ADVERTISEMENT

തിരുവനന്തപുരം ∙ പൗരത്വനിയമ ഭേദഗതിയുടെ (സിഎഎ) കാര്യത്തിൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വം ആടിക്കളിക്കുകയാണെന്ന സിപിഎം വിമർശനത്തിന്   കേരളത്തിൽ വച്ചു തന്നെ എഐസിസി നേതൃത്വത്തിന്റെ മറുപടി. കോൺഗ്രസ് അധികാരത്തിൽ വന്നാൽ നിയമം റദ്ദാക്കുമെന്നു പത്തനംതിട്ട യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പ്രഖ്യാപനം സംസ്ഥാന നേതൃത്വത്തിന്റെ മനോഗതം കണക്കിലെടുത്താണ്.

സിഎഎയെ എതിർക്കാതെ യുഡിഎഫിന്റെ 18 എംപിമാരും പാർലമെന്റിൽ നിശ്ശബ്ദത പാലിച്ചെന്ന വിമർശനം മുഖ്യമന്ത്രി പിണറായി വിജയനും വയനാട്ടിൽ പോലും ഭേദഗതിയെ രാഹുൽ തളളിപ്പറഞ്ഞിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ആരോപിച്ച ഇന്നലെ തന്നെയാണ് പ്രിയങ്ക പാർട്ടി നിലപാട് വ്യക്തമാക്കിയത്. എന്നാൽ, പ്രിയങ്കയുടെ പ്രഖ്യാപനത്തെ വിശ്വാസത്തിലെടുക്കാനില്ലെന്ന സൂചന നൽകിക്കൊണ്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, കോൺഗ്രസിന്റെ ആത്മാർഥതയെ കൊല്ലത്തെ പ്രസംഗത്തിൽ വീണ്ടും ചോദ്യം ചെയ്തു.

മുസ്‍ലിം ന്യൂനപക്ഷ വോട്ട് ബാങ്ക് ഉന്നമിട്ട്, പര്യടനത്തിലെ പ്രധാന വിഷയമായി സിഎഎയാണ് മുഖ്യമന്ത്രി അവതരിപ്പിച്ചു വന്നിരുന്നത്. ഇതു കണക്കിലെടുത്ത് കോഴിക്കോട്ടെ റാലിയിൽ മതത്തെ പൗരത്വത്തിനു മാനദണ്ഡമാക്കുന്നതിനോട് യോജിപ്പില്ലെന്ന് രാഹുൽ ഗാന്ധി വിശദീകരിച്ചു. എന്നാൽ, അപ്പോഴും കോൺഗ്രസിന്റേത് ഖണ്ഡിത നിലപാടല്ലെന്ന വിമർശനം സിപിഎം ദേശീയ–സംസ്ഥാന നേതാക്കൾ ഉയർത്തി. അതു തുറന്നുപറയാൻ രാഹുലിനെയും മല്ലികാർജുൻ ഖർഗെയേയും വെല്ലുവിളിച്ചു. ഈ പശ്ചാത്തലത്തിലാണ് പ്രിയങ്ക അതേറ്റെടുത്തു സംസാരിച്ചത്.

മുഖ്യമന്ത്രിക്കെതിരെ രാഹുൽ തൊടുത്തുവിട്ട ആക്രമണം പ്രിയങ്ക ഏറ്റുപിടിച്ചു. ആരോപണങ്ങളിൽപെട്ട അദ്ദേഹത്തെ നരേന്ദ്ര മോദി രക്ഷപ്പെടുത്തുകയാണെന്നും അതു ബിജെപി–സിപിഎം ഒത്തുകളിയുടെ ഭാഗമാണെന്നുമുള്ള സംസ്ഥാന നേതൃത്വത്തിന്റെ ആക്ഷേപമാണ് പ്രിയങ്കയും ആവർത്തിച്ചത്. ഇക്കാര്യം രാഹുൽ ചൂണ്ടിക്കാട്ടിയപ്പോഴാണ് പിണറായി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ഇതിനു മറുപടിയായി മുഖ്യമന്ത്രിയെ ‘കസവു കെട്ടിയ പേടിത്തൊണ്ടനായി’ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പരിഹസിച്ചു. സതീശനു സമനില തെറ്റിയോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. കേരളത്തിലെ ഈ കോൺഗ്രസ്–സിപിഎം പോരാട്ടം പ്രധാനമന്ത്രിയും ആയുധമാക്കി. ഇരുപാർട്ടികളും ഉൾപ്പെട്ട ഇന്ത്യാ സഖ്യത്തെ എങ്ങനെ വിശ്വസിക്കാൻ കഴിയുമെന്നായിരുന്നു പരിഹാസം. 

തിരഞ്ഞെടുപ്പ് പോരാട്ടം അതിന്റെ തീവ്രതയിലെത്തിയെന്ന വ്യക്തമായ സൂചന ഈ ഏറ്റുമുട്ടൽ നൽകി. കോൺഗ്രസിനു വേണ്ടി ഖർഗെയും പി.ചിദംബരവും സച്ചിൻ പൈലറ്റും വരും ദിവസങ്ങളിൽ എത്തും.  സീതാറാം യച്ചൂരി എൽഡിഎഫിനു വേണ്ടി ഇന്നു തലസ്ഥാനത്തുണ്ട്.

English Summary:

Sitaram yechury response to Priyanka Gandhi's responce on CAA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com