ADVERTISEMENT

കോഴിക്കോട്∙ പുഷ്പ ജംക്ഷനിൽ ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിനു സമീപം കെട്ടിടത്തിനു ചൊവ്വാഴ്ച രാത്രി പത്തോടെ തീപിടിച്ചു. ഒന്നര മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. ബീച്ച്, വെള്ളിമാടുകുന്ന്, മീഞ്ചന്ത എന്നിവിടങ്ങളിൽനിന്നുള്ള 11 അഗ്നിരക്ഷാസേന യൂണിറ്റുകൾ സ്ഥലത്തെത്തി. രാത്രി വൈകിയും തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇടുങ്ങിയ വഴിയിലൂടെ കെട്ടിടത്തിനു സമീപത്തേക്ക് അഗ്നിരക്ഷാ വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്തതാണ് പ്രധാന വെല്ലുവിളി.

ഒളവണ്ണ സ്വദേശി ജെയ്സലിന്റെ ഡിസ്കോ ഏജൻസിയിലാണ് തീപിടിത്തമുണ്ടായത്. റെയിൻ കോട്ട്, ഹെൽമറ്റ് എന്നിവ വിൽക്കുന്ന മൊത്ത വ്യാപാരകേന്ദ്രമാണിത്. രണ്ടുനില കെട്ടിടത്തിന്റെ മുകളിൽ ഉണ്ടാക്കിയ താൽക്കാലിക ഗോഡൗണിലാണ് തീപ്പിടിത്തമെന്ന് പ്രദേശവാസികൾ പറഞ്ഞു. തുടർന്ന് കെട്ടിടത്തിന്റെ രണ്ടാംനിലയിലേക്ക് തീ പടരുകയായിരുന്നു. രാത്രി വൈകിയും തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

രാത്രി പത്ത് മണിയോടെ ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിലെ വാഹനയാത്രക്കാരാണ് പുക ഉയരുന്നത് കണ്ടത്. മുകൾ നില മുഴുവനായും കത്തി നശിച്ചു. കടയിലേക്കുള്ള വഴി ചെറുതായതിനാലും കടയിൽ സ്ഥാപിച്ചിരുന്ന ഗ്ലാസ് പൊട്ടിത്തെറിച്ചതും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ ജില്ലാ കലക്ടർ എസ്.സാംബശിവ റാവു സ്ഥലത്തെത്തി. അടുത്തിടെ നഗരത്തിലുണ്ടാവുന്ന രണ്ടാമത്തെ വലിയ തീപിടിത്തമാണ് ഇത്. ജൂൺ 27ന് കോട്ടൂളിയിലെ ജ്വല്ലറി ഷോറൂമിന് തീപിടിച്ചിരുന്നു. അന്ന് അഗ്നിരക്ഷാസേനയുടെ അഞ്ചു യൂണിറ്റുകളെത്തിയാണ് തീയണച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com