ADVERTISEMENT

പത്തനംതിട്ട ∙ ഒട്ടേറെ ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണ് ഓരോ പ്രളയവും ഒഴുക്കിക്കൊണ്ടുവരുന്നത്. എത്രമഴ കിട്ടി, എവിടെയെല്ലാം പെയ്തു, നദിയിൽ എത്ര ജലമുണ്ട്, എങ്ങനെ അളക്കുന്നു തുടങ്ങിയവ ഇതിൽ ചിലതു മാത്രം. കാലാവസ്ഥാ വകുപ്പ്, കെഎസ്ഇബി, ജലസേചന വകുപ്പ്, സെൻട്രൽ വാട്ടർ കമ്മിഷൻ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, കലക്ട്രേറ്റ് എന്നീ ഏജൻസികളാണ് ജില്ലകളിൽ മഴയെയും പ്രളയത്തെയും സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നത്. പല ഏജൻസികൾ എടുക്കുന്ന കണക്കുകളിൽ ചിലപ്പോൾ ഏറ്റക്കുറച്ചിലുകളോ ചേർച്ചയില്ലായ്മകളോ കാണുക സ്വാഭാവികം. പ്രളയസാധ്യതയുടെ വക്കിലെത്തിയ മധ്യതിരുവിതാംകൂർ മേഖലയിൽ നിന്ന് വിവിധ ഏജൻസികൾ ശേഖരിച്ച ചില വിവരങ്ങളിലൂടെ.... 

അപകടനിലയിൽ നിന്ന് താഴാൻ മടിച്ച പുഴവെള്ളം

പത്തനംതിട്ട ജില്ലയിലെ ജലനിരപ്പ് അപകടനിലയിൽ നിന്നു സാധാരണ നിലയിലേക്ക്. സംസ്ഥാന ജലസേചന വകുപ്പ് ജില്ലയിലെ ആറു സ്ഥലങ്ങളിൽ തിങ്കളാഴ്ച നടത്തിയ നിരീക്ഷണത്തിന്റെ ഫലം ഇങ്ങനെ. പമ്പാ നദിയിലെ മാരാമണ്ണിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 6.67മീറ്ററായിരുന്ന ജലനിരപ്പ് വൈകിട്ടോടെ 6.46 മീറ്ററായി. 

അയിരൂരിൽ 7.90 മീറ്ററായിരുന്നത് 7.82 ആയി താണു. അച്ചൻകോവിലാറ്റിലെ കല്ലേലിയിൽ 30 മീറ്ററാണ് ജലനിരപ്പ്. കോന്നിയിൽ 26 മീറ്ററും പന്തളത്ത് 5 മീറ്ററുമാണ് ജലനിരപ്പ്. മണിമലയാറ്റിലെ കുറ്റൂർ തോണ്ടറ പാലത്തിൽ 5 മീറ്ററും കോട്ടയം ജില്ലയിലെ മണിമലയിൽ 12 മീറ്ററും ജലനിരപ്പുണ്ട്. ഇതിൽ പമ്പയിലെയും മണിമലയിലെയും ജലനിരപ്പ് അപകടകരമായ തോതിൽ തന്നെയാണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നു.

എന്നാൽ കേന്ദ്ര ജലകമ്മിഷൻ നിരീക്ഷണം നടത്തുന്ന പമ്പാനദിയിലെ ആറന്മുള മാലക്കരയിൽ 6.14 മീറ്ററാണു ജലനിരപ്പ്. മുന്നറിയിപ്പു നിരപ്പിനും മുകളിലാണിത്. മണിമലയാറ്റിലെ കല്ലൂപ്പാറയിൽ 7.41 മീറ്റർ ജലനിരപ്പുണ്ട്. ഇതും അപകടനിലയ്ക്കു മുകളിൽ.

