ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു ഹൃദയ ശസ്ത്രക്രിയ നടക്കുന്ന മെഡിക്കൽ കോളജുകൾ ഉൾപ്പെടെ 16 സർക്കാർ ആശുപത്രികളിൽ സ്റ്റെന്റിനും അനുബന്ധ ഉപകരണങ്ങൾക്കും കടുത്ത ക്ഷാമം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആൻജിയോപ്ലാസ്റ്റിയും ആൻജിയോ ഗ്രാമും നിലച്ചു. കോട്ടയം, കോഴിക്കോട്, പാരിപ്പള്ളി മെഡിക്കൽ കോളജുകൾ ഉൾപ്പെടെ മറ്റ് ആശുപത്രികളിൽ വെള്ളിയാഴ്ചയോടെ എല്ലാ സാധനങ്ങളും തീരുമെന്ന്  വിതരണ ഏജൻസികൾ സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പു കഴിയുംവരെ  പിടിച്ചുനിൽക്കാൻ ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും പരമാവധി നീട്ടി വയ്ക്കുകയാണിപ്പോൾ. എന്നാൽ  സ്റ്റെന്റ് നേരിട്ടെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരു ആശുപത്രിയിലും ആൻജിയോപ്ലാസ്റ്റി മുടങ്ങിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

വിതരണ ഏജൻസികൾക്ക് 143 കോടി രൂപ കുടിശിക വന്നതിനാൽ സ്റ്റെന്റ്, വയർ, കത്തീറ്റർ എന്നിവയുടെ വിതരണം ഏപ്രിൽ ഒന്നിനു നിർത്തി. സ്റ്റോക്ക് തിരിച്ചെടുക്കാഞ്ഞതു കൊണ്ടാണ് അത്യാവശ്യം പരിശോധനയും ശസ്ത്രക്രിയകളും നടത്തുന്നത്. ചില ആശുപത്രികളിൽ സ്റ്റെന്റ് ഉണ്ടെങ്കിലും ഒപ്പം വേണ്ട വയറുകളും കത്തീറ്ററും ഇല്ല. 

19 സർക്കാർ ആശുപത്രികളിലാണു ഹൃദയ ചികിത്സ ഉള്ളത്. പരിയാരം, ആലപ്പുഴ മെഡിക്കൽ കോളജുകളും പാലക്കാട് ജില്ല ആശുപത്രിയും ഡിസംബർ വരെയുള്ള കുടിശിക നൽകിയതിനാൽ ചൊവ്വാഴ്ച വിതരണം പുനരാരംഭിച്ചു. സർക്കാർ മേഖലയിൽ പരിയാരത്താണ് ഏറ്റവും കൂടുതൽ ആൻജിയോപ്ലാസ്റ്റി നടക്കുന്നത്, മാസം ശരാശരി 600. സർക്കാർ ആശുപത്രികളിലേക്കു മാസം ശരാശരി 325 കോടി രൂപയുടെ സ്റ്റെന്റും അനുബന്ധ സാമഗ്രികളും വേണം.

∙ ‘ആശുപത്രികളിലെ ധന മാനേജ്മെന്റിലെ വീഴ്ചയാണു കുടിശിക ഉയർത്തുന്നത്. പലവട്ടം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും കാര്യക്ഷമമായ ഇടപെടലില്ല. സർക്കാർ പണം അനുവദിച്ചാലും കുടിശികയുള്ള  വിതരണം ചെയ്യാത്തതിനെക്കുറിച്ചു പരിശോധന വേണം.’ – പി.കെ.നിധീഷ് (സെക്രട്ടറി, ചേംബർ ഓഫ് ‍ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫ് മെഡിക്കൽ ഇംപ്ലാന്റ്സ് ആൻഡ് ഡിസ്പോസിബിൾസ്)

English Summary:

Medical College Faces Severe Stent Supply Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com