Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാവോയിസ്റ്റ് ബന്ധം: അറസ്റ്റിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി

Supreme Court of India

ന്യൂഡൽഹി ∙ മാവോയിസ്റ്റ് ബന്ധമാരോപിച്ച് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത 5 മനുഷ്യാവകാശ പ്രവർത്തകരെ ഉടൻ മോചിപ്പിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ‘നിരോധിത സംഘടനയിലെ അംഗങ്ങളുമായുള്ള പ്രതികളുടെ ബന്ധമാണ് അറസ്റ്റിന് അടിസ്ഥാനം. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളുടെയോ ഭിന്നവീക്ഷണങ്ങളുടെയോ അല്ല’– ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എം.എം.ഖാൻവിൽക്കർ എന്നിവർ വ്യക്തമാക്കി.

അറസ്റ്റിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ (എസ്ഐടി) നിയമിക്കണമെന്ന ആവശ്യവും ജഡ്ജിമാർ നിരാകരിച്ചു. എന്നാൽ മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഇതിനോടു വിയോജിച്ചു പ്രത്യേക വിധിന്യായമെഴുതി. ഭിന്നത ഊർജസ്വലമായ ജനാധിപത്യത്തിന്റെ അടയാളമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും ഭിന്നത പ്രകടിപ്പിക്കാൻ നിയമവിരുദ്ധ മാർഗങ്ങൾ തേടുന്നത് കേവലം അഭിപ്രായപ്രകടനമായി കണക്കാക്കാനാവില്ലെന്നും വ്യക്തമാക്കി. 

മനുഷ്യാവകാശ പ്രവർത്തകരായ കവി വരവര റാവു, ഗൗതം നാവലാഖ, സുധ ഭരദ്വാജ്, വെർനൺ ഗൊൺസാൽവസ്, അരുൺ ഫെറേറ എന്നിവരുടെ വീട്ടുതടങ്കൽ നാലാഴ്ച കൂടി കോടതി നീട്ടി. ഈ കാലയളവിൽ പ്രതികൾക്കു ബന്ധപ്പെട്ട കോടതിയെ സമീപിക്കാം. അറസ്റ്റിന്റെ തുടർനടപടി പൊലീസിനു സ്വീകരിക്കാം. 

അന്വേഷണ ഏജൻസിയെ മാറ്റാനോ കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണം അടക്കം ആവശ്യപ്പെടാനോ പ്രതികൾക്ക് കഴിയില്ലെന്നും തെളിവുകൾ ഫലപ്രദമാണോയെന്നു പരിശോധിക്കേണ്ട സാഹചര്യം ഇല്ലെന്നും ഇരു ജഡ്ജിമാരും വ്യക്തമാക്കി. 

കേസ് കെട്ടിച്ചമച്ചതാണെന്ന ഹർജിക്കാരുടെ ആരോപണത്തിൽ കോടതി അഭിപ്രായം പറയുന്നതു തുടർനടപടികളുടെ ഘട്ടത്തിൽ മുൻവിധിയുണ്ടാക്കുമെന്ന് ചീഫ് ജസ്റ്റിസിനു കൂടി വേണ്ടി വിധിന്യായം എഴുതിയ ജസ്റ്റിസ് ഖാൻവിൽക്കർ പറഞ്ഞു. മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിൽ ഡിസംബർ 31നു നടന്ന ദലിത് മഹാസമ്മേളനത്തിനു പിന്നാലെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം ഓഗസ്റ്റ് 28ന് ആണ് അഞ്ചുപേരും അറസ്റ്റിലായത്. 

പ്രമുഖ ചരിത്രകാരി റൊമില ഥാപർ, സാമ്പത്തിക വിദഗ്ധരായ പ്രഭാത് പട്‌നായിക്, ദേവകി ജെയ്‌ൻ, സോഷ്യോളജി പ്രഫസർ സതീഷ് ദേശ്‌പാണ്ഡേ, പ്രമുഖ അഭിഭാഷകൻ മജ ദാരുവാല എന്നിവരാണു സുപ്രീം കോടതിയെ സമീപിച്ചത്.