്കൊപ്പം പരിസ്ഥിതിയിലുണ്ടായ മാറ്റങ്ങളും ചേർന്നാണു ചൂടു രൂക്ഷമായി മാറിയതെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. ഒരാഴ്ചയ്ക്കുള്ളിൽ ജില്ലയിൽ കടുത്ത ചൂടും അതിരൂക്ഷ ജലക്ഷാമവും അനുഭവപ്പെടുമെന്നും നിരീക്ഷകർ പറയുന്നു.

സംസ്ഥാനത്ത് ഈ വർഷത്തെ റെക്കോർഡ് ചൂട് ഇന്നലെ പാലക്കാട്‌ രേഖപ്പെടുത്തി ( 41.5 ഡിഗ്രി സെൽഷ്യസ്). 2019 നു ശേഷം ആദ്യമായാണ് സംസ്ഥാനത്ത് 41 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില രേഖപ്പെടുത്തുന്നത്.

സംസ്ഥാനത്ത് വേനൽമഴ ഒറ്റപ്പെട്ട ഇടങ്ങളിൽ ലഭിക്കുമെങ്കിലും കനത്ത ചൂട് തുടരും. താപനില ഉയരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ 10 വരെ യെലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ 40 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയേക്കാം.

English Summary:

Temperature 38.7 degrees in Kottayam district

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com