ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ പരാജയപ്പെടുകയും കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുകയും ചെയ്തതോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ശബ്ദവും ഇല്ലാതായോ എന്നാണ് കോണ്‍ഗ്രസ് പ്രവർത്തകർ ചോദിച്ചിരുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ രാജ്യതലസ്ഥാനം കത്തുമ്പോഴും രാഹുലിനെ മാത്രം എവിടെയും കണ്ടില്ല. ജെഎൻയുവിൽ സംഘർഷമുണ്ടായി വിദ്യാർഥികളും അധ്യാപകരും ആശുപത്രിയിലായപ്പോൾ രാഹുലിനു പകരം എത്തിയത് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയായിരുന്നു. നിർണായക സാഹചര്യങ്ങളിലെല്ലാം രാഹുൽ ഗാന്ധിയുടെ ‘അസാന്നിധ്യം’ എല്ലായിടത്തും ചർച്ചയായി.

അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയ സംഭവത്തിൽ പ്രതിഷേധിച്ചെന്ന് ആരോപിച്ച് ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവ് കനയ്യ കുമാറിനെ 2016ൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് കനയ്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സർവകലാശാലയിലെത്തിയ ആളാണു രാഹുൽ ഗാന്ധി. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ച് അന്നത്തെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രൂക്ഷവിമർശനമായിരുന്നു രാഹുലിനെതിരെ ഉയര്‍ത്തിയത്. എങ്കിലും അദ്ദേഹം തന്റെ നിലപാടുകളിൽ ഉറച്ചുനിന്നു. ഇക്കുറി പക്ഷേ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം ഏതാനും ട്വീറ്റുകളിലേക്ക് ഒതുങ്ങിപ്പോയെന്നായിരുന്നു പ്രധാന വിമർശനം. എന്നാൽ നിർത്തിയ ഇടത്തുനിന്നു തുടങ്ങാൻ രാഹുല്‍ തിരിച്ചുവരവിന് ഒരുങ്ങുന്നതായാണു പുതിയ റിപ്പോർട്ടുകൾ.

നിർണായക ഘട്ടങ്ങളിൽ നിശ്ശബ്ദം

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ സമയങ്ങളിൽ കോൺഗ്രസിനു പരുക്കേൽപിച്ചത് രാഹുൽ ഗാന്ധിയുടെ ‘നനഞ്ഞ നീക്കങ്ങ’ളായിരുന്നെന്നു വിമർശനമുയർന്നിരുന്നു. ജാർഖണ്ഡ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന സമയത്ത് രാഹുൽ ദക്ഷിണ കൊറിയയിലെ സോളിലായിരുന്നു. അന്നും രാഹുലിനു പകരം പാർട്ടിയെ നയിച്ചത് പ്രിയങ്കയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബർ 15ന് പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി ജാമിയ മില്ലിയ സർവകലാശാലയിൽ പ്രതിഷേധവും പിന്നാലെ സംഘർഷവുമുണ്ടായപ്പോഴും രാഹുൽ സോൾ സന്ദർശനത്തിലായിരുന്നു. അന്ന് ഇന്ത്യ ഗേറ്റിൽ നടന്ന കോൺഗ്രസ് പ്രതിഷേധം നയിച്ചതും പ്രിയങ്ക ഗാന്ധി.

ദക്ഷിണ കൊറിയൻ പ്രധാനമന്ത്രിയെ കാണുന്നതിനുള്ള ഔദ്യോഗിക സന്ദർശനമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിശദീകരണം. പൗരത്വ ഭേദഗതി നിയമം ചർച്ച ചെയ്യാൻ കോൺഗ്രസ് വിളിച്ച കോർ കമ്മിറ്റി യോഗത്തിനും രാഹുൽ എത്തിയില്ല. പിന്നീട് രാഹുൽ പ്രത്യക്ഷപ്പെട്ടത് ഡിസംബർ 28ന് രാജ്പഥിൽ കോൺഗ്രസ് നടത്തിയ സത്യഗ്രഹത്തിലാണ്. കഴിഞ്ഞ വർഷം നവംബർ 18നാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങിയത്. സമ്മേളനത്തിന്റെ ആദ്യ ആഴ്ചകളിൽ രാഹുൽ ഗാന്ധി പാർലമെന്റിലുണ്ടായിരുന്നില്ല. ഒക്ടോബർ അവസാനം ധ്യാനത്തിന് അദ്ദേഹം ഇന്ത്യ വിട്ടു. ഈ യാത്ര കാരണമാണ് കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ കോണ്‍ഗ്രസ് നടത്താനിരുന്ന ‘ഭാരത് ബച്ചാവോ’ പ്രതിഷേധം രണ്ടു തവണ മാറ്റിവച്ചത്.

