ADVERTISEMENT

കോട്ടയം ∙ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥരിൽ ഭൂരിഭാഗത്തിനും തപാൽവോട്ട് ചെയ്യാൻ കഴിയാതിരുന്ന സാഹചര്യങ്ങളെക്കുറിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധന നടത്തും. തപാൽവോട്ടിലെ ഗണ്യമായ കുറവു സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെയും അറിയിച്ചിട്ടുണ്ട്.

തപാൽവോട്ടിന്റെ കൃത്യമായ കണക്കെടുപ്പു നടക്കുകയാണ്. വോട്ട് ചെയ്യാൻ സൗകര്യം ഉണ്ടായിരുന്നിട്ടും ചെയ്യാത്തവർ, തപാൽ ബാലറ്റിൽ പേരില്ലാത്തതിനാൽ വോട്ട് ചെയ്യാൻ പറ്റാതെ പോയവർ എന്നിങ്ങനെ രണ്ടുവിഭാഗങ്ങളാണുള്ളത്. തപാൽ ബാലറ്റിൽ എങ്ങനെ പേരില്ലാതായി എന്നതു സംബന്ധിച്ച പരിശോധന നടത്തുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ ‘മനോരമ’യോടു പറഞ്ഞു. ഇതരസംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോയ രണ്ടായിരത്തോളം പൊലീസുകാർക്കും വോട്ട് നഷ്ടമായിട്ടുണ്ട്.

പോസ്റ്റൽ ബാലറ്റുകൾ ഇത്തവണ തപാലിൽ അയയ്ക്കില്ലെന്നും വോട്ടെടുപ്പുദിനമായ 26നു മുൻപു തന്നെ ഉദ്യോഗസ്ഥർ തപാൽവോട്ട് ചെയ്യണമെന്നുമുള്ള കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശമാണു ഭൂരിഭാഗം ഉദ്യോഗസ്ഥർക്കും വിനയായത്. തപാൽവോട്ടിൽ വ്യാപക കൃത്രിമം നടക്കുന്നുണ്ടെന്ന ആക്ഷേപത്തെത്തുടർന്നു നടപടികൾ കൂടുതൽ സുതാര്യമാക്കാനാണു കമ്മിഷൻ പരിഷ്കാരം നടപ്പാക്കിയതെന്ന് അറിയുന്നു.

തപാൽവോട്ടിനുള്ള ഫോം12 അപേക്ഷ അതതു ജില്ലകളിലെ നോഡൽ ഓഫിസർക്ക് നേരിട്ട് ഏൽപിച്ച് തപാൽ ബാലറ്റ് തയാറാക്കി തിരികെ എത്തിക്കുകയായിരുന്നു. ഇതിനായി തലങ്ങും വിലങ്ങും വാഹനങ്ങൾ ഓടി ഭാരിച്ച ചെലവും വന്നിരുന്നു. എന്നാൽ, മുൻതിരഞ്ഞെടുപ്പുകളിലേതുപോലെ വോട്ടിങ്ങിനു സമയം കിട്ടുമെന്ന ചിന്തയാണ് ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്നത്. 

അതേസമയം, ഫെസിലിറ്റേഷൻ സെന്ററിൽ പലപ്രാവശ്യം തപാൽവോട്ട് ചെയ്യാൻ പോയി നിരാശരായി മടങ്ങിയ ഉദ്യോഗസ്ഥരും ഉണ്ട്. മുൻ തിരഞ്ഞെടുപ്പുകളിൽ വോട്ടെണ്ണൽ ദിവസം രാവിലെ എത്തുന്ന തപാൽ വോട്ടുപോലും പരിഗണിച്ചിരുന്നു.

English Summary:

Postal Vote: Chief Electoral Officer to check shortage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com