ADVERTISEMENT

കൊടുങ്ങല്ലൂർ ∙ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഫാഷിസ്റ്റ്, വംശീയ, ഏകാധിപത്യ സർക്കാരാണ് 10 വർഷമായി ഭരിക്കുന്നതെന്നും ആ ഭരണത്തെ തകർത്തെറിയാനുള്ള യുദ്ധമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ ആത്മാവ് വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ വോട്ടർമാർ ഉത്തരവാദിത്തം നിറവേറ്റണമെന്നും എറിയാട് ചേരമാൻ പറമ്പിലെ പൊതുസമ്മേളനത്തിൽ പ്രിയങ്ക അഭ്യർഥിച്ചു.

പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ:

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തുനിന്ന് രാഷ്ട്രീയത്തിനും വിവാദങ്ങൾക്കും ഉപരിയായി നമ്മുടെ രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന ചില കാര്യങ്ങൾ പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആത്മീയധാരകളുടെയും അതിജീവനശേഷിയുടെയും വൈവിധ്യത്തിന്റെയും നാടായ ഇന്ത്യ നമ്മുടെ അഭിമാനമാണ്. അതേസമയം, ഒരു ‘പുതിയ ഇന്ത്യ’ രൂപപ്പെട്ടുവരുന്നുവെന്നാണ് ചിലർ പറയുന്നത്. ഈ പുതിയ ഇന്ത്യ നീതിയെ അടിച്ചമർത്തുകയാണ്. തങ്ങൾക്കെതിരായ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ ലക്ഷക്കണക്കിനു കർഷകരെ ഭീകരരെന്നു വിളിച്ചു. 

ഈ പുതിയ രാജ്യത്ത് ഒരു സംസ്ഥാനത്ത് മാസങ്ങളോളം ഫോൺ, ഇന്റർനെറ്റ് സൗകര്യങ്ങൾ നിഷേധിച്ചു. ലഡാക്കിലെ ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾക്കുവേണ്ടി നിരാഹാരം നടത്തേണ്ടിവന്നു. ചൈന അതിക്രമിച്ചുകടന്നതിനെപ്പറ്റി അവർ പറഞ്ഞപ്പോൾ, ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് സർക്കാർ പറഞ്ഞത്.

സ്വാതന്ത്ര്യസമര സേനാനികൾ അവരുടെ രക്തം കൊണ്ടെഴുതിയ ഭരണഘടന മാറ്റിയെഴുതുമെന്ന് ഇതേ പുതിയ രാജ്യത്താണ് പ്രധാനമന്ത്രിയുടെ ആളുകൾ പറഞ്ഞുനടക്കുന്നത്. എതിരെ ശബ്ദിക്കുന്നവരെ തടവിലാക്കുന്നു. അഭിപ്രായം പറയുന്ന വിദ്യാർഥികളെ അറസ്റ്റ് ചെയ്യുന്നു. സത്യം പറയുന്ന മാധ്യമപ്രവർത്തകരെ ആ സ്ഥാപനങ്ങളുടെ നിയന്ത്രണം കൈക്കലാക്കി പുറത്താക്കുന്നു. 

പ്രതിപക്ഷ നേതാക്കളെ തടവിലാക്കുകയും പാർലമെന്റിൽനിന്നു പുറത്താക്കുകയും ചെയ്യുന്നു. സർക്കാർ ഏജൻസികളെ നിയമവിരുദ്ധമായ കൊള്ളയടി നടത്താനും എതിരാളികളെ അടിച്ചൊതുക്കാനുമാണ് ഉപയോഗിക്കുന്നത്. ഇതാണോ പുതിയ ഇന്ത്യ ? സമൂഹത്തെ ഭിന്നിപ്പിക്കാനാണ് പൗരത്വ നിയമം പാസാക്കിയത്. ചരിത്രം മാറ്റിയെഴുതുകയാണ്. എന്തു വസ്ത്രം ധരിക്കണമെന്നും ഏതു ഭാഷ സംസാരിക്കണമെന്നും ഏതു ദൈവത്തെ ആരാധിക്കണമെന്നും നിർദേശിക്കുകയാണ്. ചില സമുദായങ്ങളെ മൊത്തമായി വഞ്ചകരെന്നു മുദ്രകുത്തുന്നു.

