ADVERTISEMENT

അതൊരു തികഞ്ഞ പ്രചാരണയാത്രയായിരുന്നില്ല. പരിചയം പുതുക്കുന്ന ഒന്നിച്ചിരിപ്പുകൾ, സഹപ്രവർത്തകരോടൊപ്പം സ്നേഹത്തിലും ശാസനയിലും തീർത്ത വിലയിരുത്തൽ, രണ്ടു പൊതുപരിപാടികൾ. പത്തനംതിട്ട ജില്ലയിൽ പകൽ പര്യടനമായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ ടൈംടേബിൾ. തിരുവനന്തപുരഹത്തുനിന്ന് ചെങ്ങന്നൂരിൽ വേണാട് എക്സ്പ്രസിറങ്ങിയത് ആളകമ്പടിയില്ലാതെ. സിമന്റ് ബെഞ്ചുകളിൽ നിന്നു യാത്രക്കാരുടെ അഭിവാദ്യം, മറുചിരി. ആദ്യയാത്ര ചില സ്വകാര്യ സന്ദർശനങ്ങളിലേക്ക്. സമയക്രമം കൃത്യം.   

പ്രാതൽമേശയിൽ സർ സി.പിയുടെ ക്രൂരതകൾ മുതൽ അടിയന്തരാവസ്ഥ വരെ വിഷയങ്ങൾ. സർവകലാശാലകളുടെ സ്ഥിതിയും ഒടുവിൽ വായിച്ച പുസ്തകങ്ങളും വന്നുകയറുന്നു. നെല്ലാട്ട് പലവിധ ആരോഗ്യ പ്രശ്നങ്ങളുള്ളവർ പാർക്കുന്ന സ്ഥാപനം കണ്ടിറങ്ങുമ്പോൾ ചിരിമാഞ്ഞു, മുഖം മാറി. ഇതുവരെയുള്ള അഹങ്കാരം മാറിക്കിട്ടി – ആരോടെന്നില്ലാതെ പറഞ്ഞു. വെണ്ണിക്കുളം പടുതോട്. മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ.കുര്യന്റെ വീട്ടിൽ പറഞ്ഞ സമയത്ത് എത്തിയപ്പോൾ ഗൃഹനാഥനും ആശ്ചര്യം. ബൂത്ത് കൺവൻഷനിൽ വരെ പങ്കെടുത്ത പി.ജെ.കുര്യൻ അടിത്തട്ടു മുതലുള്ള ഫീഡ്ബാക്ക് കൊടുത്തു. ആത്മവിശ്വാസത്തിനൊപ്പം എവിടെ, എന്തൊക്കെ ചെയ്യണമെന്ന നിർദേശങ്ങൾ പങ്കുവച്ചു.

യാത്രതുടരുമ്പോൾ ഫോണിലേക്കു വിളികൾ വരുന്നു. കോൺഗ്രസ് പ്രകടനപത്രികയെപ്പറ്റി മുഖ്യമന്ത്രിയുടെ പ്രസ്താവനയുണ്ട്. പത്തനംതിട്ടയിൽ മാധ്യമങ്ങൾ പ്രതികരണം തേടാൻ നിൽക്കുന്നു. മുഖ്യമന്ത്രി പറഞ്ഞതിന്റെ വിശദാംശങ്ങൾ ഫോണിലേക്കു വരുന്നു. എ.കെ.ആന്റണിയുടെ വാക്കുകൾ വലിയ വാർത്തയായെന്നും മകനും എൻഡിഎ സ്ഥാനാർഥിയുമായ അനിൽ ആന്റണിയുടെ പ്രതികരണമുണ്ടെന്നും കൂടി അറിയുന്നു. മൈലപ്രയിൽ, തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടെ യോഗത്തിലേക്ക്. ക്യാമറകൾക്കു മുന്നിൽ മൂർച്ചയുള്ള ഗൗരവം പൂണ്ടു. ‘കേരള സ്റ്റോറി വിഷയം ഒരു കെണിയാണ്. മതനിരപേക്ഷ കേരളം അതിൽ വീഴരുത്.’ അനിൽ ആന്റണിയുടെ വാക്കുകളോടു പ്രതികരണം: ‘എ.കെ.ആന്റണിയുടെ ശരീരവും മനസ്സും രക്തവും കോൺഗ്രസാണ്.

‘മതന്യൂനപക്ഷങ്ങളോടുള്ള കോൺഗ്രസ് സമീപനം പ്രകടനപത്രികയിലുണ്ട്. ഭരണഘടനാവിരുദ്ധമായ എല്ലാ നിയമങ്ങളും റദ്ദാക്കുമെന്നു പറയുന്നുണ്ട്. പൗരത്വ നിയമ ഭേദഗതി റദ്ദാക്കുമെന്നു രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞതാണ്. എന്നിട്ടും മുഖ്യമന്ത്രി പറയുന്നത് ആർഎസ്എസിനെ സുഖിപ്പിക്കാനാണ്. പ്രവർത്തനാവലോകനത്തിൽ തിരുത്തിയും ശാസിച്ചും എല്ലാം ശരിയാക്കി.   ബൂത്ത് തലം വരെയെത്തിയ പരിശോധനകളിൽ പ്രതിപക്ഷ നേതാവിനു സംതൃപ്തി. 

കോന്നിയിലെ പൂങ്കാവിൽ പൊതുയോഗം, ആറന്മുളയിലെ പുല്ലാട്ട് ‘ആന്റോ ആന്റണിക്കൊരു വീട്ടുമുറ്റം’ എന്ന കുടുംബംഗമം – ഇവയിലും പങ്കെടുത്തു. കുടുംബസംഗമത്തിൽ സ്ത്രീകൾക്കാണു ഭൂരിപക്ഷം. ഗ്യാസ് വിലയിൽ തെറ്റിയ ഗാരന്റിയും പൂക്കോട് കൊല്ലപ്പെട്ട സിദ്ധാർഥിന്റെ അമ്മയുടെ വേദനയും പറഞ്ഞ് സതീശൻ ഒരേസമയം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു നേരെ ഇരുതല മൂർച്ചയുള്ള വാളാകുന്നു.

English Summary:

Opposition leader VD Satheesan at Pathanathitta for loksabha election 2024 campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com