ADVERTISEMENT

ഗാങ്‌ടോക്‌∙ അധികാരക്കസേരയിൽ കാൽ നൂറ്റാണ്ടും റെക്കോഡും തികച്ച് സിക്കിമിന്റെ ‘ചാമിങ്’ ചാംലിങ്ങിന് പടിയിറക്കം. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രി, എടുത്തുകാട്ടാൻ തന്നെപ്പോലൊരു നേതാവുതന്നെയില്ലാത്ത എതിർ കക്ഷിക്കു മുന്നിൽ കീഴടങ്ങിയത് ഇഞ്ചോടിഞ്ച് പോരാട്ടത്തിനു ശേഷമാണ്. മൽസരിച്ച രണ്ടു സീറ്റിലും തിളക്കമേറിയ വിജയം സ്വന്തമാക്കിയതും എതിരാളികൾക്കു നേടാനായത് കൃത്യം ‘പാസ് മാർക്ക്’ മാത്രമാണെന്നതും ഒരു തരത്തിൽ പവൻ കുമാർ ചാംലിങ്ങിന്റെ വിജയം തന്നെ; 25 വർഷത്തെ തുടർ ഭരണത്തിൽ ശക്തമായൊരു ഭരണവിരുദ്ധ വികാരം ഇതുവരെയുണ്ടായിട്ടില്ലല്ലോ. 1994ൽ കയറിയിരുന്ന കസേരയിൽനിന്ന് ഇറങ്ങാം, ഇനി 5 വർഷം പ്രതിപക്ഷക്കസേരയിൽ.

32 സീറ്റുള്ള സിക്കിമിൽ, ആറാമൂഴത്തിൽ പവൻ കുമാർ ചാംലിങ്ങിന്റെ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് നേടാനായത് 15 സീറ്റുകള്‍ മാത്രം. ഭരിക്കാനുള്ള ഭൂരിപക്ഷമായ 17 സീറ്റ് നേടി സിക്കിം ക്രാന്തികാരി മോർച്ച ഇക്കുറി സർക്കാർ രൂപീകരിക്കും. ഒരിക്കൽ ചാംലിങ്ങിന്റെ സർക്കാരിൽ മന്ത്രിയായിരുന്നു എസ്കെഎം അധ്യക്ഷൻ പി.എസ്. ഗോലെ. പശുക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ടതോടെ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടിവന്നു. ഒരു വർഷത്തെ തടവിനു ശേഷം ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞ ഓഗസ്റ്റിലാണ്. അതുകൊണ്ടുതന്നെ, തിരഞ്ഞെടുപ്പ് ചട്ടമനുസരിച്ച് ഇത്തവണ മൽസരിക്കാനായില്ല. സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം എസ്കെഎമ്മിനുണ്ടായിരുന്നോ എന്നുപോലും സംശയിക്കണം; മുഖ്യമന്ത്രി സ്ഥാനാർഥി പോലുമില്ലാതെയാണു പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. കാൽ നൂറ്റാണ്ടിനു ശേഷം പടിയിറങ്ങുന്ന ചാംലിങ്ങിന് പകരക്കാരനാരെന്ന് എസ്കെഎമ്മിന് ഇനി വേണം ആലോചിച്ചു തുടങ്ങാൻ!

ചാംലിങ് കാലത്ത് സിക്കിം

കർഷകനായിരുന്നു പവൻ കുമാർ ചാംലിങ്; കവിയും. 25 വർഷമായി സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുമ്പോഴും സാധാരണക്കാരുമായി ഇടപഴകുമ്പോൾ ആ കർഷക പ്രതിച്ഛായ നിലനിർത്താൻ ശ്രദ്ധിച്ചു; ജനങ്ങളുമായി നിരന്തരം നേരിട്ടുള്ള സമ്പർക്കത്തിലൂടെ ജനകീയൻ. വിവാദങ്ങൾ മാറിനിന്ന ഭരണ കാലത്ത് സംസ്ഥാനത്ത് എല്ലാ മേഖലയിലും വളർച്ചയുണ്ടായി.

∙ പിന്നാക്ക സംസ്ഥാനം എന്ന നിലയിൽനിന്ന് സുസ്ഥിര സാമ്പത്തിക വളർച്ചയുള്ള വികസിത സംസ്ഥാനങ്ങളുടെ നിരയിലേക്കുയർന്നു.

∙ സംസ്ഥാനം പ്രകൃതിസൗഹൃദമായി. കൃഷിയിടങ്ങളിൽ രാസവളങ്ങളും രാസ കീടനാശിനികളും പൂർണമായി നിരോധിച്ചു.