തോൽവി, രാജി, ഒഴിഞ്ഞുമാറൽ

വെറും രണ്ടു വർഷത്തിൽ താഴെ മാത്രമാണ് രാഹുൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ പ്രകടനത്തിനു പിന്നാലെ തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു സ്ഥാനമൊഴിഞ്ഞു. മുതിർന്ന നേതാക്കളടക്കം നിർബന്ധിച്ചിട്ടും തീരുമാനത്തിൽനിന്നു രാഹുൽ പിന്നോട്ടുപോയില്ല. പിന്നീടു മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനു ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു സോണിയ ഗാന്ധി വന്നത്. 

രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവിനായിട്ടാണ് ഭാരത് ബച്ചാവോ റാലി, ജാർഖണ്ഡ് തിരഞ്ഞെടുപ്പ് പ്രചാരണം, സത്യഗ്രഹം എന്നിവയെല്ലാം ആസൂത്രണം ചെയ്തതെന്ന് കോൺഗ്രസിന്റെ മുതിര്‍ന്ന നേതാവു തന്നെ ദേശീയ മാധ്യമങ്ങളോടു വ്യക്തമാക്കിയിട്ടുള്ളതാണ്. അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയുകയാണെന്ന് അറിയിച്ചതിനു പിന്നാലെ, അനുനയിപ്പിക്കുന്നതിനായി പല നേതാക്കളും രാഹുൽ ഗാന്ധിയെ കാണാൻ ശ്രമിച്ചിരുന്നു. എന്നാൽ കൂടിക്കാഴ്ചകൾക്കോ ചർച്ചകൾക്കോ മുതിരാതെ മാറിനിൽക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് തലപ്പത്തേക്കു വീണ്ടും വരുമോ?

വിശ്രമങ്ങളില്‍നിന്നും ധ്യാനത്തിൽനിന്നും പുതിയ ഊർജം നേടി രാഹുൽ കോൺഗ്രസ് നേതൃസ്ഥാനത്തേക്കു തിരിച്ചുവരുമെന്നു പല ദേശീയ മാധ്യമങ്ങളിലും റിപ്പോർട്ടുകളുണ്ട്. അതിന്റെ ഭാഗമായി പൊതുപരിപാടികളുടെ വലിയ നിര തന്നെയാണു രാഹുലിനെ കാത്തിരിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലുള്ള രാജസ്ഥാനിൽ ചൊവ്വാഴ്ച നടന്ന രാഹുൽ ഗാന്ധിയുടെ പൊതുയോഗത്തിൽ ഉയർത്തിയത് 40 അടി വരെ ഉയരത്തിലുള്ള കട്ട്ഔട്ടുകളാണ്. യോഗത്തിൽ വളരെ കുറച്ചു മാത്രം സംസാരിച്ച രാഹുൽ പരാമർശിച്ചത് രാജ്യത്തിന്റെ സാമ്പത്തിക തകർച്ചയും തൊഴിലില്ലായ്മയും ഉൾപ്പെടെയുള്ള കാര്യങ്ങളും.

കോൺഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലും കേരളത്തിലുമുൾപ്പെടെ രാഹുലിന് വരും ദിവസങ്ങളിൽ പരിപാടികളുണ്ട്. അതിനുശേഷം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന മറ്റ് ഇടങ്ങളിലും രാഹുലെത്തും. രാഹുലിന്റെ യാത്രകളുടെ ഉദ്ദേശ്യമെന്തെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോടു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ– ‘തൊഴിലില്ലായ്മ, കാര്‍ഷിക രംഗത്തെ തകർച്ച, വിലക്കയറ്റം എന്നിവയിൽനിന്നു ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മോദി സർക്കാരിന്റെ ശ്രമം. സർക്കാരിന്റെ പരാജയം ഉയർത്തിക്കാട്ടി രാഹുൽജിയും കോൺഗ്രസും ഇതിനെ പരാജയപ്പെടുത്തും.’

പൗരത്വ നിയമത്തിന്റെ പേരിൽ കേന്ദ്രസർക്കാരിനെതിരെ രാജ്യത്തു വലിയ പ്രതിഷേധങ്ങളാണു തുടരുന്നത്. രണ്ടാം വരവിന് രാഹുൽ ഒരുങ്ങുകയാണെങ്കില്‍ ഇതിലും മികച്ചൊരു അവസരം വേറെയില്ലെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.

English Summary: Rahul Gandhi and Congress leadership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com