യുവതികൾ ആരെ പ്രേമിക്കണമെന്നും ആരെ വിവാഹം കഴിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശവും അവർ കയ്യടക്കിയിരിക്കുകയാണ്. ഒളിംപിക് മെഡൽ നേടിയ താരങ്ങൾ തെരുവിൽ പ്രതിഷേധിക്കുന്ന സമയത്ത് അവരെ പീഡിപ്പിച്ചവരെ ന്യായീകരിക്കുകയായിരുന്നു പ്രധാനമന്ത്രി. മണിപ്പുരിൽ വനിതകളെ പീഡിപ്പിക്കുകയും നഗ്നരാക്കി നടത്തുകയും ചെയ്തു. എന്നിട്ടും താൻ വനിതകളുടെ അവകാശത്തിനു വേണ്ടി പോരാടുന്ന വ്യക്തിയാണെന്നു നമ്മൾ അംഗീകരിക്കണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ഇതാണ് പുതിയ ഇന്ത്യ ! ഈ പുതിയ രാജ്യത്ത് നിയമങ്ങളുണ്ടാക്കുന്നത് പ്രധാനമന്ത്രിയുടെ ചങ്ങാതിമാരായ ശതകോടീശ്വര സുഹൃത്തുക്കൾക്കു വേണ്ടിയാണ്. അവരുടെ 16 ലക്ഷം കോടി രൂപയുടെ കടം ഇളവ് ചെയ്തു. കർഷകരാകട്ടെ കടത്താൽ ആത്മഹത്യ ചെയ്യുന്നു. പെട്രോളും പാചകവാതകവുമടക്കം എല്ലാറ്റിന്റെയും വില മാനംമുട്ടുന്നു. 45 വർഷത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്കാണ് ഇപ്പോഴുള്ളത്. പൊതുകടം 55 ലക്ഷം കോടിയിൽനിന്ന് 205 ലക്ഷം കോടിയായി. എന്നിട്ടും സാമ്പത്തിക വളർച്ച ആഘോഷിക്കണമെന്നാണ് പറയുന്നത്.

കോവിഡ് കാലത്ത് ലക്ഷക്കണക്കിന് അതിഥി തൊഴിലാളികൾക്ക് അവരുടെ ഗ്രാമങ്ങളിലേക്ക് ആയിരക്കണക്കിന് കിലോമീറ്ററുകൾ നടന്നുപോകേണ്ടിവന്നു. ബിഹാറിൽ ഒരു യുവതി മക്കളുടെ മുന്നിലാണ് തളർന്നുവീണു മരിച്ചത്. ഈ ഇന്ത്യയെയാണോ നമ്മൾ സ്വീകരിക്കേണ്ടത്? പുതിയ ഇന്ത്യയിൽ കമ്പനികളിൽനിന്നു രഹസ്യമായി പണം വാങ്ങാൻ ഇലക്ടറൽ ബോണ്ട് നിയമം പാസാക്കി. പണം പിടുങ്ങാനായി കമ്പനികളിൽ റെയ്ഡ് നടത്തി. ഒരു കമ്പനിക്ക് ഭരണകക്ഷിക്കു കൊടുത്ത തുകയുടെ അത്രപോലും  ആസ്തി ഉണ്ടായിരുന്നില്ല! 

കോടതികളെ ഭീഷണിപ്പെടുത്തുന്നു. നൂറുകണക്കിനു കോടി രൂപ ചെലവാക്കി കൂറുമാറ്റം നടത്തിക്കുന്നു.ഭയം മൂലം പലരും നിശ്ശബ്ദരാകുകയാണ്. ഭഗവദ്ഗീതയിൽ ശ്രീകൃഷ്ണൻ പറഞ്ഞപോലെ നമ്മൾ ഭയത്തെ മാറ്റിനിർത്തണം. വലിയ യുദ്ധമാണു നടക്കുന്നത്. ഒരുവശത്ത് അധികാരാർത്തി മൂത്ത് നിങ്ങളെ വഴിതെറ്റിക്കാനും വിഭജിക്കാനും ശ്രമിക്കുന്നവർ. മറുവശത്ത് ഒന്നിച്ചുനിൽക്കാനും അധികാരം നമ്മുടെ കയ്യിലേക്ക് തിരിച്ചുപിടിക്കാനും അപേക്ഷിക്കുന്നവർ. മഹാത്മാഗാന്ധിയുടെയും ശ്രീനാരായണ ഗുരുവിന്റെയും നാടാണിത്. വിഷുവും ഓണവും ഈദും ഈസ്റ്ററും ഒരുപോലെ ആഘോഷിക്കുന്ന വിദ്യാസമ്പന്നരായ മലയാളികൾ ഇതു വെറും തിരഞ്ഞെടുപ്പല്ലെന്നു മനസ്സിലാക്കുമെന്ന് എനിക്കുറപ്പുണ്ട്. 

English Summary:

Priyanka Gandhi election campaign for loksabha elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com