ADVERTISEMENT

ന്യൂഡ‍ൽഹി∙ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട ഭരണകര്‍ത്താക്കളുടെ യാത്രയ്ക്കായി പ്രത്യേകമായി സജ്ജമാക്കിയ രണ്ടു ബി777 വിമാനങ്ങള്‍ ഉടൻ എത്തും. ഇതിനായി പ്രത്യേക സംഘം യുഎസിലേക്ക് പോയതായി അധികൃതർ‌ അറിയിച്ചു. എയര്‍ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിവിഐപി സുരക്ഷാ ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവർ ബോയിങ് കമ്പനി നിർമിക്കുന്ന വിമാനം സ്വീകരിക്കാൻ യുഎസിലേക്ക് പോയ സംഘത്തിലുണ്ട്.

എയര്‍ ഇന്ത്യ വണ്ണിന്റെ സ്‌പെഷല്‍ എക്‌സ്ട്രാ സെക്ഷന്‍ വിമാനങ്ങളാണ് യുഎസിൽ നിന്നും ഇന്ത്യയിലെത്തിക്കുക. യുഎസ് പ്രസിഡന്റ് സഞ്ചരിക്കുന്ന വിമാനമായ എയര്‍ഫോഴ്‌സ് വണ്ണിനോടു കിടപിടിക്കുന്ന സുരക്ഷാ സന്നാഹങ്ങളാണ് ബി777 വിമാനത്തിലും ഉണ്ടാകുക. ഇന്ത്യ സ്വന്തമാക്കുന്ന രണ്ടു വിമാനങ്ങൾക്കും കൂടി എകദേശം 8458 കോടിരൂപയാണ് ചെലവ്. നേരത്തേ ജൂലൈയിൽ വിമാനങ്ങൾ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്നു നീളുകയായിരുന്നു. സെപ്റ്റംബറിൽ വിമാനങ്ങൾ ഇന്ത്യയിൽ എത്തും.

പ്രത്യേക പരിശീലനം ലഭിച്ച വ്യോമസേനയുടെ പൈലറ്റുമാരാകും വിമാനം പറത്തുക. എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡാകും വിമാനത്തിന്റെ പരിപാലന ചുമതല നിര്‍വഹിക്കുക. നിലവില്‍ ‘എയര്‍ ഇന്ത്യ വണ്‍’ എന്നറിയപ്പെടുന്ന ബി747 വിമാനങ്ങളിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ സഞ്ചരിക്കുന്നത്. എയര്‍ ഇന്ത്യ പൈലറ്റുമാരാണ് ഈ വിമാനങ്ങള്‍ പറത്തുന്നത്. പ്രമുഖ നേതാക്കള്‍ക്കു വേണ്ടി സര്‍വീസ് നടത്താതിരിക്കുമ്പോള്‍ വാണിജ്യസര്‍വീസുകള്‍ക്കും ഈ വിമാനങ്ങള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പുതുതായി എത്തുന്ന ബി777 വിമാനങ്ങള്‍ വിവിഐപികളുടെ യാത്രയ്ക്കു വേണ്ടി മാത്രമാവും ഉപയോഗിക്കുക.

ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്സ് (LAIRCM), സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട്‌സ് (SPS), മിസൈല്‍ പ്രതിരോധ സംവിധാനം എന്നിവ വിമാനത്തിലുണ്ടാകും. 1434 കോടി (19 കോടി ഡോളര്‍) രൂപയ്ക്കാണ് യുഎസില്‍നിന്ന് ഈ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങുന്നത്. ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്സ് വലിയ വിമാനങ്ങളെ ഇന്‍ഫ്രാറെഡ് പോര്‍ട്ടബിള്‍ മിസൈലുകളില്‍നിന്നു സംരക്ഷിക്കും. ഇൻഫ്രാറെഡ് സെൻസറുകളാണു മിസൈലിന്റെ ദിശ മനസ്സിലാക്കുക. വിമാനത്തിൽ നിന്നു പല ദിശകളിലായി പുറപ്പെടുവിക്കുന്ന തീനാളങ്ങൾ മിസൈലുകളുടെ ഗതി മാറ്റും. ഇതിനായി പൈലറ്റ് ഒന്നും ചെയ്യേണ്ട. ശത്രു റഡാറുകൾ സ്തംഭിപ്പിക്കുന്ന ജാമറുകളും വിമാനത്തിലുണ്ട്.

English Summary: Air India officials go to US to receive custom-made B777 plane for VVIP travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com