Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റ്: പൊലീസിനു ഹൈക്കോടതിയുടെ വിമർശനം

Maharashtra Police interacts with the media about the house arrest of rights activists in Bhima Koregaon case

മുംബൈ∙ മാവോയിസ്റ്റ് ബന്ധമാരോപിച്ച് കവി വരവരറാവു ഉൾപ്പെടെ അഞ്ചു മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പൊലീസ് നടത്തിയ വാർത്താസമ്മേളനത്തിനെതിരെ മുംബൈ ഹൈക്കോടതി. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ തെളിവുകൾ വിശദീകരിച്ച് എങ്ങിനെയാണു പൊലീസിനു വാർത്താസമ്മേളനം നടത്താൻ കഴിയുകയെന്നു കോടതി ചോദിച്ചു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടുന്നതു തെറ്റാണെന്നും ജസ്റ്റിസ് ഭട്കർ നിരീക്ഷിച്ചു. കേസ് എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സതീഷ് ഗെയ്ക്ക്‌വാദ് എന്ന വ്യക്തി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് അവരുടെ വിശദീകരണം അറിയിക്കാമെന്നു പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. കേസ് സെപ്റ്റംബർ ഏഴിനു പരിഗണിക്കും.

‘മോദി രാജ്’ അവസാനിപ്പിക്കാൻ രാജീവ് ഗാന്ധി വധം പോലൊരു സംഭവത്തിനായി, അറസ്റ്റിലായവർ നിരവധി കത്തുകൾ കൈമാറിയിരുന്നുവെന്നും ഇവരുടെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്നും എഡിജിപി പരംബീർ സിങ് അവകാശപ്പെട്ടിരുന്നു. കത്തിലെ ചില വിവരങ്ങളും എഡിജിപി പങ്കുവച്ചിരുന്നു.

മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിൽ കഴിഞ്ഞ ജനുവരിയിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ടാണു മഹാരാഷ്ട്ര പൊലീസ് അഞ്ചു മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. കവി വരവരറാവു, ഗൗതം നാവലാഖ, സുധ ഭരദ്വാജ്, അരുൺ ഫെറേറ, വെർനൺ ഗൊൺസാൽവസ് എന്നിവരാണ് അറസ്റ്റിലായത്. പുണെയിൽ‍ നടന്ന ദലിത് കൂട്ടായ്മയായ എൽ‍ഗാർ പരിഷത്തിനുശേഷം ഭീമ കൊറാഗാവിൽ ആക്രമണമുണ്ടായി. അന്നു റജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. അറസ്റ്റിലായവരെ വീട്ടുതടങ്കലിൽ വച്ചാൽ മതിയെന്നു സുപ്രീംകോടതി പിന്നീട് ഉത്തരവിട്ടു. നടപടിക്രമങ്ങൾ പാലിച്ചല്ല അറസ്റ്റെന്ന വിലയിരുത്തലിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ മഹാരാഷ്ട്ര സർക്കാരിനോടു വിശദീകരണവും തേടി.