ADVERTISEMENT

കോഴിക്കോട്∙ ആർക്കെങ്കിലും മരുന്ന് ആവശ്യമുണ്ടെങ്കിൽ കാപ്പാട്ടെ അഷ്റഫിനെ അറിയിച്ചാൽ മാത്രം മതി, അതല്ലെങ്കിൽ അദ്ദേഹത്തിന്റെ ഹാം റേഡിയോയിലേക്ക് ഒരു ചെറുസന്ദേശം. പിന്നെ അധികം വൈകില്ല, മരുന്ന് ആവശ്യക്കാരന്റെ കൈയിലെത്തിയിരിക്കും. ഇങ്ങനെ സ്വയംമറന്ന് ഓടിനടന്ന് ആർക്കൊക്കെയോ കരുതലേകിയ അഷ്റഫ് ഇനിയില്ല, സഹായം തേടിയുള്ള വിളി കേൾക്കാൻ.

ബൈക്കിൽ ഘടിപ്പിച്ച ഹാം റേഡിയോയുമായുള്ള യാത്രയ്ക്കിടെ തിങ്കളാഴ്ചയാണ് സരോവരത്തിനു സമീപം അഷ്റഫ് അകാലത്തിൽ ജീവിതത്തിൽനിന്ന് യാത്രയായത്. സന്നദ്ധപ്രവർത്തകനും ഹാം റേഡിയോ ഓപ്പറേറ്ററുമായ കൊയിലാണ്ടി കാപ്പാട് അറബിത്താഴ എ.ടി. അഷ്റഫ് (48) ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

നടപ്പാതയിൽ തളർന്നുകിടന്ന അദ്ദേഹത്തെ കോവിഡ് ഭീതികാരണം ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറായില്ലെന്ന് പരാതിയുണ്ട്. പിന്നീട് പരിചയക്കാരെത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ashraf-2
അഷ്റഫ് ഹാം റേഡിയോയുമായി ബൈക്കിൽ

അഗ്നിരക്ഷാസേനയുടെ കീഴിലുള്ള കേരള സിവിൽ ഡിഫൻസ് കോർപ്സിന്റെ കോഴിക്കോട് റീജ്യണൽ ചീഫ് വാർഡനും റെഡ്ക്രോസ് പ്രവർത്തകനുമാണ്.  കോഴിക്കോടിന്റെയും വയനാടിന്റെയും ചുമതല ഇദ്ദേഹത്തിനായിരുന്നു. ഹാംറേഡിയോ ഉപയോഗിച്ചായിരുന്നു പ്രവർത്തനങ്ങൾ.

ദുരന്തനിവാരണ പ്രവർത്തനത്തിലും മറ്റ് സേവനപ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ലോക്ഡൗൺ കാലത്ത് നിരവധിപേർക്ക് മരുന്നെത്തിക്കാനും പ്രളയ-പ്രകൃതിദുരന്ത സമയത്ത് രക്ഷാപ്രവർത്തനത്തിലും മുൻപന്തിയിലുണ്ടായിരുന്നു. 

2019 ഡിസംബർ മുതൽ സിവിൽ ഡിഫൻസിന്റെ ഭാഗമാണ്. കൊയിലാണ്ടി അഗ്നിരക്ഷാസേനയ്ക്ക് കീഴിലായിരുന്നു പ്രവർത്തനം. ലോക്ഡൗൺ കാലത്ത് അഗ്നിരക്ഷാസേനയിലേക്ക് മരുന്നിന്റെ ആവശ്യങ്ങളുമായി ഒരുപാട് വിളികൾ വന്നിരുന്നു. അതിന്റെയെല്ലാം പട്ടിക ഉദ്യോഗസ്ഥർ അഷ്റഫിന് നൽകും. ''ഏതു സമയത്തും വിളിച്ചാൽ അഷ്റഫുണ്ടാകും. യാതൊരു പ്രതിഫലവും മോഹിക്കാതെയാണ് പ്രവർത്തിച്ചത്. അതുകൊണ്ടുതന്നെ ചെയ്യുന്ന കാര്യങ്ങൾ ആരോടും പറഞ്ഞില്ല അദ്ദേഹം...'' -കൊയിലാണ്ടി അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദൻ പറഞ്ഞു.

ആശുപത്രിയിലെത്തിക്കാൻ വൈകി

സരോവരത്തിനു സമീപം നടപ്പാതയിൽ തളർന്നുകിടക്കുകയായിരുന്ന അഷറ്ഫിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയതായി സുഹൃത്തുക്കൾ പറഞ്ഞു. 20 മിനിറ്റിലേറെ നേരം അഷ്റഫ് ഇവിടെ കിടന്നിട്ടുണ്ടെന്നാണ് കരുതുന്നത്.

ഒടുവിൽ പരിചയക്കാർ കണ്ട്, സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. പിതാവ്: ചെറുവലത്ത് പരേതനായ മൂസ. മാതാവ്: കുട്ടിബി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് യാസിൻ മാലിക്, ഫാത്തിമ നിലൂഫർ മാലിക്.

English summary: Social worker and Civil defense force chief dies

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com