ADVERTISEMENT

കോതമംഗലം ∙ നാട്ടിലിറങ്ങിയ കാട്ടാന കിണറ്റിൽ വീണു കുടുങ്ങിയതു 16 മണിക്കൂറോളം. കോട്ടപ്പടി പഞ്ചായത്തിലെ പ്ലാച്ചേരി തോടിനു സമീപം വടക്കുംഭാഗം പൂലാഞ്ഞി കുഞ്ഞപ്പന്റെ പുരയിടത്തിലെ കിണറ്റിലാണു വെള്ളിയാഴ്ച പുലർച്ചെ 1.30ന് ആന വീണത്. ഇന്നലെ വൈകിട്ടാണ് ആനയെ കരയ്ക്കു കയറ്റി കാട്ടിലേക്കോടിച്ചത്. 

കോട്ടപ്പാറ വനമേഖലയിൽ നിന്നു 3 കിലോമീറ്റർ അകലെ ജനവാസ മേഖലയിലാണ് ആന വീണത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുണ്ടാക്കിയ വഴിയിലൂടെയാണ് ഒടുവിൽ ആനയെ രക്ഷപ്പെടുത്തിയത്. നേരിയ പരുക്കുകൾ ഉണ്ടെങ്കിലും 10 വയസ്സിലേറെ പ്രായമുള്ള കുട്ടിക്കൊമ്പൻ ആരോഗ്യവാനാണെന്നു വനംവകുപ്പ് അധികൃതർ പറഞ്ഞു.

ഉദ്യോഗസ്ഥർ കാട്ടാനയെ രക്ഷപ്പെടുത്തി വിടാൻ നടത്തിയ ആദ്യനീക്കം നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. പതിവായി നാട്ടിലിറങ്ങി ശല്യമുണ്ടാക്കുന്ന ആനയാണിതെന്നും മയക്കുവെടി വച്ചു പിടിച്ച് ഉൾക്കാട്ടിൽ വിടണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം.

തുടർന്ന്, ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ചർച്ച ആരംഭിച്ചു. ചർച്ചയിൽ മയക്കുവെടി വച്ച് ആനയെ പിടിക്കാൻ തീരുമാനിച്ചു. എന്നാൽ മയക്കുവെടി വച്ചു പിടികൂടി ഉൾക്കാട്ടിലേക്കു വിടണമെന്ന ആവശ്യത്തിൽ നിന്നു അധികൃതർ പിൻമാറിയത് വിവാദത്തിനും പ്രതിഷേധത്തിനും വഴിവച്ചു. ഒടുവിൽ, കോട്ടപ്പടി പഞ്ചായത്തിലെ 4 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചശേഷം മണ്ണുമാന്തി യന്ത്രം എത്തിച്ചു.

വൈകിട്ട് 5ന് കിണർ ഇടിച്ചു വഴിയൊരുക്കി ആനയെ പുറത്ത് എത്തിച്ചു. ആനയെ ജനവാസ മേഖലയിലൂടെ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ചും ബഹളമുണ്ടാക്കിയും കാട്ടിലേക്കു തുരത്തിയതും കനത്ത പ്രതിഷേധത്തിനിടയാക്കി.

English Summary:

Wild elephant that fell in the well was rescued and sent to the forest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com