ADVERTISEMENT

കോട്ടയം ∙ 1971ലെ പാക്കിസ്ഥാൻ യുദ്ധത്തിന്റെ ജ്വലിക്കുന്ന ഓർമകൾ ബാക്കിയാക്കിയാണ് ലഫ്റ്റനന്റ് കേണൽ കെ.കെ.മീനാക്ഷി കുര്യാറ്റേൽ (85) വിടവാങ്ങുന്നത്. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളാണ് യുദ്ധഭൂമിയിൽ കടന്നു പോയതെന്നു മീനാക്ഷി പങ്കുവച്ച ഓർമകളിലൂടെ ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു. രാഷ്ട്രപതിയിൽ നിന്നു ലഭിച്ച പ്രശംസാപത്രം വീടിന്റെ പൂമുഖത്ത് ചില്ലിട്ടു സൂക്ഷിച്ചിട്ടുണ്ട്. 

മീനാക്ഷി നഴ്സായി മിലിട്ടറിയിൽ ചേർന്ന് 5 വർഷത്തിനുള്ളിൽ തന്നെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഇന്ത്യൻ സൈനികരോടൊപ്പം ലഡാക്കിലേക്കുള്ള മെഡിക്കൽ സംഘത്തിൽ മീനാക്ഷിയും. വീട്ടിൽ അറിയിക്കുന്നതിനൊന്നും സമയമുണ്ടായിരുന്നില്ല. കത്തെഴുതാൻ പോലും അവസരം കിട്ടിയില്ല. ഡിസംബറിലാണ് യുദ്ധം ഉണ്ടായത്. എന്നാൽ മീനാക്ഷിയും സംഘവും നവംബർ ആദ്യ ആഴ്ചയിൽ തന്നെ ലഡാക്കിൽ എത്തി.

നഴ്സുമാരുടെ രണ്ടാമത്തെ ബാച്ചിലായിരുന്നു ഇവർ. സ്ത്രീകൾ ഉൾപ്പെടാത്ത മെഡിക്കൽ സംഘമാണ് അതിർത്തിയിൽ സാധാരണ ജോലി നോക്കുക. പക്ഷേ, അന്നത്തെ സാഹചര്യത്തിൽ സ്ത്രീകളെയും ഉൾപ്പെടുത്താൻ സൈന്യം നിർബന്ധിതരായി. പുണെയിൽ നിന്നു ട്രെയിൻ മാർഗം ചണ്ഡിഗഡിലെത്തി. അവിടെ നിന്നു പ്രത്യേക വിമാനത്തിൽ ലഡാക്കിലേക്ക്. ആശുപത്രിയിൽ എത്തിയ സംഘം ഒരാഴ്ച പുറത്തിറങ്ങിയില്ല. കൊടുംതണുപ്പുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെടാനാണ് അങ്ങനെ ചെയ്തത്. 

പിന്നെ യുദ്ധം തുടങ്ങിയതോടെ മുറിവേറ്റ ജവാന്മാരെ ആശുപത്രിയിലേക്ക് എത്തിച്ചുതുടങ്ങി. ഓരോ തവണയും എഴുപത്തഞ്ചോളം പട്ടാളക്കാരെ ഒരുമിച്ചാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നത്. ദിവസങ്ങളോളം ഊണും ഉറക്കവും ഉപേക്ഷിച്ചാണ് മെഡിക്കൽ സംഘം പ്രവർത്തിച്ചത്. കൂടുതൽ പരിചരണം ആവശ്യമായവരെ ശ്രീനഗറിലേക്കും ഡൽഹിയിലേക്കും അയച്ചു. 

ലഡാക്കിലെ ആശുപത്രിക്കു നേരെയും പലതവണ ആക്രമണം ഉണ്ടായി. പലയിടങ്ങളിലായി ഉണ്ടായിരുന്ന ട്രെഞ്ചിലേക്ക് ചാടിയാണ് നഴ്സുമാരും മറ്റും രക്ഷപ്പെട്ടത്. നാടുമായുള്ള ബന്ധം പൂർണമായും ഇല്ലാതിരുന്ന കാലം. വല്ലപ്പോഴും വരുന്ന കത്തായിരുന്നു ആശ്വാസം. അതും പരിശോധനകൾക്ക് വിധേയം. മോശം കാലാവസ്ഥ കാരണം വിമാനം താഴേക്ക് ഇറക്കാൻ പറ്റാതെ വന്നാൽ അതും കിട്ടില്ല. പക്ഷേ, വിമാനത്തിൽ നിന്നു ഭക്ഷണവും മറ്റും പാരച്യൂട്ടിൽ കിട്ടിയിരുന്നു. വളരെ നാളുകൾക്ക് ശേഷമാണ് അവധി കിട്ടി നാട്ടിലേക്ക് എത്താൻ കഴിഞ്ഞത്. നാട്ടിൽ എത്തിയപ്പോൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വക വീരോചിത സ്വീകരണം. 

മിലിട്ടറിയിൽ 28 വർഷത്തെ സേവനത്തിനു ശേഷം 1994 ൽ കൊൽക്കത്ത കമാൻഡ് ഹോസ്പിറ്റലിൽ നിന്നു വിരമിച്ചു. പിന്നീട് മംഗലപുരം കസ്തൂർബാ മെഡിക്കൽ കോളജ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തു. നാട്ടിൽ കൈപ്പുഴ കുര്യാറ്റേൽ തറവാട്ടിൽ സഹോദരൻ പരേതനായ കെ.കെ. ദാമോദരന്റെ മകൻ സുനിൽ കുമാറിനൊപ്പമായിരുന്നു താമസം. 

English Summary:

Writeup about Lt. Colonel KK Meenakshi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com