ADVERTISEMENT

തുറവൂർ (ആലപ്പുഴ)∙ അരൂർ–തുറവൂർ ഉയരപ്പാത നിർമാണത്തിനു തൂണിനു മുകളിൽ ഇരുമ്പു ചട്ടക്കൂട് സ്ഥാപിക്കുന്നതിനിടെ ക്രെയിനിൽ നിന്നു വേർപെട്ട ഇരുമ്പുപാളി ദേഹത്തു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. തൂണിൽ നിന്നു താഴേക്കു ചാടിയതിനാൽ മറ്റു രണ്ടു തൊഴിലാളികൾ രക്ഷപ്പെട്ടു. ക്രെയിൻ പ്രവർത്തിപ്പിച്ചതിലെ പിശകാണ് അപകടത്തിനു കാരണമായതെന്നാണു കരുതുന്നത്. ഉത്തർപ്രദേശ് സ്വദേശിയായ ഓപ്പറേറ്റർ ഒളിവിലാണ്. മൊബൈൽ ഫോണിൽ സംസാരിച്ച് അലക്ഷ്യമായാണ് ഇയാൾ ക്രെയിൻ പ്രവർത്തിപ്പിച്ചതെന്ന് ആരോപിച്ചു തൊഴിലാളികൾ ക്രെയിൻ അടിച്ചു തകർത്തു.

ചമ്മനാടിനു സമീപം ഉയരപ്പാതയുടെ 230–ാം തൂണിന്റെ ജോലിക്കിടെ ഇന്നലെ രാവിലെ 11.30 ന് ഉണ്ടായ അപകടത്തിൽ ബിഹാർ പാങ്കോ കാങ്കാരിയോ സ്വദേശി സെയ്ദ് ആലം (29) ആണ് മരിച്ചത്. ക്രെയിൻ ഓപ്പറേറ്റർ യുപി അമിത്പുരി സ്വദേശി അമിത് കുമാറിനെതിരെ(31) കുത്തിയതോട് പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു.

∙ അപകടം  ഇങ്ങനെ

അപകടം നടക്കുമ്പോൾ 6 തൊഴിലാളികൾ താഴെയും സെയ്ദ് ആലം ഉൾപ്പെടെ മൂന്നുപേർ തൂണിനു മുകളിലും ഉണ്ടായിരുന്നു. തൂണിനു മുകളിൽ ‘വി’ ആകൃതിയിലുള്ള പിയർ ക്യാപ്പിന്റെ കോൺക്രീറ്റിങ് ജോലിയാണു ചെയ്യേണ്ടിയിരുന്നത്. ഇതിനായി ഇരുമ്പു കമ്പിക്കൂട് സജ്ജമാക്കിയിരുന്നു. പിയർ ക്യാപ്പിന്റെ 2 ഭാഗത്തും ഇരുമ്പുപാളി സ്ഥാപിച്ചു. അടുത്ത ഭാഗത്ത് സ്ഥാപിക്കാനായി ഇരുമ്പു പാളി ഉയർത്തുമ്പോൾ ക്രെയിനിൽ നിന്നു വേർപെട്ടു തൊഴിലാളികൾക്കു മേൽ പതിക്കുകയായിരുന്നു.

ഇതു കണ്ട രണ്ടു പേർ താഴേക്ക് എടുത്തുചാടി. പിയർ ക്യാപ്പിന്റ കമ്പിക്കൂടിനു സംരക്ഷണമായി സ്ഥാപിച്ച ഇരുമ്പു ദണ്ഡിലേക്കാണു പാളി വീണത്. ഒഴിഞ്ഞു മാറുന്നതിനു മുൻപ് ആലം ഈ ദണ്ഡിനും ഇരുമ്പുപാളിക്കും ഇടയിൽ പെടുകയായിരുന്നു. ഞെരിഞ്ഞമർന്ന ആലമിനെ രക്ഷിക്കാൻ തൊഴിലാളികൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ക്രെയിൻ ഓപ്പറേറ്റർ ഓടിപ്പോയതിനാൽ മറ്റൊരു ക്രെയിൻ എത്തിച്ചാണ് ഇരുമ്പുപാളി നീക്കി ആലമിനെ താഴെയിറക്കിയത്. തുറവൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

English Summary:

Worker met tragic end after an iron layer fell from crane

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com