ADVERTISEMENT

തിരുവനന്തപുരം∙ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതു സംബന്ധിച്ചു പ്രതിപക്ഷവുമായി ചർച്ച നടത്താൻ സർക്കാർ ആലോചന. സംസ്ഥാനത്ത് കോവിഡ്–19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് പ്രയാസമാണെന്നു സർക്കാർ വിലയിരുത്തുന്നു. അഭിപ്രായഐക്യം ഉണ്ടാക്കി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നതിനു മുന്നോടിയായാണു സർക്കാർ പ്രതിപക്ഷ പാർട്ടികളുമായി ചർച്ച ആരംഭിച്ചത്.

നിയമസഭയ്ക്ക് ആറു മാസത്തിൽ താഴെ കാലാവധിയാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാർക്കു ഡിസംബറിലോ ജനുവരിയിലോ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശം തള്ളി നവംബർ 29നു മുന്‍പ് തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരുന്നു. അഭിപ്രായം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നുവച്ചാൽ തദ്ദേശ തിരഞ്ഞെടുപ്പും മാറ്റണമെന്ന അഭിപ്രായമാണ് യുഡിഎഫിനുള്ളത്. ഉപതിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിലെയും സ്ഥാനാർഥി നിർണയവും യുഡിഎഫ് പൂർത്തിയാക്കി.

കോവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് ആവശ്യമില്ലെന്നാണു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ നേരത്തെ അറിയിച്ചിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തണമെങ്കിൽ 13 കോടിയോളം രൂപ ചെലവു വരും. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഔദ്യോഗികമായി ആവശ്യപ്പെട്ടാലേ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്ന കാര്യം കമ്മിഷൻ പരിഗണിക്കൂ. എന്നാൽ, ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പും മാറ്റിവയ്ക്കണമെന്ന അഭിപ്രായമാണ് പ്രതിപക്ഷ നേതാക്കൾ പങ്കുവയ്ക്കുന്നത്. കോവിഡ് വ്യാപനം തദ്ദേശ തിരഞ്ഞെടുപ്പിനും ബാധകമാണെന്ന വാദവും അവർ ഉയർത്തുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കേ, മാറ്റിവയ്ക്കുമെന്നു കരുതിയ ഉപതിരഞ്ഞെടുപ്പ് കൂടി നേരിടേണ്ട സാഹചര്യത്തിലാണു മുന്നണികള്‍. രണ്ടു തിരഞ്ഞെടുപ്പുകളും നടന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിനുശേഷമാകും ഉപതിരഞ്ഞെടുപ്പിന്റെ ഫലം വരിക. പിന്നാലെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ഫലം സ്വാധീനിക്കാം. രാഷ്ട്രീയകക്ഷികൾ ഒരുമിച്ചു നിലപാട് അറിയിച്ചശേഷവും തിരഞ്ഞെടുപ്പു നടത്താനാണു കമ്മിഷന്റെ തീരുമാനമെങ്കിൽ വേണ്ട സൗകര്യങ്ങളൊരുക്കാനാണു സർക്കാർ തീരുമാനം.

English Summary: Kerala government to talk to opposition for a no to by-elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com