ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് നാളെ പരിസമാപ്തി. വോട്ടുറപ്പിക്കാനുള്ള അവസാന അടവുകളുടെ മണിക്കൂറുകളാണ് ഇനി. 2019 ലെ 19 കടന്ന് ഇരുപതും ഉറപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണു യുഡിഎഫ്. 2004 ലെ 18 സീറ്റ് നേട്ടം കൈവരിക്കണമെന്ന സിപിഎം മോഹം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പരസ്യമാക്കി. അഭിപ്രായ സർവേകളിൽ വോട്ടു വിഹിതം കൂടുമെന്നു പ്രവചിച്ചതിലാണ് എൻഡിഎയുടെ പ്രതീക്ഷ.

എൽഡിഎഫിന്റെ ‘2004 സ്വപ്നം’ അസ്ഥാനത്താണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. കോൺഗ്രസിലെ ഗ്രൂപ്പു തർക്കങ്ങൾ ആന്റണി സർക്കാരിനെ ബാധിക്കും വിധം വഷളായതിനെതിരെയുള്ള ജനവികാരമാണ് ആ വോട്ടെടുപ്പിൽ പ്രതിഫലിച്ചത്. ഭരണത്തിനെതിരെ വികാരം ഉയർന്നാൽ ഇന്ന് ബാധിക്കുക എൽഡിഎഫിനെയാകും. സ്ഥാനാർഥി നിർണയം തൊട്ടു പ്രചാരണം വരെയുള്ള കാര്യങ്ങളിൽ കോൺഗ്രസിൽ അപസ്വരങ്ങൾ ഉയരാത്ത തിരഞ്ഞെടുപ്പാണിതെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി.

യുഡിഎഫിന്റെ ട്വന്റി20 മോഹം നടക്കാൻ പോകുന്നില്ലെന്നു സിപിഎം തിരിച്ചടിക്കുന്നു. ‘ശബരിമല യുവതീപ്രവേശം’ കത്തിയതും കേരളത്തിൽ മത്സരിച്ചു രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാൻ പോകുന്നെന്ന പ്രതീതിയുമാണു കഴിഞ്ഞതവണ യുഡ‍ിഎഫിനു തുണയായതെന്നാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രത്തിലെ മൂന്നാം തുടർഭരണ പ്രവചനങ്ങൾ കേരളത്തിലും മാറ്റം കൊണ്ടുവരുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.

∙ യുഡിഎഫ്: കേന്ദ്ര–കേരള സർക്കാരുകൾക്കെതിരെയുള്ള വികാരം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിൽ. ഘടകകക്ഷികളുടെ 4 സീറ്റും ഉറപ്പിച്ചു കഴിഞ്ഞെന്നാണ് വിശ്വാസം. കോൺഗ്രസ് മത്സരിക്കുന്ന ബാക്കി 16 സീറ്റിൽ വടകര, ആലത്തൂർ, തൃശൂർ, കണ്ണൂർ, മാവേലിക്കര, ആറ്റിങ്ങൽ സീറ്റുകളി‍ൽ ആദ്യഘട്ടത്തിൽ നല്ല മത്സരം കണക്കുകൂട്ടിയെങ്കിലും അവസാനഘട്ടത്തിൽ മേൽക്കൈ ഉണ്ടെന്ന് വിലയിരുത്തൽ.

∙ എൽഡിഎഫ്: മുന്നണി സ്ഥാനാർഥികളിൽ ആരു ജയിച്ചാലും ഇന്ത്യാസഖ്യത്തിന്റെ ഭാഗമായതിനാൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തുടർച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഏതു സാഹചര്യത്തിലും 5 സീറ്റ് ഉറപ്പിക്കുന്നു. ആലത്തൂർ, പാലക്കാട്, വടകര, കാസർകോട്, തൃശൂർ എന്നിവയാണ് ആദ്യ പട്ടികയിൽ.

∙ എൻഡിഎ: ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്തും തൃശൂരിലും അട്ടിമറി അസാധ്യമല്ലെന്നു കണക്കുകൂട്ടൽ. ആറ്റിങ്ങൽ, പാലക്കാട്, ആലപ്പുഴ, കാസർകോട് എന്നീ മണ്ഡലങ്ങളിലും നല്ല പോരാട്ടം നടത്താമെന്ന് പ്രതീക്ഷ. 

English Summary:

Last Day of Campaigning in Kerala Sees Parties Racing for Electoral Edge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com