Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിപക്ഷ സ്വരങ്ങളുടെ വാ മൂടിക്കെട്ടരുത്: ജസ്റ്റിസ് ചന്ദ്രചൂഡ്

Justice-DY-Chandrachud

ന്യൂഡൽഹി∙ ഊർജസ്വലമായ ജനാധിപത്യത്തിന്റെ അടയാളമാണു ഭിന്നാഭിപ്രായങ്ങളെന്നു സുപ്രീം കോടതി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ജനപ്രിയമല്ലാത്ത ആശയങ്ങൾ ഏറ്റെടുക്കുന്നവർക്കെതിരെ കേസെടുത്ത് പ്രതിപക്ഷ സ്വരങ്ങളുടെ വാ മൂടിക്കെട്ടാനാവില്ല. മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായ 5 മനുഷ്യാവകാശ പ്രവർത്തകരെ മോചിപ്പിക്കണമെന്ന ഹർജി തള്ളിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം. ഖാൻവിൽകർ എന്നിവരുടെ ഭൂരിപക്ഷ വിധിയോടു വിയോജിച്ചാണു ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ 43 പേജ് വിധിന്യായം.

എന്നാൽ, ഭിന്നത പ്രകടിപ്പിക്കാൻ നിരോധിത മേഖലയിൽ പ്രവേശിക്കുകയോ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ നിയമവിരുദ്ധ മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യുമ്പോൾ, അതു കേവലം അഭിപ്രായ പ്രകടനം അല്ലാതായി മാറുന്നു എന്നും ജസ്റ്റിസ് വ്യക്തമാക്കി. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) നിയോഗിക്കണമെന്ന ഹർജിക്കാരുടെ ആവശ്യത്തോട് അദ്ദേഹം യോജിച്ചു.

നിയമപാലനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം നിർണായകമായതിനാൽ, നിഷ്‌പക്ഷവും നീതിപൂർണവുമായ അന്വേഷണത്തിനു കോടതി കാവൽനായ ആയി പ്രവർത്തിക്കണം. പ്രതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന പുണെ പൊലീസിന്റെ ആരോപണങ്ങൾ ഗൗരവമേറിയതാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയമം അനുശാസിക്കുംവിധം കൈകാര്യം ചെയ്യണം. ഇതിൽ ഉത്തരവാദിത്തപൂർണമായ ശ്രദ്ധ ആവശ്യമാണ്. അതു പൊലീസ് ഉദ്യോഗസ്ഥർ മാധ്യമസമ്മേളനത്തിൽ തട്ടിക്കളിക്കേണ്ട കാര്യമല്ല.

മഹാരാഷ്ട്രാ പൊലീസ് മേധാവികളുടെ വാർത്താസമ്മേളനത്തിലെ പരാമർശങ്ങൾ പരോഷമായി സൂചിപ്പിച്ച ജസ്റ്റിസ്, ക്രിമിനൽ കുറ്റങ്ങളിൽ ആരോപിതരായ ഓരോ പൗരന്റെയും അടിസ്ഥാന അവകാശങ്ങൾ ഉറപ്പുവരുത്താനും അന്വേഷണ പ്രക്രിയ നീതിപൂർവമാകാനും വേണ്ടിയാണു തന്റെ മാർഗനിർദേശങ്ങൾ എന്നും വ്യക്തമാക്കി.

അതേസമയം, മഹാരാഷ്ട്രാ പൊലീസ് ഹാജരാക്കിയ തെളിവുകളുടെ റജിസ്റ്ററുകൾ, കേസ് ഡയറി എന്നിവ തങ്ങൾ പരിശോധിച്ചുവെന്നും അവയുടെ വസ്തുതാപരമായ വിശദാംശങ്ങളിലേക്കു കടക്കുന്നത് ഒഴിവാക്കിയെന്നും ഭൂരിപക്ഷ വിധിയിൽ ജസ്റ്റിസ് ഖാൻവിൽകർ പറഞ്ഞു. കാരണം അന്വേഷണത്തെ ഈ വിധിന്യായത്തിലെ നിരീക്ഷണങ്ങൾ സ്വാധീനിക്കരുത്. നിയമമനുസരിച്ചുള്ള നടപടികൾ അന്വേഷണ ഉദ്യോഗസ്ഥനു പ്രതികൾക്കെതിരെ തുടരാം.

പ്രതികളെ അറസ്റ്റ് ചെയ്ത ചില സാഹചര്യങ്ങൾ ഒഴിച്ചാൽ, പൊലീസ് നടപടികൾ കെട്ടിച്ചമച്ചതാണെന്നതിനുള്ള രേഖകളോ തെളിവുകളോ ഹർജിക്കാർ ഹാജരാക്കിയിട്ടില്ല. ക്രിമിനൽ നടപടിക്കു സാധുത ഇല്ലെങ്കിൽ അതിന്റെ നിയമപരമായ തെളിവുകൾ പ്രതികളെ ഹാജരാക്കുമ്പോൾ ബന്ധപ്പെട്ട കോടതിയിൽ സമർപ്പിക്കാം. അന്വേഷണ ഏജൻസിയെ മാറ്റണമെന്ന ഹർജിക്കാരുടെ ആവശ്യവും സ്വീകാര്യമല്ലെന്നു കോടതി വ്യക്തമാക്കി.