ചരിത്രപരം ഡാം അളവിലെ ഈ വൈരുധ്യം

പമ്പാ ഡാമിന്റെയും കക്കി–ആനത്തോടിന്റെയും അളവ് സമുദ്രനിരപ്പിനെ അടിസ്ഥാനമാക്കി മീറ്റർ തോതിലാണ് നിജപ്പെടുത്തിയിരിക്കുന്നത്.. എന്നാൽ മുല്ലപ്പെരിയാറിലേത് സമുദ്രനിരപ്പിൽ നിന്നല്ല, ഡാം നിരപ്പിൽ നിന്നാണ്. ഇത് അടിക്കണക്കിലാണ്. ഇടുക്കി അണക്കെട്ടിലേത് സമുദ്രനിരപ്പിൽ നിന്നാണെങ്കിലും അടി കണക്കിലാണ്. എന്നാൽ പുതിയ ഡാമുകളായ ഇടമലയാറിലും മറ്റും ഡാം നിരപ്പിൽ നിന്നു മീറ്റർ കണക്കിലാണ് വെള്ളത്തിന്റെ അളവ് കണക്കാക്കുന്നത്.

പഴയ കാലത്തു നിർമിച്ച വമ്പൻ ഡാമുകളായ കാവേരിയിലെ മേട്ടൂർ ഡാമിലും മറ്റും ടിഎംസി തോതിലാണ് നിരപ്പ് കണക്കാക്കുന്നത്. ഏകദേശം 92 ടിഎംസി ശേഷിയുള്ള വമ്പൻ റിസർവോയറാണ് മേട്ടൂരിലെ സ്റ്റാൻലി ഡാം. ഇടുക്കിയുടെ ശേഷി 51 ടിഎംസി ആണെങ്കിലും കഴിഞ്ഞ അരനൂറ്റാണ്ടായി ഇടുക്കിയിൽ നിന്നു വരുന്നത് അടിക്കണക്കാണ്. 

നിർമാണം പൂർത്തിയായ കാലത്ത് ലോകത്ത് നിലനിന്ന അളവു സമ്പ്രദായങ്ങളാണ് ഓരോ ഡാമുകളുടെയും സംഭരണ തോതും ശേഷിയും കണക്കാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. പിന്നീട് ഇവ മാറ്റിയാൽ ഡാമിന്റെ കണക്കുകൂട്ടൽ തെറ്റുമെന്ന് ഈ രംഗത്തെ വിഗദ്ധനും കെഎസ്ഇബിയുടെ ഡാം ഉപദേശകനും മുല്ലപ്പെരിയാർ സെല്ലിലെ എൻജിനീയറുമായിരുന്ന ജെയിംസ് വിൽസൺ പറയുന്നു. കാലങ്ങളായി പിന്തുടരുന്ന അളവു രീതി പെട്ടെന്നു മാറ്റിയാൽ കണക്കുകൂട്ടൽ ബുദ്ധിമുട്ടാകും. അതാണ് കെഎസ്ഇബിയും മറ്റും പല രീതിയിൽ കണക്കു പറയുന്നത്.

∙ അപ്പർക്രസ്റ്റ് നിരപ്പ് – ഡാം ഷട്ടറിന്റെ അടിഭാഗത്തെ ജലനിരപ്പാണിത്. ഈ നിരപ്പിനു താഴെയാണ് ഡാമിനുള്ളിലെ ജലനിരപ്പെങ്കിൽ ഷട്ടർ തുറന്നാലും വെള്ളം പുറത്തേക്ക് ഒഴുകില്ല. 

‍∙ പമ്പാ ഡാം തുറന്നതിലൂടെ റാന്നി ഭാഗത്ത് പമ്പാ നദിയിൽ ഉയർന്ന ജലനിരപ്പ് 40 സെമീ മാത്രം. മാലക്കരയിലെ സ്റ്റേഷനിൽ 10 സെമീ മാത്രമാണ് ഉയർച്ച രേഖപ്പെടുത്തിയത്. 

ഡാമുകൾ നാടിനെ കാത്തു രക്ഷിച്ചു

ശക്തമായ മഴയിൽ വനത്തിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തെ തടഞ്ഞു നിർത്തി നാടിനെ വെള്ളപ്പൊക്കത്തിൽ നിന്നു കാക്കുകയാണു പമ്പാ നദിയുടെ വിവിധ കൈവഴികളിലെ ഡാമുകൾ ചെയ്യുന്നതെന്ന വാദവുമുണ്ട്. ശക്തമായ മഴ അടുത്തയാഴ്ചകളിൽ വന്നാലും ഇല്ലെങ്കിലും അത് മുൻകൂട്ടി കണ്ടുകൊണ്ട് ഉചിതമായ രീതിയിൽ ഡാമിൽ വെള്ളം ക്രമീകരിക്കാനാകുമെന്നതിനാലാണിത്.

