ADVERTISEMENT

വലുപ്പത്തിന്റെയും ജനസംഖ്യയുടെയും കാര്യത്തിൽ രാജ്യത്ത് ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് സിക്കിം. ആറല ലക്ഷം മാത്രം ജനസംഖ്യയുള്ള, 7000 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള, രണ്ടാമത്തെ ചെറിയ സംസ്ഥാനം. പ്രകൃതി സ്നേഹികൾക്കു പക്ഷേ, രാജ്യത്തെ വലിയ സ്വർഗം! സുന്ദരമായ മലനിരകൾ, താഴ്‌വാരങ്ങൾ, ശീതളമായ കാലാവസ്ഥ, ഷിവാലിക് മലനിരകളിൽ 5500 അടി ഉയരത്തിലുള്ള ഗാങ്ടോക് നഗരം, അവിടെനിന്നുള്ള കാഞ്ചൻജംഗ കൊടുമുടിക്കാഴ്ച... അതെ, അക്ഷരാർഥത്തിൽ സ്വർഗം. ഇത്തിരിക്കുഞ്ഞനാണെങ്കിലും ഒരു സംസ്ഥാനവും മൂന്നു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട് സിക്കിം. തെക്ക് പശ്ചിമബംഗാൾ. മറ്റു ദിക്കുകളിലായി ഭൂട്ടാൻ, നേപ്പാൾ, ടിബറ്റ് രാജ്യാന്തര അതിർത്തികൾ. അതുകൊണ്ടുതന്നെ ആറര ലക്ഷം ജനങ്ങൾക്കിടയിൽ അത്രയേറെ വൈവിധ്യവുമുണ്ട്. ആറ് ഔദ്യോഗിക ഭാഷകൾ. നേപ്പാളി, ബൂട്ടിയ, ലെപ്ച, ഷെർപ, ലിംബു വിഭാഗത്തിൽപ്പെട്ട ആളുകൾ. ഹിന്ദു, ബുദ്ധമത വിശ്വാസികളാണേറെയും. 

Sikkim

‘അതികഠിന’ വേനലിൽ 28 ഡിഗ്രിയാണു സിക്കിമിലെ താപനില! രാഷ്ട്രീയച്ചൂട് പക്ഷേ, മറ്റു ഹിമാലയൻ സമീപ സംസ്ഥാനങ്ങളെക്കാൾ അൽപം കൂടും. രണ്ടു തിരഞ്ഞെടുപ്പുകളാണ് ഒരുമിച്ചെത്തുന്നത്. ആകെയുള്ള ലോക്സഭാ സീറ്റിലേക്കും 32 നിയമസഭാ സീറ്റുകളിലേക്കും. നിയമസഭാ സീറ്റുകളിലൊന്ന് ബുദ്ധമത പുരോഹിതരുടെ പ്രതിനിധിക്കായി നീക്കിവച്ചിരിക്കുന്നു. ഒരു മത പുരോഹിതന് നിയമസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കിയിരിക്കുന്നത് ജനാധിപത്യ ഇന്ത്യയിൽ ഒരുപക്ഷേ, ഇവിടെ മാത്രമാകും. 20 ശതമാനത്തിൽ താഴെ മാത്രമുള്ള ബുട്ടിയ-ലെപ്ച (ബിഎൽ) വിഭാഗക്കാർക്കായി യഥാക്രമം 12, 3 വീതം സീറ്റുകൾ മാറ്റിവച്ചിട്ടുണ്ട്. സിക്കിമിനെ സ്വർഗമാക്കുന്ന വൈവിധ്യങ്ങളെ അവർ അത്രമേൽ ചേർത്തുപിടിക്കുന്നു.

