ADVERTISEMENT

മൂന്നാർ ∙ ആദിവാസികളുടെ കർഷകഭൂമിയിലെ യൂക്കാലി മരങ്ങൾ ഉടമസ്ഥരെ അറിയിക്കാതെ മുറിച്ചുമാറ്റാൻ വനം വകുപ്പ് കരാർ നൽകിയതായി പരാതി. വട്ടവട പഞ്ചായത്തിലെ ഗോത്രവർഗ മേഖലയായ വത്സപ്പെട്ടി കുടി നിവാസികളാണ് ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാ കലക്ടർക്ക് പരാതി നൽകിയത്. നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വർഷങ്ങളായി തർക്കം നിലനിൽക്കുന്ന 59-ാം ബ്ലോക്കിൽ പെട്ട മേഖലയാണ് വത്സപ്പെട്ടി.

1901 ലെ സർക്കാർ നോട്ടിഫിക്കേഷനിൽ വനംവകുപ്പിന് 450 ഏക്കറും 1950 ലെ നോട്ടിഫിക്കേഷനിൽ 100 ഏക്കറും ചേർന്ന് 550 ഏക്കർ ഭൂമി മാത്രമാണ് വനം വകുപ്പിനുള്ളൂവെന്നും എന്നാൽ നിലവിൽ കർഷകരുടെ ഉൾപ്പെടെ 2200 ഹെക്ടർ ഭൂമി വനം വകുപ്പ് കൈവശം വച്ചിരിക്കുന്നുവെന്നുമാരോപിച്ച് ഗോത്രവർഗക്കാർ നൽകിയ പരാതിയെ തുടർന്ന് കലക്ടർ ഭൂമി അളക്കാൻ നിർദേശം നൽകിയിരുന്നു. തുടർന്ന് കൊട്ടാക്കമ്പൂർ വില്ലേജ് ഓഫിസർ സർവേനടപടികൾ പൂർത്തിയാക്കി കലക്ടർക്ക് റിപ്പോർട്ട് നൽകി. 

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വത്സപ്പെട്ടി കുടിയിലെ 157 കർഷകരുടെ വനം വകുപ്പ് കൈവശം വച്ചിരിക്കുന്ന ഭൂമി അളന്നു തിരിച്ചു നൽകാൻ റവന്യു  ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകിയതാണ്. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നടപടികൾ തുടങ്ങുന്നതിന് തടസ്സമായി. ഇതിനിടയിലാണ് ഗോത്രവർഗക്കാർ നട്ടുവളർത്തിയ ഗ്രാൻഡിസ് മരങ്ങൾ മുറിക്കാൻ കഴിഞ്ഞ ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥർ കരാർ നൽകിയതെന്ന് പരാതിയിൽ പറയുന്നത്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കെയാണ് കരാർ. 

എന്നാൽ വത്സപ്പെട്ടിയിലെ ഇക്കോ ഡവലപ്മെന്റ് കമ്മിറ്റിയുടെ ആവശ്യപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരം ഇ-ടെൻ‍ർ വഴിയാണ് 59-ാം നമ്പർ ബ്ലോക്കിലെ മരങ്ങൾ മുറിക്കാൻ കരാർ നൽകിയിരിക്കുന്നതെന്നും മരത്തിന്റെ വില ജിഎസ്ടിയുൾപ്പെടെയുള്ള ചെലവുകൾ കഴിഞ്ഞ് അതതു ഭൂഉടമകളായ ഗോത്രവർഗക്കാരുടെ അക്കൗണ്ട് വഴി അവർക്കു തന്നെ വിതരണം ചെയ്യുമെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

English Summary:

Tree felling of tribal lands: Complaint that forest department gave contract

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com