Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യാവകാശ പ്രവർത്തകർ ആറ് വരെ പൊലീസ് കസ്റ്റഡിയിൽ

sudha-baradhwaj സുധ ഭരദ്വാജ്

മുംബൈ∙ മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകർ വെർനൺ ഗൊൺസാൽവസ്, അരുൺ ഫെരേര,  സുധ ഭരദ്വാജ് എന്നിവരെ പുണെ കോടതി അടുത്ത മാസം ആറു വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് വീട്ടു തടങ്കലിലേക്കു മാറ്റിയ ഇവരുടെ ജാമ്യാപേക്ഷ പുണെ കോടതി തള്ളിയതിനെ തുടർന്ന് വെള്ളിയാഴ്ച ഗൊൺസാൽവസ്, ഫെരേര എന്നിവരെ കസ്റ്റഡിയിൽ എടുത്തു. 

മൂന്നുപേർക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നു വ്യക്തമായതായി പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. ജനാധിപത്യ സംവിധാനത്തിന് ഭീഷണിയുണ്ടാക്കുന്ന ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് ആരോപിച്ചാണ് ചോദ്യം ചെയ്യാനായി പൊലീസ്, കസ്റ്റഡി ആവശ്യപ്പെട്ടത്. 

ഇതിനിടെ, തനിക്ക് ആരോഗ്യപ്രശ്നം ഉണ്ടെന്നും സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ്മല്യയെ പാർപ്പിക്കാൻ സർക്കാർ ജയിലിൽ ഒരുക്കിയ സൗകര്യം തന്നെ വേണമെന്നും സുധ അപേക്ഷ നൽകി. തുടർന്ന്, വൈദ്യസൗകര്യങ്ങൾ ക്രമീകരിക്കാൻ കോടതി ഉത്തരവിട്ടു.

അതേസമയം, മനുഷ്യാവകാശപ്രവർത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ആവശ്യം തിരസ്‌കരിച്ച സുപ്രീംകോടതി വിധിക്കെതിരെ ചരിത്രകാരി റൊമില ഥാപ്പർ നൽകിയ റിവ്യു ഹർജി സുപ്രീംകോടതി തള്ളി.  പുണെയിലെ ഭിമ-കൊറേഗാവിലുണ്ടായ ദലിത്-മറാഠ സംഘർഷക്കേസിൽ ഓഗസ്റ്റിലാണ് ഇവരെയും  കവി വരവര റാവു, ഗൗതം നാവലാഖ എന്നിവരെയും അറസ്റ്റ് ചെയ്തത്.