സിക്കിം ബൂത്തിലെത്തുമ്പോൾ

പ്രാദേശിക പാർട്ടികൾ തമ്മിലാണു പോരാട്ടം. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്(എസ്ഡിഎഫ്) x സിക്കിം ക്രാന്തികാരി മോർച്ച(എസ്കെഎം). ആകെയൊരു ലോക്സഭാ സീറ്റേയുള്ളൂ. തങ്ങളുടെ പ്രതിനിധിയെ ലോക്സഭയിലെത്തിക്കുന്നത് അഭിമാന പ്രശ്നമാണ്. അതുകൊണ്ടുതന്നെ പൊരിഞ്ഞ പോരാട്ടമാണ്. എസ്കെഎം താരതമ്യേന പുതിയ പാർട്ടിയാണ്. 2014 പൊതുതിരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയതാണ് ഇതുവരെയുള്ള നേട്ടം. എസ്ഡിഎഫ് ആദ്യമായി മൽസരിച്ച 1996 മുതൽ ഇതുവരെ തോൽവിയറിയാത്ത പാർട്ടിയും. 

32 നിയമസഭാ സീറ്റുകളിലേക്ക് 150 സ്ഥാനാർഥികളാണുള്ളത്. രണ്ടു തിരഞ്ഞെടുപ്പുകളും ഏപ്രിൽ 11ന്. ലോക്സഭയിലേക്ക് 11 സ്ഥാനാർഥികളുണ്ട് ഇത്തവണ: ധീരജ് കുമാർ റായ്(എസ്ആർപി), ഡി.ബി. കത്‌വാൾ(എസ്ഡിഎഫ്), മഹേന്ദ്ര ഥാപ(സ്വത), ബീരജ് അധികാരി(എച്ച്എസ്പി), ഭാരത് ബസന്ത്(കോണ്‍ഗ്രസ്), പസങ് ഗ്യാലി ഷെർപ(സ്വത), സൻ മായ ഗുരുങ്(സ്വത), റാബിൻ റായ്(ഓൾ ഇന്ത്യൻസ് പാർട്ടി), ലാടെൻ ഷെറിങ് ഷെർപ(ബിജെപി), ഇന്ദ്ര ഹങ് സുബ്ബ(എസ്കെഎം), നരേന്ദ്ര അധികാരി(എസ്‌യുഎഫ് - സിക്കിം യുണൈറ്റഡ് ഫ്രണ്ട്).

ജൈത്രയാത്ര തുടരാൻ എസ്ഡിഎഫ്

എസ്ഡിഎഫിന്റെ ചരിത്രപുസ്തകത്തിൽ തോൽവി എന്ന വാക്ക് ഇതുവരെ ചേർക്കപ്പെട്ടിട്ടില്ല. 1994 ഡിസംബർ 12ന് മുഖ്യമന്ത്രിക്കസേരയിൽ കയറിയതാണു പാർട്ടി തലവൻ പവൻ കുമാർ ചാംലിങ്. ഇതുവരെ ഇറങ്ങിയിട്ടില്ല. തുടർച്ചയായ എട്ടാം വിജയത്തിന് അങ്കംകുറിച്ചിരിക്കുന്ന ഈ അറുപത്തെട്ടുകാരൻ രാജ്യത്ത് ഏറ്റവും കൂടുതൽ കാലമായി അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രികൂടിയാണ്. ഇത്തവണ രണ്ടു നിയമസഭാമണ്ഡലങ്ങളിൽ അദ്ദേഹം മൽസരിക്കുന്നുണ്ട്. ഡി.ബി. കത്‌വാൾ ആണു ലോക്സഭാ സ്ഥാനാർഥി.

