ADVERTISEMENT

തിരഞ്ഞെടുപ്പിനെക്കുറിച്ചും ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നു വന്ന വിവാദങ്ങളെക്കുറിച്ചും കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണി ‘മലയാള മനോരമ’യോടു സംസാരിച്ചു. പ്രസക്തഭാഗങ്ങൾ. 

Q കഴിഞ്ഞ തവണത്തെ 19 സീറ്റ് എന്ന നേട്ടം അമിത പ്രതീക്ഷയുടെ ഭാരം യുഡിഎഫിന് നൽകുന്നുണ്ടോ?

A ഒട്ടുമില്ല. അന്നു നഷ്ടപ്പെട്ട ആലപ്പുഴയിൽ കെ.സി.വേണുഗോപാൽ വന്നതോടെ ആ സീറ്റും യുഡിഎഫിന്റെ കയ്യിലായി. 5 സീറ്റിൽ മത്സരം നടക്കുന്നുണ്ട്. 15 സീറ്റ് യുഡിഎഫ് ഉറപ്പിച്ചു കഴിഞ്ഞു. 

Q ഏതാണ് ആ 5 സീറ്റുകൾ? 

A അതിപ്പോൾ പറയുന്നില്ല. പക്ഷേ ഒന്നു പോലും തോൽക്കുന്ന സീറ്റല്ല. മത്സരമുണ്ടെന്നു മാത്രം.  

Q രാഹുൽ ഫാക്ടർ ഇത്തവണ ഇല്ലെന്നും ഇന്ത്യാസഖ്യത്തിന്റെ നേതൃത്വം കോൺഗ്രസിന് അല്ലെന്നുമാണല്ലോ ഇടതുപക്ഷം പറയുന്നത്? 

A കേരളത്തിലെ സിപിഎം മാത്രമല്ലേ അതു പറയൂ. കേരളത്തിനു പുറത്ത് സിപിഎം അടക്കം എല്ലാ പ്രതിപക്ഷ പാർട്ടികളും ആദ്യം ആഗ്രഹിക്കുന്നത് രാഹുൽ ഗാന്ധിയുടെ സാന്നിധ്യമാണ്. തമിഴ്നാടിൽ സിപിഎം മത്സരിക്കുന്ന 2 സീറ്റുകളിൽ സ്റ്റാലിന്റെയും രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ ഒരുമിച്ചാണുള്ളത്. കേരള മുഖ്യമന്ത്രിക്ക് തമിഴ്നാട്ടിലേക്ക് ക്ഷണമില്ല. കോൺഗ്രസിനെതിരെ സംസാരിച്ച് ഞങ്ങളെ ചതിക്കരുതെന്നാണ് അവരുടെ അപേക്ഷ.  

Q ദേശീയ തലത്തിൽ ഇന്ത്യാസഖ്യത്തിന് എത്രമാത്രം മുന്നോട്ടു വരാൻ കഴിയും? 

A ഇന്ത്യാസഖ്യം വന്നതോടെ ബിജെപിയെ തോൽപിക്കാം എന്ന ആത്മവിശ്വാസമുണ്ടായി. കഴിഞ്ഞ 2–3 ആഴ്ചകൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിലെ ചിത്രം മാറി.  ബിജെപിയുടെ ഗ്രാഫ് ഇപ്പോൾ താഴേയ്ക്കാണ്. ഇന്ത്യാസഖ്യം മുന്നോട്ടും. പ്രധാനമന്ത്രി ക്ഷീണിതനാണെന്ന് അദ്ദേഹത്തിന്റെ പരിപാടികൾ തെളിയിക്കുന്നു. തെക്കേ ഇന്ത്യ പൂർണമായും ‘ഇന്ത്യ’യ്ക്കൊപ്പമാണ്. 

Q രാഹുൽ ഗാന്ധി മത്സരിക്കേണ്ടത് സിപിഐക്കെതിരെ വയനാട്ടിലാണോ? 

A രാഹുൽ ഗാന്ധി കഴിഞ്ഞ തവണ വയനാട്ടിൽ അല്ലേ മത്സരിച്ചതും ജയിച്ചതും? എന്നിട്ട് വയനാടിനെ കൈവിട്ടാൽ അത് ഉണ്ടാക്കുന്ന മുറിവോ? 

Q രണ്ടാമതൊരു സീറ്റിൽ ബിജെപിക്കെതിരെ രാഹുൽ  മത്സരിക്കാനുള്ള സാധ്യത ഉണ്ടോ? 

A ആ തീരുമാനം രാഹുലിനും പ്രിയങ്കയ്ക്കും കോൺഗ്രസ് വിട്ടുകൊടുത്തിരിക്കുകയാണ്. ഇന്ത്യാസഖ്യത്തിന്റെ താരപ്രചാരകൻ രാഹുലാണ്. ബിജെപി ഭയക്കുന്നതും അദ്ദേഹത്തെ തന്നെയാണ്. 8 സംസ്ഥാനങ്ങളിലായി 20 കേസുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. 

