ADVERTISEMENT

ഒട്ടേറെ ബോധവൽക്കരണങ്ങൾക്കു ശേഷവും വോട്ടിന്റെ വില തിരിച്ചറിയാത്തവരാണു പലരും. എത്രയൊക്കെ ആഹ്വാനങ്ങളുണ്ടായാലും ‘ഇതൊക്കെ എന്ത്’ എന്ന് അവഗണിച്ച് വോട്ട് െചയ്യാതിരിക്കുന്ന എത്രയോ പേരുണ്ട്. എന്നാൽ, ഓരോ വോട്ടറെയും എത്ര വിലപ്പെട്ടവരായാണു നമ്മുടെ ജനാധിപത്യ സംവിധാനം കാണുന്നതെന്നറിയാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അരുണാചൽ പ്രദേശിൽ നേരിടുന്ന ‘കഷ്ടപ്പാടുകൾ’ അറിഞ്ഞാൽ മതി.

ആകെയുള്ള രണ്ടു ലോക്സഭാ മണ്ഡലങ്ങളിലേക്കും നിയമസഭയിലെ 60 സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് ആദ്യഘട്ടത്തിൽതന്നെ പൂർത്തിയായി. പക്ഷേ, ഒപ്പം വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെയൊക്കെ കണക്കുകൾ പുറത്തുവന്ന ശേഷമാണു തിര‍ഞ്ഞെടുപ്പ് കമ്മിഷൻ അരുണാചലിലെ പോളിങ് ശതമാനം കണക്കുകൂട്ടിത്തുടങ്ങിയത്. മലമുകളിലും ഉൾക്കാടുകളിലുമുൾപ്പെടെയുള്ള വിദൂര ഗ്രാമങ്ങളിലെ ബൂത്തുകളിൽനിന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോളിങ് സാമഗ്രികളുമായി തിരിച്ചെത്തിയിട്ടു വേണമല്ലോ കണക്കെടുപ്പ്!

ആകെ 7,98,249 വോട്ടർമാർ വോട്ടർമാരാണ് അരുണാചലിലുള്ളത്. പോളിങ് ബൂത്തുകൾ 2202. ഇതിൽ 518 എണ്ണം വിദൂര ബൂത്തുകളാണ്. ഒറ്റപ്പെട്ട ഉൾഗ്രാമങ്ങളിലെ ഈ ബൂത്തുകളിലെത്താൻ 12 മണിക്കൂർ മുതൽ മൂന്നു ദിവസം വരെ സഞ്ചരിക്കണം. കാടും മലയും അരുവികളുമെല്ലാം കടന്നുള്ള യാത്രയിൽ പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയാകും. മുക്തോ മണ്ഡലത്തിലുള്ള ലുഗുതാങ് ഗ്രാമത്തിലെ പോളിങ് ബൂത്തിലെത്താൻ ഉദ്യോഗസ്ഥർ 13,583 അടി മലചവിട്ടേണ്ടിവന്നു. അഞ്ചു ഗ്രാമങ്ങളിലേക്ക് ഇത്തവണ പോളിങ് സാമഗ്രികളും ഉദ്യോഗസ്ഥരെയും ഹെലികോപ്റ്ററിൽ ‘എയർലിഫ്റ്റ്’ ചെയ്യുകയായിരുന്നു. വാഹന ഗതാഗതം സാധ്യമല്ലാത്ത വനാന്തരങ്ങളിലെ ചില ദുർഘട പാതകൾ താൽക്കാലികമായി ‘നന്നാക്കി’ ട്രാക്ടറിലാണു ചില ബൂത്തുകളിലെത്തിയത്. അതുപോലും പറ്റാത്തിടത്തു കഴുതപ്പുറത്തായിരുന്നു വോട്ടിങ് യന്ത്രത്തിന്റെയും പോളിങ് ഉദ്യോഗസ്ഥരുടെയും യാത്ര!

ഈ വിദൂര ബൂത്തുകളിൽ പലതിലും വോട്ടർമാരുടെ എണ്ണം തീരെക്കുറവാണ്. പത്തിൽതാഴെ വോട്ടർമാരുള്ള ഏഴു ബൂത്തുകൾ സംസ്ഥാനത്തുണ്ട്. പക്കെ-കെസാങ് മണ്ഡലത്തിലെ ലാംട ബൂത്തിൽ ആറു വോട്ടർമാരാണുള്ളത്. പത്തിനും നൂറിനുമിടയിൽ വോട്ടർമാരുള്ള 281, 101-200 വോട്ടർമാരുള്ള 453 വീതം ബൂത്തുകൾ അരുണാചലിലുണ്ട്. മലോഗാവ് ഗ്രാമത്തിലെ പോളിങ് ബൂത്തിലേക്ക് ഉദ്യോഗസ്ഥരും പൊലീസുകാരും ചുമട്ടുകാരുമെല്ലാമായി ഇരുപതോളം പേർ 12 മണിക്കൂർ വനത്തിലൂടെ നടന്ന് എത്തിയത് ഒരേയൊരു വോട്ട് രേഖപ്പെടുത്താനാണ്! സകേല തയേങ് എന്ന 39 വയസ്സുകാരി മാത്രമാണ് ഈ ബൂത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ള വോട്ടർ. അവരുടെ വോട്ട് രേഖപ്പെടുത്തിയതോടെ 100% പോളിങ് എന്ന റെക്കോർഡുമായി ഇരുപതു പേരും തിരികെ ജില്ലാ ആസ്ഥാനത്തേക്ക്.

ഇത്ര കഷ്ടപ്പെട്ട് ഇവിടങ്ങളിൽചെന്ന് വിരലിലെണ്ണാവുന്ന വോട്ടുകൾ ഉറപ്പാക്കാൻ സ്ഥാനാർഥികൾ മിനക്കെടാറില്ല. എന്നുകരുതി തിരഞ്ഞെടുപ്പ് കമ്മിഷന് ഇവരെ അങ്ങനെയങ്ങ് അവഗണിക്കാൻ കഴിയില്ലല്ലോ... ഓരോ പൗരന്റെയും അവകാശം സംരക്ഷിക്കാൻ എന്തു ത്യാഗത്തിനും തയാറുള്ള വ്യവസ്ഥിതി കൂടിയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com