ADVERTISEMENT

കൽപറ്റ ∙ ജെ.എസ്.സിദ്ധാർഥന്റെ മരണം കൊലപാതകമാണെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ സംഘം ഡമ്മി പരിശോധന നടത്തി. സിദ്ധാർഥന്റെ ഉയരവും ഭാരവുമുള്ള ഡമ്മിയുമായി മൃതദേഹം കണ്ടെത്തിയ ഹോസ്റ്റൽ ശുചിമുറിയിൽ ഉൾ‌പ്പെടെയായിരുന്നു പരിശോധന. മരണകാരണം ആത്മഹത്യയാണോ ആരെങ്കിലും കെട്ടിത്തൂക്കിയതാണോ എന്നുറപ്പിക്കുന്നതിൽ ഡമ്മി പരീക്ഷണം നിർണായകമാകും. 

ഡിഐജി ലൗലി കട്യാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സംസ്ഥാന പൊലീസിന്റെ ഫൊറൻസിക് ടീമും സിബിഐയിലെ വിദഗ്ധരും ഉണ്ടായിരുന്നു. സിദ്ധാർഥനെ പ്രതികൾ മർദിച്ച നടുത്തളവും ഹോസ്റ്റലിലെ 21ാം നമ്പർ മുറിയും സംഘം വിശദമായി പരിശോധിച്ചു. മൃതദേഹം ശുചിമുറിയിൽ കണ്ടതിനു ശേഷം നടന്നുവെന്നു പറയപ്പെടുന്ന സംഭവങ്ങളെല്ലാം ഡമ്മി പരീക്ഷണത്തിലൂടെ പുനരാവിഷ്കരിച്ചു. മൃതദേഹം ആദ്യമായി കണ്ട വിദ്യാർഥികളോടും ജീവനക്കാരോടും മൊഴിയെടുപ്പിനു ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. ആദ്യം കേസ് അന്വേഷിച്ച കൽപറ്റ ഡിവൈഎസ്പി എൻ.കെ. സജീവനും സംഘത്തോടൊപ്പം ഉണ്ട്. കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്കു മാറ്റാൻ അന്വേഷണസംഘം കൽപറ്റ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. 

കൂടുതൽ പ്രതികൾ ഉണ്ടാവും

സിദ്ധാർഥനെ മർദിച്ചതിലും ആൾക്കൂട്ട വിചാരണ നടത്തിയതിലും കൂടുതൽ പേർ ഉൾപ്പെട്ടതായി സിബിഐ സംഘത്തിനു മൊഴി ലഭിച്ചു. ഇതോടെ, സംഭവത്തിൽ ഇനിയും വിദ്യാർഥികൾ പ്രതികളാകുമെന്ന സൂചന ശക്തമായി. ശക്തമായ തെളിവുകൾ കിട്ടിയാലുടൻ അറസ്റ്റ് നടപടികളിലേക്കു നീങ്ങാനാണു സാധ്യത. പെൺകുട്ടികളുൾപ്പെടെയുള്ള ചിലരെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കാൻ വലിയ രാഷ്ട്രീയ സമ്മർദവും സ്വാധീനവും ചെലുത്തുന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു.

സിദ്ധാർഥൻ തൂങ്ങിമരിക്കാൻ ഉപയോഗിച്ചെന്നു പറയപ്പെടുന്ന മുണ്ട്, മൃതദേഹം പോസ്റ്റ്മോർട്ടത്തിനെത്തിച്ചപ്പോൾ ഒപ്പമുണ്ടായിരുന്നില്ലെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശവും പൊലീസ് അന്വേഷണത്തിൽ പിന്നീട് മുണ്ട് കണ്ടെടുക്കാൻ വൈകിയതും മരണകാരണം ദുരൂഹമെന്നതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സിദ്ധാർഥൻ ശുചിമുറിയിലേക്കു പോകുന്നത് ഒരു വിദ്യാർഥി മാത്രമാണു കണ്ടതെന്നതും സംശയത്തിനിട നൽകി. വാതിൽ ചവിട്ടിപ്പൊളിച്ചാണു മൃതദേഹം പുറത്തെത്തിച്ചതെന്നതിൽ ചില വിദ്യാർഥികൾ നൽകിയ മൊഴികളിലെ വൈരുധ്യവും കണക്കിലെടുക്കും. 

English Summary:

CBI conducted dummy test on Siddharthan's death case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com