മണിമലയിലും മീനച്ചിലിലും അച്ചൻകോവിലിലും വെള്ളം ക്രമാതീതമായി ഉയരുന്നതിനു കാരണം ഡാമുകളുടെ അഭാവമാണ്. നദികളുടെ പ്രകൃതിദത്തമായ സ്വാഭാവിക നീരൊഴുക്കിനെ തടസ്സപ്പെടുത്തി പരിസ്ഥിതിയുടെ താളം തെറ്റിക്കുന്നുവെന്ന വാദം ഉയരുമ്പോഴും ഡാമുകൾ ജലവൈദ്യുതിക്ക് ഒപ്പം പ്രളയനിയന്ത്രണത്തിനു സഹായിക്കുകയും ചെയ്യുന്നു. 

സംസ്ഥാനത്ത് മഴയുടെ അളവും തീവ്രതയും കുറഞ്ഞു

തിങ്കളാഴ്ച രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ പത്തനംതിട്ട ജില്ലയിലെ വർഷമാപിനികളിൽ മഴയുടെ തോതു കുറഞ്ഞു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അളവെടുക്കുന്ന അയിരൂർ കുരുടാമണ്ണിൽ 4.8 സെന്റിമീറ്ററും കോന്നിയിൽ 3.6 സെന്റിമീറ്ററും ശക്തികുറഞ്ഞ മഴ രേഖപ്പെടുത്തി. കെഎസ്ഇബി കണക്കെടുക്കുന്ന പമ്പാ ഡാമിൽ 6.5 സെന്റിമീറ്ററും കക്കിയിൽ 6.2 സെന്റിമീറ്ററും സാമാന്യം ശക്തമായ മഴ പെയ്തു. 

മഴയുടെ ശക്തി കുറയും; വീണ്ടും ന്യൂനമർദ സാധ്യത

തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള കാറ്റിന്റെ ശക്തി കുറഞ്ഞതിനാൽ ഇന്നു മുതൽ മഴയുടെ ശക്തി കുറയാനാണ് സാധ്യത. എന്നാൽ അടുത്തയാഴ്ച വീണ്ടും ന്യൂനമർദം രൂപമെടുക്കുമെന്ന അറിയിപ്പുള്ളതിനാൽ മുന്നൊരുക്കങ്ങൾ നല്ലതെന്നു ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്ഥാ വിഭാഗവും വിശദീകരിക്കുന്നു. 

കണക്കുകളിലെ പമ്പാ ഡാം

പമ്പാ ഡാമിലെ വെള്ളത്തിന്റെ പൂർണ ഉയരം – 50 മീറ്റർ 

പമ്പാ ഡാമിന്റെ അടിത്തട്ട് അളന്നു തുടങ്ങുന്നത് സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമായ 935.74 മീറ്ററിലാണ്.

ഷട്ടറിനു തൊട്ടുതാഴെ എത്തുമ്പോൾ ഈ നിരപ്പ് 981.46 മീറ്റർ

റിസർവോയറിന്റെ പൂർണശേഷി 986.33 മീറ്റർ. 

ഡാം മുഴുവൻ നിറഞ്ഞുകിടന്നാൽ ഉള്ളിലെ വെള്ളത്തിന്റെ ഉയരം 50.59 മീറ്റർ. 

ഇതിൽ ഷട്ടർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്ന അപ്പർ ക്രസ്റ്റ് നിരപ്പ് വരെയുള്ള വെള്ളം 45.72 മീറ്റർ

ഇതിനു മുകളിൽ പൂർണശേഷി വരെയുള്ള വെള്ളത്തിന്റെ ഉയരം 4.87 മീറ്റർ

ഇതു രണ്ടുംകൂടി ചേർന്നാണ് 50.59 മീറ്റർ എന്ന പൂർണ ജലഉയരം കണക്കാക്കുന്നത്. 

പമ്പാ ഡാമിലെ ഞായറാഴ്ചത്തെ ജലനിരപ്പ് 983.45 മീറ്റർ

പമ്പാ ഡാമിലെ തിങ്കളാഴ്ച വൈകിട്ട് അടച്ചപ്പോഴത്തെ നിരപ്പ് 981.4 മീറ്റർ

English Summary: Water level measurements in different dams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com