ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക് സേവനമായ കെ ഫോണിന്റെ വാണിജ്യ കണക്‌ഷനെടുക്കാൻ താൽപര്യമറിയിച്ച സ്ഥാപനങ്ങളിൽ 90 ശതമാനവും പിൻവാങ്ങി. കണക്‌ഷൻ നൽകുന്നതിലുണ്ടായ താമസമാണു കാരണം. കഴിഞ്ഞ ജൂണിൽ പദ്ധതി ഉദ്ഘാടനം ചെയ്തു മൂന്നുമാസത്തിനകം 1.34 ലക്ഷം സ്ഥാപനങ്ങളാണു മൊബൈൽ ആപ്ലിക്കേഷൻ വഴി കണക്‌ഷനു വേണ്ടി റജിസ്റ്റർ ചെയ്തത്. ഇവരെ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബന്ധപ്പെട്ടപ്പോഴാണ് 10% ഒഴികെയുള്ളവർ മറ്റു കണക്‌ഷൻ എടുത്തെന്നു വ്യക്തമായത്.

ഗാർഹിക കണക്‌ഷനു വേണ്ടിയുള്ള 52,000 റജിസ്ട്രേഷനുകളും ആപ്പിൽ ലഭിച്ചിരുന്നു. ഇവയുടെ സ്ഥിതിയെന്തെന്ന പരിശോധനയിലാണു കെ ഫോൺ. കഴിഞ്ഞ ജൂണിൽ താരിഫ് പ്രഖ്യാപിച്ചതാണെങ്കിലും ഇതുവരെ 5000 വാണിജ്യ കണക്‌ഷൻ മാത്രമേ നൽകാനായിട്ടുള്ളൂ. 14,000 ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യ കണക്‌ഷൻ നൽകാൻ പദ്ധതിയിട്ടതിൽ 7000 കണക്‌ഷൻ മാത്രമാണു പൂർത്തീകരിച്ചതെന്നും കരാറെടുത്ത കമ്പനി പിന്മാറിയെന്നും മനോരമ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. പദ്ധതി നടത്തിപ്പിൽ സംഭവിച്ച വലിയ പിഴവിലേക്കാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്.

ബിസിനസ് പിടിക്കാൻ ബെംഗളൂരു ആസ്ഥാനമായ കമ്പനിക്ക് കമ്മിഷൻ അടിസ്ഥാനത്തിൽ കരാർ നൽകിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. ഉപയോഗിക്കാത്ത ഫൈബറുകൾ (ഡാർക്ക് ഫൈബർ) ടെലികോം ഓപ്പറേറ്റർമാർക്കു വാടകയ്ക്കു നൽകുന്നതിലൂടെ വലിയ വരുമാനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ 2023ൽ 10,000 കി.മീ. ഡാർക്ക് ഫൈബർ വാടകയ്ക്കു നൽകാൻ ലക്ഷ്യമിട്ടെങ്കിലും നൽകാനായത് 4,300 കി.മീ. മാത്രം.

സർക്കാർ ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി കുറഞ്ഞ നിരക്കിൽ 30,000 കെ ഫോൺ കണക്‌ഷൻ നൽകിയിട്ടുണ്ട്. ഈ തുക ബജറ്റ് വിഹിതമായി നൽകുമെന്നായിരുന്നു വാഗ്ദാനമെങ്കിലും സർക്കാർ പിൻമാറി. മൂന്നുമാസം തുടർച്ചയായി കണക്‌ഷൻ ഉപയോഗിച്ച ഏഴായിരത്തോളം സ്ഥാപനങ്ങൾക്കു കെ ഫോൺ ആദ്യ ബിൽ നൽകിയിരുന്നു. പണം ആരു നൽകുമെന്ന ആശയക്കുഴപ്പം നിൽക്കുന്നതിനാൽ ഇവരാരും ബിൽ അടച്ചിട്ടില്ല.

പദ്ധതിക്കു വായ്പ നൽകിയ കിഫ്ബിക്കുള്ള തിരിച്ചടവ് ജൂലൈയിൽ തുടങ്ങേണ്ടതായിരുന്നെങ്കിലും സാമ്പത്തികനില കണക്കിലെടുത്ത് ഒക്ടോബർ വരെ സമയം നൽകിയിരിക്കുകയാണ്. 100 കോടി രൂപ വീതം 11 വർഷത്തേക്കു തിരിച്ചടയ്ക്കണം. ഇതുവരെ വരുമാനമുണ്ടാക്കിത്തുടങ്ങാത്ത സ്ഥിതിക്ക് തിരിച്ചടവ് പ്രതിസന്ധിയിലാകും. സർക്കാർ കഴിഞ്ഞവർഷം പദ്ധതിക്കായി നൽകിയത് 25 കോടി രൂപ മാത്രമാണ്.

English Summary:

90 percent firms withdraw from KFON project due to delay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com