Q ഭാരത് ജോഡോ യാത്ര, ന്യായ് യാത്ര തുടങ്ങിയവയിലെ രാഹുലിനെ ശ്രദ്ധിച്ചു കാണുമല്ലോ? നേതാവ് എന്ന നിലയിൽ അദ്ദേഹം എങ്ങനെയാണ് മാറിക്കൊണ്ടിരിക്കുന്നത്? 

A ഇത്തവണ രാഹുൽ എടുത്ത നിലപാട് ശ്രദ്ധിക്കൂ. എത്ര സീറ്റിൽ കോൺഗ്രസ് മത്സരിക്കുക എന്നതല്ല, ബിജെപിയെ തോൽപിക്കുകയാകണം ലക്ഷ്യം എന്നാണ്. അതുകൊണ്ട് സീറ്റുകളുടെ കാര്യത്തിൽ പരമാവധി വിട്ടുവീഴ്ച വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. ആദ്യം ഇതു പലർക്കും ദഹിച്ചില്ല. കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കുറച്ചു സീറ്റിലാണ് മത്സരിക്കുന്നത്. 300 ന് തൊട്ടു മുകളിൽ. ആ വിട്ടുവീഴ്ച കൊണ്ടാണ് 28 പാർട്ടികളുടെ ഇന്ത്യാസഖ്യം ഉണ്ടായത്.  രാഹുൽ ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രിയങ്കരനായ നേതാവാണ്. 

‘അനിലിനെക്കുറിച്ച് പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു’

Q അനിൽ ആന്റണി മത്സരിക്കുന്ന പത്തനംതിട്ടയിൽ പ്രചാരണത്തിന് പോകുന്നതിനെക്കുറിച്ച് സസ്പെൻസ് തുടരുകയാണല്ലോ?  

A ഞാൻ പ്രചാരണത്തിനു പോകുന്നെങ്കിൽ തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ വരെ പോകും. എന്റെ നാടായ ആലപ്പുഴ വരെ എങ്കിലും പോകേണ്ടേ? പക്ഷേ ആരോഗ്യപ്രശ്നങ്ങളുണ്ട്. അതുകൊണ്ട് സാധിക്കുമോയെന്ന് ഇപ്പോഴും ഉറപ്പില്ല. 

Q മനസ്സു കൊണ്ട്  പോകണം എന്നു തന്നെയാണെന്നാണോ? 

A ആഗ്രഹമുണ്ട്. പക്ഷേ ശാരീരികമായി കഴിയുമോ എന്ന് ഇപ്പോഴും ഉറപ്പില്ല. 

Q അനിൽ തോൽക്കണം എന്ന താങ്കളുടെ പ്രസ്താവനക്കെതിരെ മകൻ നടത്തിയ പ്രതികരണങ്ങൾ വേദനിപ്പിച്ചോ?

A അനിലുമായി ബന്ധപ്പെട്ട ചർച്ച തുടർന്നു കൊണ്ടു പോകാൻ ആഗ്രഹിക്കുന്നില്ല. പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു. അതൊരു റണ്ണിങ് കമന്ററി ആക്കേണ്ട.  

Q അനിലിനെതിരെ മറ്റു ചില ആരോപണങ്ങളും ഉരുണ്ടു കൂടി വരുന്നുണ്ടല്ലോ? അതിന്റെ മുന താങ്കൾക്കെതിരെയും ഇല്ലേ? 

A അതു ബന്ധപ്പെട്ടവരോടു ചോദിക്കൂ. വിവാദങ്ങൾ എനിക്ക് പുതുമയല്ല. 

Q മകന്റെ ഭാവി സുരക്ഷിതമാക്കാൻ താങ്കളും കൂടി ചേർന്നുള്ള നീക്കങ്ങളാണു നടന്നതെന്നുപോലും പ്രചാരണമുണ്ടായി? 

A കോൺഗ്രസ് മാത്രമേ എന്റെ വിശ്വാസ പ്രമാണങ്ങളിൽ ഉള്ളൂ. എന്റെ വിശ്വാസ്യത ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഞാൻ കോൺഗ്രസുകാരനായി തന്നെ മരിക്കും. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലാകെ  കോൺഗ്രസിനുണ്ടായ തോൽവിയുടെ പേരിൽ പോലും എനിക്ക് ആക്ഷേപങ്ങൾ കേൾക്കേണ്ടി വന്നില്ലേ. സഖ്യങ്ങളുടെ ചുമതല എനിക്കാണെന്നു പറഞ്ഞ് സംഘടിത ആക്രമണമല്ലേ സോഷ്യൽ മീഡിയയിൽ നടന്നത്.

English Summary:

AK Antony says about Loksabha election 2024 and the controversies arisen in recent days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com