∙ അടിത്തട്ടിൽവവരെ ജനങ്ങളുമായി നേരിട്ട്  ബന്ധം. സാധാരണക്കാരനാണെന്നും കർഷകനാണെന്നും അവസരം കിട്ടുമ്പോഴൊക്കെ ഓർമിപ്പിക്കുന്നു; ആ പ്രതിച്ഛായയിൽ തന്നെ ജനങ്ങളുമായി നേരിട്ടിടപെടുന്നു.

∙ രാഹുൽ ഗാന്ധി ‘ന്യായ്’ പദ്ധതി പ്രഖ്യാപിക്കുന്നതിനും മുൻപേ അതു നടപ്പാക്കിയ സംസ്ഥാനമാണ് സിക്കിം. അടിസ്ഥാന വരുമാന പദ്ധതിയനുസരിച്ച് എല്ലാവർക്കും സ്ഥിര വരുമാനം ഉറപ്പാക്കി.

∙ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരുടെ എണ്ണം 2014ലെ 40%ൽ നിന്ന് 2019 ആയപ്പോൾ 8% എത്തി.

∙ ന്യൂനപക്ഷ വിഭാഗങ്ങളെ ചേർത്തു നിർത്തി.

ഇതൊക്കെയാണെങ്കിലും, മുൻ ഭരണകാലത്തെക്കാളെല്ലാം വെല്ലുവിളികൾ ആറാമൂഴത്തിൽ ചാംലിങ്ങിനു നേരിടേണ്ടി വന്നു. സർക്കാരിനെതിരെ മുൻപില്ലാത്ത വിധം അഴിമതിയാരോപണങ്ങളുണ്ടായി. തൊഴിലില്ലായ്മയും യുവാക്കളിലെ ലഹരി ഉപയോഗവും രൂക്ഷമായി. പ്രതിപക്ഷം ഇതെല്ലാം ആയുധമാക്കി. 

ഒരു വർഷം മുൻപു രൂപീകരിച്ച ഹംരോ സിക്കിം പാർട്ടി(എച്ച്എസ്പി)യുമായി രാജ്യത്തിന്റെ ഫുട്ബോൾ അഭിമാനം ബൈചുങ് ബൂട്ടിയ ശക്തമായ മൽസരത്തിന് അരങ്ങൊരുക്കിയിരുന്നു. പ്രചാണത്തിൽ അവർ എസ്കെഎമ്മിനെക്കാൾ ഒരുപടി മുന്നിലായിരുന്നുതാനും. ചാംലിങ് സർക്കാരിനെതിരെ തുടരെ ആരോപണ ശരങ്ങളുമായി പ്രചാരണകാലത്തുടനീളം സജീവമായിരുന്ന എച്ച്എസ്പിയെ പക്ഷേ, വോട്ടർമാർ തുണച്ചില്ല. നിയമസഭയിലേക്കു മൽസരിച്ച രണ്ടു മണ്ഡലത്തിലും ജനം ബൂട്ടിയയെ കൈവിട്ടു. ബൂട്ടിയയുടെ അധ്വാനത്തിന്റെ ഫലം എസ്കെഎം കൊയ്തെന്നു വേണമെങ്കിലും പറയാം.

ചാംലിങ്ങിന്റെ സഹോദരൻ രൂപ് നാരായൺ ചാംലിങ് 2017ൽ രൂപീകരിച്ച സ്വന്തം പാർട്ടി(സിക്കിം രാജ്യ മഞ്ച്–എസ്ആർഎം) ടിക്കറ്റിൽ ഇത്തവണ മൽസരിച്ചിരുന്നു. എസ്ഡിഎഫിന്റെയും സഹോദരന്റെയും സർവാധിപത്യം അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യം.

2009ൽ മുഴുവൻ സീറ്റും തൂത്തുവാരി പ്രതിപക്ഷമില്ലാതെ അധികാരമേറ്റ പാർട്ടിയാണ് എസ്ഡിഎഫ്. 2014ൽ ചാംലിങ്ങിന് വൻ വെല്ലുവിളിയുയർത്തിയ എസ്കെഎം 10 സീറ്റ് നേടിയിരുന്നു. ഈ പുലരി സിക്കിമിന് വ്യത്യസ്തമാണ്; 25 വർഷം തങ്ങളെ നയിച്ച ‘ചാം’ മങ്ങിയ ശേഷമുള്ള പുലരി, മാറ്റത്തിന്റെ പുലരി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com