sikkim legislative assembly elections results 2014

ലോകത്തെതന്നെ ഏറ്റവും സമാധാനമുള്ള പ്രദേശമായി സിക്കിമിനെ മാറ്റാൻ 25 വർഷത്തെ ഭരണംകൊണ്ടു സാധിച്ചെന്ന അവകാശവാദവുമായാണു ചാംലിങ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. രാഹുൽ ഗാന്ധി ‘ന്യായ്’ പദ്ധതി അവതരിപ്പിക്കുംമുൻപേ സമാന വാഗ്ദാനവുമായി പ്രകടനപത്രിക പുറത്തിറക്കിയിരുന്നു അദ്ദേഹം. എല്ലാവർക്കും ജീവിതമാർഗം ഉറപ്പാക്കുന്ന ‘വൺ പേഴ്സൻ, വൺ പ്രഫഷൻ’ സ്കീമാണ് അവതരിപ്പിച്ചിരിക്കുന്നത്. യുവാക്കൾക്കു വാരിക്കോരി വാഗ്ദാനങ്ങളാണ്. സർവകലാശാല തലംവരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പുനൽകുന്നുണ്ട്. ജനന നിരക്ക് അപകടകരമാംവിധം കുറവുള്ള സംസ്ഥാനമാണു സിക്കിം. തദ്ദേശീയരായ ലെപ്ച, ബൂട്ടിയ, സിക്കിമീസ് നേപ്പാളീസ് വിഭാഗങ്ങളിൽ ജനസംഖ്യ ഗണ്യമായി കുറയുന്നു. ഒന്നിലധികം കുട്ടികൾക്കു ജന്മം നൽകുന്ന സ്ത്രീകൾക്ക് 10,000 രൂപവരെ ധനസഹായം നൽകുന്ന ‘പ്രൗഡ് മദർ സ്കീം’ തന്റെ പുതിയ സർക്കാർ നടപ്പാക്കുമെന്നും വാഗ്ദാനമുണ്ട്.

പച്ചതൊടാൻ എസ്കെഎം

നിലവിൽ നിയമസഭയിൽ 10 എംഎൽഎമാരാണ് എസ്കെഎമ്മിന്റെ സമ്പാദ്യം. ഇത്തവണ വിജയംതന്നെയാണു ലക്ഷ്യം. ചാംലിങ്ങിനെപ്പോലെ അനിഷേധ്യനായൊരു നേതാവില്ലെന്നതാണ് പ്രധാന വെല്ലുവിളി. അവർ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്ന പാർട്ടി പ്രസിഡന്റ് പി.എസ്. ഗോലെ മൽസരിക്കുന്നില്ല. 1996ൽ മന്ത്രിയായിരുന്ന കാലത്തെ അഴിമതിക്കേസിൽ ഒരു വർഷത്തെ തടവ് വിധിക്കപ്പെട്ടിരുന്നു. അപ്പീൽ ഹൈക്കോടതി തള്ളിയതിനെത്തുടർന്ന് ജയിലിൽപോയ ഗോലെ മോചിതനായത് കഴിഞ്ഞ ഓഗസ്റ്റിലാണ്. അഴിമതിക്കേസിൽ തടവുശിക്ഷ പൂർത്തിയാക്കിയ ശേഷം ആറു വർഷത്തേക്കു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പാടില്ലെന്നാണു ചട്ടം. അതായത്, 2024 വരെ മൽസരിക്കാൻ അയോഗ്യതയുള്ളയാളാണു പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി!

sikkim lok sabha elections results 2014

തൊഴിലില്ലായ്മ വർധിച്ചെന്നാണ് ചാംലിങ് സർക്കാരിനെതിരെ ഉയർത്തുന്ന പ്രധാന ആരോപണം. തൊഴിൽരഹിതരായ ചെറുപ്പക്കാരിൽ പരമാവധി പേർക്ക് 100 ദിവസത്തിനുള്ളിൽ സർക്കാർ ജോലി, ബാക്കിയുള്ളർക്കു 10,000 രൂപ പ്രതിമാസ വേതനം എന്ന വാഗ്ദാനവുമായാണു യുവാക്കൾക്കിടയിൽ പാർട്ടി വോട്ട് തേടുന്നത്. തങ്ങളുടെ സർക്കാർ വന്നാൽ വിദ്യാഭ്യാസ, കാർഷിക വായ്പകളെല്ലാം എഴുതിത്തള്ളുമെന്നും ഉറപ്പുനൽകുന്നു (നിലവിൽ സർക്കാർ ജോലിക്ക് അപേക്ഷിക്കണമെങ്കിൽ ലോൺ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം).

