ADVERTISEMENT

തൃപ്പൂണിത്തുറ∙ സംഗീതനഭസ്സിൽ ഇനി കെ.ജി.ജയൻ (ജയവിജയ) തിളങ്ങുന്ന നക്ഷത്രദീപം. ചലച്ചിത്രഗാന–ഭക്തിസംഗീത രംഗത്ത് ആസ്വാദകർ എന്നെന്നും ഓർക്കുന്ന ഒട്ടേറെ ഗാനങ്ങളൊരുക്കിയ സംഗീതജ്ഞനു കലാകേരളത്തിന്റെ വിട. അവിസ്മരണീയ ഗാനങ്ങളിലെ സ്വരമായി, ഓർമയായി അദ്ദേഹം ശേഷിക്കും. ചൊവ്വാഴ്ച അന്തരിച്ച ജയന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെയായിരുന്നു. മക്കളായ മനോജ് കെ.ജയനും ബിജു കെ.ജയനും ചിതയ്ക്കു തീകൊളുത്തി.

ഇന്നലെ രാവിലെ തൃപ്പൂണിത്തുറയിലെ വസതിയിൽ കൊണ്ടു വന്നപ്പോൾ അദ്ദേഹത്തെ അവസാനമായി ഒരുനോക്കു കാണാനും ആദരാഞ്ജലി അർപ്പിക്കാനും പ്രമുഖരടക്കം നൂറുകണക്കിനു പേർ എത്തി. മതാചാര പ്രകാരമുള്ള ചടങ്ങുകൾ പൂർത്തിയാക്കി 3 മണിയോടെ മൃതദേഹം പൊതുദർശനത്തിനായി ലായം കൂത്തമ്പലത്തിൽ എത്തിച്ചു. വസതിയിലും ശ്മശാനത്തിലും പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. 

സിനിമ - കലാസാംസ്കാരിക –രാഷ്ട്രീയ ലോകത്തെ ഒട്ടേറെ പേർ അന്ത്യോപചാരമർപ്പിച്ചു. മന്ത്രി പി. രാജീവ്, ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസ്, എംഎൽഎമാരായ കെ.ബാബു, ചാണ്ടി ഉമ്മൻ, മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളത്തെ എൻഡിഎ സ്ഥാനാർഥിയുമായ ഡോ.കെ.എസ്.രാധാകൃഷ്ണൻ, എൽഡിഎഫ് സ്ഥാനാർഥി കെ.ജെ.ഷൈൻ, നടന്മാരായ മമ്മൂട്ടി, ദിലീപ്, കുഞ്ചാക്കോ ബോബൻ, സിദ്ദീഖ്, ഇടവേള ബാബു, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ശങ്കർ, ടിനി ടോം, നടിമാരായ മാല പാർവതി, കലാരഞ്ജിനി, ഷാലു കുര്യൻ, സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ, നിർമാതാക്കളായ ലിസ്റ്റിൻ സ്റ്റീഫൻ, എം.രഞ്ജിത്ത്, പിന്നണി ഗായകരായ എം.ജി. ശ്രീകുമാർ, ഉണ്ണി മേനോൻ, വിജയ് യേശുദാസ്, ഗണേഷ് സുന്ദരം, ഗാനരചയിതാവ് ആർ.കെ.ദാമോദരൻ, സംഗീതജ്ഞൻ ടി.എസ്.രാധാകൃഷ്ണൻ, തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ രമാ സന്തോഷ് തുടങ്ങിയവർ വസതിയിലും ലായം കുത്തമ്പലത്തിലുമായി അന്തിമോപചാരം അർപ്പിക്കാനെത്തി.

ശരണം വിളികളോടെ ജയന് മടക്കയാത്ര

തൃപ്പൂണിത്തുറ ∙ മലയാളി മനസ്സുകൾക്കു ഏറെ ഭക്തിഗാനങ്ങൾ ഒരുക്കിയ സംഗീതജ്ഞൻ കെ.ജി. ജയന്റെ ചേതനയറ്റ ശരീരം അവസാനമായി കാണാൻ ആരാധകർ ഒഴുകിയെത്തി. സാംസ്കാരിക മന്ത്രി സജി ചെറിയാനു വേണ്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ പുഷ്പചക്രം അർപ്പിച്ചു. 

ലായം കൂത്തമ്പലത്തിൽ ഭൗതിക ശരീരം എത്തിച്ചപ്പോൾ ജയവിജയ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ നേർത്ത ശബ്ദത്തിൽ കേൾക്കാനായി. ലായം കൂത്തമ്പലത്തിൽ നിന്നു ശ്മശാനത്തിലേക്ക് എടുക്കുന്നതിനു മുൻപായി ശരണം വിളികൾ മുഴങ്ങി. ‘ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പ’ എന്നു പാടിയ ഭക്തനു ശരണം വിളികളുടെ പശ്ചാത്തലത്തിൽ മടക്കം. ശ്രീപൂർണത്രയീശ സംഗീതസഭ, ശ്രുതിലയ മ്യൂസിക് ക്ലബ്, മർച്ചന്റ്സ് യൂണിയൻ തുടങ്ങി നഗരത്തിലെ സംഘടന പ്രതിനിധികളും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

English Summary:

Homage to Musician KG Jayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com