Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ തുടരും, വിയോജിച്ചതിനല്ല അറസ്റ്റെന്ന് സുപ്രീംകോടതി

delhi-Supreme-Court

ന്യൂഡൽഹി∙ മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിൽ കഴിഞ്ഞ ജനുവരിയിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് കവി വരവരറാവു ഉൾപ്പെടെ അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കൽ നാല് ആഴ്ച കൂടി തുടരുമെന്ന് സുപ്രീംകോടതി. പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറണമെന്ന ആവശ്യം നിരാകരിച്ച കോടതി, വിമത സ്വരം പ്രകടിപ്പിച്ചതിനാണ് ഇവരുടെ അറസ്റ്റെന്ന് വിലയിരുത്താനാകില്ലെന്നും വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖാൻവിൽക്കർ എന്നിവരുടേതാണ് ഭൂരിപക്ഷ വിധി. 

പൊലീസ് നടപടി വിവേചനപരമല്ലെന്ന് പറയാനാകില്ലെന്നും കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കുന്നതാകും കൂടുതൽ ഉചിതമെന്നും വിയോജിപ്പ് പ്രകടിപ്പിച്ച ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കി. പൊലീസ് ഉയർത്തുന്ന ആരോപണങ്ങളുമായി അറസ്റ്റിലായവരെ ബന്ധിപ്പിക്കുന്ന ഒന്നുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിലെ സുരക്ഷാ വാൽവാണെന്നും അത് അനുവദിച്ചില്ലെങ്കിൽ പൊട്ടിത്തെറിയുണ്ടാകുമെന്നും കേസ് പരിഗണിച്ചപ്പോൾ കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ കവി വരവരറാവു, ഗൗതം നാവലാഖ, സുധ ഭരദ്വാജ്, അരുൺ ഫെറേറ, വെർനൺ ഗൊൺസാൽവസ് എന്നിവര്‍ ഓഗസ്റ്റ് 29 മുതൽ വീട്ടുതടങ്കലിലാണ്. പുണെയിൽ നടന്ന ദലിത് കൂട്ടായ്മയായ എൽഗാർ പരിഷത്തിനു ശേഷമാണ് ഭീമ കൊറാഗാവിൽ ആക്രമണമുണ്ടായത്. അന്നു റജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരെ വീട്ടുതടങ്കലിൽ വച്ചാൽ മതിയെന്ന് സുപ്രീംകോടതി പിന്നീട് ഉത്തരവിടുകയായിരുന്നു. കേസ് പരിഗണനയിലിരിക്കെ തെളിവുകൾ നിരത്തി വാർത്താ സമ്മേളനം നടത്തിയ മഹാരാഷ്ട്ര പൊലീസ് നടപടിയെ സുപ്രീംകോടതി നേരത്തെ വിമർശിച്ചിരുന്നു. സുപ്രധാനമായ കേസുകൾ പരിഗണിക്കുമ്പോൾ പൊലീസിനു സംഭവിക്കുന്ന വീഴ്ചകളുടെ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ചന്ദ്രചൂഢ് ഐഎസ്ആർഒ ചാരക്കേസ് ഇതിനൊരു ഉദാഹരണമാണെന്ന് വ്യക്തമാക്കിയാണ് മാധ്യമങ്ങളിലൂടെ ആരോപണവിധേയരെ സംശയത്തിന്‍റെ നിഴലിൽ നിർത്താനുള്ള ശ്രമങ്ങളെ അപലപിച്ചത്. 

മാവോയിസ്റ്റുകളുമായി അറസ്റ്റ് ചെയ്യപ്പെട്ടവർക്കു ബന്ധമുള്ളതായും ഇതിനു വ്യക്തമായ തെളിവു ലഭിച്ചതായും മഹാരാഷ്ട്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ചരിത്രകാരി റോമില ഥാപ്പറുൾപ്പെടെ നാലു പേരാണ് അറസ്റ്റ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.