ADVERTISEMENT

ന്യൂഡൽഹി∙ ഉപഗ്രഹവേധ മിസൈൽ വിക്ഷേപിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് സമയം ബോധപൂർവം തിരഞ്ഞെടുത്തതാണെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ ഡിആർഡിഒ മുൻ തലവൻ വി.കെ.സാരസ്വത്. പ്രധാനമന്ത്രി സമയപരിധി നിശ്ചയിച്ചിട്ടില്ലായിരുന്നെന്നും എപ്പോഴാണോ പരീക്ഷണം പൂർത്തിയാകുന്നത്, അപ്പോൾ വിക്ഷേപിക്കാനായിരുന്നു നിർദേശമെന്നും സാരസ്വത് പറഞ്ഞു. നരേന്ദ്ര മോദിയുടെ ആത്മധൈര്യമാണ് ‘മിഷൻ ശക്തി’യുടെ വിജയത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഉപഗ്രഹവേധ മിസൈൽ പരീക്ഷിക്കുന്നതിന് തയാറാണെന്ന് അറിയിച്ചുകൊണ്ട് 2012–ൽ ഡിആർഡിഒ യുപിഎ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ സർക്കാർ അനുവാദം തന്നില്ല. മിസൈൽ പരീക്ഷിക്കുന്നതിനായി ഡിആർഡിഒ അന്നുതന്നെ പ്രാപ്തരായിരുന്നു. അഗ്നി പരമ്പരയിലെ മിസൈലുകൾ ഉപയോഗിച്ച് ഇന്ത്യയുടെ ആന്റി–ബാലിസ്റ്റിക് മിസൈൽ പ്രതിരോധ പദ്ധതിയെ ഉപഗ്രഹവേധ സംവിധാനമായി ഉപയോഗിക്കാനായിരുന്നു പദ്ധതി. എന്നാൽ സർക്കാരിൽ നിന്നുള്ള നിസ്സഹകരണം പരീക്ഷണത്തിനു തടസമായി– ഒരു ദേശീയമാധ്യമത്തോട് സാരസ്വത് പറഞ്ഞു.

നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നശേഷമാണ് എ–സാറ്റ് പരീക്ഷണത്തിനു അനുമതി നൽകിയത്. കൃത്യമായ തീയതി ഒാർമ്മിക്കുന്നില്ലെങ്കിലും ഏകദേശം ഒരു വർഷത്തിനു മുൻപാണ് അതു സംഭവിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മാർഗനിർദേശങ്ങൾ നൽകിയതായി സാരസ്വത് പറഞ്ഞു.

ബുധനാഴ്ച ഉച്ചയ്ക്കാണ് രാജ്യം ബഹിരാകാശ രംഗത്തെ വന്‍ശക്തിയായ വിവരം രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ തൊട്ടുപിന്നാലെ പ്രതിരോധ രംഗത്തെ വൻമുന്നേറ്റം നരേന്ദ്ര മോദി രാഷ്ട്രീയവൽക്കരിച്ചെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം രംഗത്തെത്തി. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ നരേന്ദ്ര മോദി ഇത്തരത്തിൽ ഒരു പ്രഖ്യാപനം നടത്തിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് സിപിഎം തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതിയും നൽകി.

ഇതേത്തുടർന്നു പ്രധാനമന്ത്രിയുടെ നടപടിയിൽ ചട്ടലംഘനമുണ്ടോയെന്നു പരിശോധിക്കുമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. തിടുക്കപ്പെട്ട് പ്രധാനമന്ത്രി അഭിസംബോധന ചെയ്യാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്നും കേന്ദ്രസര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com