ADVERTISEMENT

കൊച്ചി∙ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഇടുക്കിയിലേക്കു സ്ഥലം മാറ്റപ്പെട്ട സീനിയർ നഴ്സിങ് ഓഫിസർ പി.ബി. അനിതയ്ക്കു കോഴിക്കോട്ടു പുനർനിയമനം നൽകിയ ഉത്തരവു സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് അനിത നൽകിയ കോടതിയലക്ഷ്യ ഹർജി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തീർപ്പാക്കി. അതേസമയം, അനിതയെ കോഴിക്കോട്ട് തിരികെ പ്രവേശിപ്പിക്കണമെന്ന മുൻ ഉത്തരവു പുനഃപരിശോധിക്കാൻ സർക്കാർ നൽകിയ റിവ്യൂ ഹർജി വേനലവധിക്കു ശേഷം പരിഗണിക്കും.

കോഴിക്കോട് ഐസിയു പീഡനക്കേസിൽ സാക്ഷിയായ അനിതയെ ജനുവരിയിൽ ഇടുക്കിയിലേക്കു സ്ഥലംമാറ്റിയതാണു നിയമ നടപടിയിലെത്തിയത്. സർക്കാരിൽ നൽകിയ അപേക്ഷയും കെഎടിയിൽ നൽകിയ ഹർജിയും ഫലം കാണാതെ വന്നതിനെത്തുടർന്നു ഹൈക്കോടതിയിൽ അപ്പീൽ നൽകി അനുകൂല ഉത്തരവു നേടിയിരുന്നു. ഈ നിർദേശം നടപ്പാക്കിയില്ലെന്നാരോപിച്ച് അനിത കോടതിയലക്ഷ്യ ഹർജി നൽകിയ പിന്നാലെ മുൻ ഉത്തരവു പുനഃപരിശോധിക്കാൻ സർക്കാർ റിവ്യൂ ഹർജിയും നൽകി.

ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അനിത സമരവും തുടങ്ങിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി ശനിയാഴ്ച സർക്കാർ ഉത്തരവ് ഇറക്കിയതിനെത്തുടർന്നു ഞായറാഴ്ച അനിത കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിച്ചു. അവിടുത്തെ ഏക വിരമിക്കൽ ഒഴിവിലേക്ക് അനിതയേക്കാൾ അർഹതയുള്ളവർ സ്ഥലംമാറ്റം ചോദിച്ചിട്ടുള്ളതിനാൽ കോടതി ഉത്തരവ് നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടെന്നു കാണിച്ചാണു സർക്കാരിന്റെ റിവ്യൂ ഹർജി. കോഴിക്കോട്ടേക്കു 18 പേർ ചോദിച്ചിട്ടുണ്ടെന്നും ഔട്ട്സ്റ്റേഷൻ സർവീസ് കൂടുതലുള്ളവരും പ്രായമായ കടുംബാംഗങ്ങളെ പരിചരിക്കേണ്ടവരും കൂട്ടത്തിലുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

English Summary:

High court to takeup nurse anitha's case after vacation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com