ADVERTISEMENT

കൊച്ചി∙ പനമ്പിള്ളിനഗർ വിദ്യാ നഗറിലെ ഫ്ലാറ്റിൽനിന്നു മാതാവു താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ ഡിഎൻഎ സാംപിൾ ശേഖരിച്ചു പൊലീസ്. കുഞ്ഞിന്റെ അമ്മയും കേസിലെ പ്രതിയുമായ യുവതി പീഡനത്തിന് ഇരയായാണു ഗർഭിണിയായത് എന്ന സംശയത്തെ തുടർന്നാണിത്. നിലവിൽ ആർക്കുമെതിരെ യുവതി മൊഴി നൽകിയിട്ടില്ലെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ ആരുടെയെങ്കിലും പേരു വെളിപ്പെടുത്തിയാൽ ഡിഎൻഎ പരിശോധന വേണ്ടി വന്നേക്കാം എന്നതു മുന്നിൽക്കണ്ടാണു പൊലീസിന്റെ നടപടി. വെള്ളിയാഴ്ച രാവിലെയാണു യുവതി കുഞ്ഞിനെ സ്വന്തം ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്നു താഴേക്കു വലിച്ചെറിഞ്ഞത്. 

കൊലക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവതിക്കു ഗുരുതരമായ അണുബാധ കണ്ടെത്തിയതിനെത്തുടർന്നു വെള്ളിയാഴ്ച രാത്രി വൈകി നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ഐസിയുവിൽ പ്രവേശിപ്പിച്ചു. വൈദ്യസഹായം ഇല്ലാതെ ശുചിമുറിയിൽ പ്രസവിച്ചതിനെ തുടർന്നാണ് യുവതിക്ക് അണുബാധ ഉണ്ടായതെന്നാണു ഡോക്ടർമാരുടെ വിലയിരുത്തൽ. 

ഇന്നലെ മജിസ്ട്രേട്ട് ആശുപത്രിയിലെത്തി പ്രതിയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥർ ഇന്നലെ യുവതിയോടു സംസാരിക്കാൻ ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാൽ പിൻവാങ്ങി. യുവതിയുടെ മാതാപിതാക്കളിൽ നിന്നു പൊലീസ് ഇന്നലെയും മൊഴിയെടുത്തു. യുവതി ഗർഭിണിയായിരുന്നു എന്ന വിവരമോ പ്രസവിച്ചതോ തങ്ങൾ അറിഞ്ഞിട്ടില്ലെന്ന് ഇരുവരും പറയുന്നത് വിശ്വസനീയമെന്നാണ് പൊലീസ് കരുതുന്നത്. 

പ്രസവിച്ചയുടൻ കുഞ്ഞിനെ കൊല്ലാൻ യുവതി ശ്രമിച്ചുവെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ നിന്നുള്ള പൊലീസ് അനുമാനം. കുഞ്ഞിനെ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമം നടത്തിയെന്നും ഇതിനിടെ യുവതിയുടെ മാതാവു വാതിലിൽ മുട്ടിവിളിച്ചതോടെ വെപ്രാളത്തിൽ കുട്ടിയെ താഴേക്ക് എറിഞ്ഞു എന്നുമാണു നിഗമനം.

യുവതിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനോടു പൊലീസ് അനൗദ്യോഗികമായി വിവരങ്ങൾ തേടി. യുവതിയുടെ മൊഴിയോടു പൊരുത്തപ്പെടുന്ന വിവരങ്ങൾ തന്നെയാണു യുവാവും പങ്കുവച്ചത്. യുവതി ഗർ‍ഭിണിയായ കാര്യം യുവാവിന് അറിയാമായിരുന്നു.  2 മാസമായി ഇരുവരും തമ്മിൽ ആശയവിനിമയം ഉണ്ടായിരുന്നില്ലെന്നാണു വിവരം.

English Summary:

DNA collected by police on death of newborn baby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com