തുടങ്ങി, തുടർച്ച കിട്ടാതെ കോൺഗ്രസ്

1977ൽ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ എതിരില്ലാതെ വിജയിച്ചതാണു കോൺഗ്രസ്. പിന്നീടിന്നുവരെ സിക്കിമിൽ വിജയിക്കാൻ പാർ‍ട്ടിക്കു കഴിഞ്ഞില്ല. 2004, 2009 ഉൾപ്പെടെ അഞ്ചുതവണ രണ്ടാമതെത്തിയ കോൺഗ്രസ് 2014ൽ ബിജെപിക്കും പിന്നിൽ നാലാമതായി. ആകെ കിട്ടിയത് 7189 വോട്ട് (ബിജെപിക്ക് 7279). നിയമസഭയിലും എടുത്തുപറയത്തക്ക നേട്ടമൊന്നുമില്ല. 2014ൽ കിട്ടിയ വോട്ട് 4390 (1.4%). ബിജെപിക്കു മുന്നിലെത്തിയെന്ന് ആശ്വസിക്കാം. നിയമസഭയിൽ നാലാമതായ ബിജെപിക്ക് കിട്ടിയത് 2280 വോട്ട് (0.7%). സഖ്യസാധ്യതകൾക്കൊന്നും ഇത്തവണയും ശ്രമിച്ചിട്ടില്ല. ഭാരത് ബസന്ത് ആണു സ്ഥാനാർഥി.

കൂട്ട് കൈവിട്ട് ബിജെപി

എൻഡിഎയിലും ബിജെപിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഇതര കൂട്ടുകെട്ടായ നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിലും (നേഡ) അംഗമായിരുന്ന എസ്ഡിഎഫ് തങ്ങളുമായി തെറ്റിയത് ബിജെപിക്കുണ്ടായ ആദ്യ തിരിച്ചടിയായിരുന്നു. തുടർന്നു പ്രതിപക്ഷമായ എസ്കെഎമ്മുമായി സഖ്യത്തിനായി നീക്കം. ദേശീയതലത്തിൽ സഹകരണമാകാമെങ്കിലും സംസ്ഥാനത്തു സീറ്റ് പങ്കിടൽ വേണ്ടെന്ന കർശന നിലപാടെടുത്ത എസ്ഡിഎഫിനെതിരെ പുതിയ കൂട്ടുകെട്ടിലൂടെ നേട്ടമുണ്ടാക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. ക്രാന്തികാരി മോർച്ചയുമായി അവർ സഖ്യം പ്രഖ്യാപിച്ചെങ്കിലും തൊട്ടുപിന്നാലെ ആ കൂട്ടുകെട്ടിനു തങ്ങളില്ലെന്നു വ്യക്തമാക്കി എസ്കെഎം രംഗത്തെത്തി. ഒടുവിൽ ഒറ്റയ്ക്കാണു ബിജെപിയുടെയും പോരാട്ടം. ലാടെൻ ഷെറിങ് ഷെർപയാണ് സ്ഥാനാർഥി.

‘വിസിലൂതി’ ബൈചുങ് ബൂട്ടിയയും

രാജ്യത്തിന് സിക്കിമിന്റെ സംഭാവനയായ ഫുട്ബോൾ താരം ബൈചുങ് ബൂട്ടിയയും ഇത്തവണ മൽസരക്കളത്തിലുണ്ട്. ഹംരോ സിക്കിം പാർട്ടി(എച്ച്എസ്പി) എന്ന സ്വന്തം പാർട്ടി രൂപീകരിച്ചിട്ട് ഒരു വർഷമാകുന്നു. വിസിൽ ആണു ചിഹ്നം. നിയമസഭയിലേക്കു ബൂട്ടിയ രണ്ടിടത്തു ജനവിധി തേടുന്നു -  ഗാങ്ടോക്ക്, തുമെൻ ലിങ്ഗി സീറ്റുകളിൽ. ബീരജ് അധികാരിയാണു ലോക്സഭാ സ്ഥാനാർഥി. ഭരണപക്ഷത്തെ ആക്രമിക്കുന്നതിലും പ്രചാരണത്തിലും എച്ച്എസ്പി പ്രധാന പ്രതിപക്ഷമായ ക്രാന്തികാരി മോർച്ചയെക്കാൾ ഒരുപടി മുന്നിലാണെന്നു തന്നെ പറയാം. എങ്കിലും കന്നിയങ്കമാണ്. സിക്കിം ജനതയുടെ മനസ്സിൽ രാഷ്ട്രീയക്കാരനായ ബൂട്ടിയയുടെ സ്ഥാനമെന്തെന്നറിയണമെങ്കിൽ വിധി വരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com