Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീമ-കൊറേഗാവ് വാർഷികം ഇന്ന്; മുൾമുനയിൽ പുണെ

മുംബൈ∙ ദലിത് സംഘടന ഭീം ആർമിക്കു പുണെയിൽ പരിപാടികൾ നടത്താനുള്ള പൊലീസ് വിലക്കിൽ ഇടപെടാതെ ബോംബെ ഹൈക്കോടതി. ഞായറാഴ്ച പുണെയിൽ എത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഭീമ-കൊറേഗാവ് യുദ്ധവാർഷിക ദിനമായ ഇന്നു മുൻനിശ്ചയപ്രകാരം സ്ഥലം സന്ദർശിക്കുമെന്ന് ആവർത്തിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്തു കനത്ത പൊലീസ് വലയത്തിലാണ് മേഖല. 1,200 പേർ കരുതൽ തടങ്കലിലാണ്.

പൊലീസ് വിലക്കിനെതിരെ ഭീം ആർമി പുണെ യൂണിറ്റ് നൽകിയ ഹർജിയിൽ ഇടക്കാല ഉത്തരവിനു വിസമ്മതിച്ച കോടതി വാദം കേൾക്കൽ നാലിനു തുടരുമെന്ന് അറിയിക്കുകയായിരുന്നു.

മുംബൈയിൽ ശനിയാഴ്ചയും പുണെയിൽ ഞായറാഴ്ചയും നടത്താനിരുന്ന പരിപാടികൾ പൊലീസ് നടപടിയെ തുടർന്ന് ഉപേക്ഷിക്കേണ്ടിവന്നു. ഇന്നു പുണെയിലെ സാവിത്രി ഫുലെ സർവകലാശാലയിൽ ആസാദ് പങ്കെടുക്കാനിരുന്ന വിദ്യാർഥികളുമായുള്ള സംവാദത്തിന് സർവകലാശാല അധികൃതർ അനുമതി നൽകിയിട്ടില്ല.

1818 ജനുവരി ഒന്നിന് ഭീമ-കൊറേഗാവിൽ ദലിത് വിഭാഗത്തിന് കൂടുതൽ പ്രാതിനിധ്യമുണ്ടായിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി പട്ടാളം മറാഠ സൈന്യത്തിനെതിരെ നേടിയ യുദ്ധവിജയത്തിന്റെ വാർഷികാഘോഷമാണു കഴിഞ്ഞ വർഷം ഒരു മരണത്തിനു ഇടയാക്കിയ ദലിത്-മറാഠ സംഘർഷത്തിൽ കലാശിച്ചത്.