ADVERTISEMENT

ന്യൂഡൽഹി / കഠ്മണ്ഡു ∙ ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങൾ സ്വന്തം ഭൂപടത്തിൽ രേഖപ്പെടുത്തിയതിനു പിന്നാലെ വീണ്ടും പ്രകോപനവുമായി നേപ്പാൾ. പുതുക്കിയ ഭൂപടം പാഠപുസ്തകത്തിലും പുതുതായി അച്ചടിക്കുന്ന കറന്‍സിയിലും ഉൾപ്പെടുത്തിയാണ് ഇന്ത്യൻ ഭൂപ്രദേശങ്ങൾക്കായുള്ള അവകാശവാദം നേപ്പാൾ സജീവമാക്കുന്നത്. വിദ്യാഭ്യാസ മേഖലയിലും വ്യാപാര രംഗത്തും പുതുക്കിയ ഭൂപടം പരമാവധി പ്രചരിപ്പിക്കുകയാണ് നേപ്പാളിന്റെ ഉദ്ദേശ്യമെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. 

പുതിയ അധ്യയന വർഷത്തിലെ പാഠപുസ്തകങ്ങളില്ലെല്ലാം തന്നെ പുതുക്കിയ ഭൂപടം അച്ചടിച്ചു നൽകുമെന്നും ഹയര്‍ സെക്കന്‍ഡറി വിദ്യാർഥികൾക്ക് ഇതിനകം തന്നെ പുതിയ ഭൂപടം ഉൾപ്പെടുത്തി പുസ്തകം തയാറാക്കി നൽകിയതായും നേപ്പാള്‍ വിദ്യാഭ്യാസ മന്ത്രി ഗിരിരാജ് മനി പൊഖ്റിയാൽ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി തന്നെയാണ് പാഠ്യ ഭാഗത്തിന് ആമുഖം തയാറാക്കിയിരിക്കുന്നത്. നേപ്പാളിന്റെ  ഭൂപ്രദേശങ്ങളും രാജ്യാന്തര അതിർത്തിയും ഉൾപ്പെടുത്തിയുള്ള ഭൂപടം എന്ന നിലയിലാണ് പുതുക്കിയ ഭൂപടം വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നത്. 

ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങൾ എന്തു വില കൊടുത്തും നേപ്പാൾ തിരികെ കൊണ്ടുവരുമെന്നു നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലി വെല്ലുവിളിച്ചിരുന്നു. ഇന്ത്യയുടെ ഭാഗമായ ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് , ലിംപിയാധുര എന്നിവിടങ്ങൾ തങ്ങളുടേതാക്കി ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദഗതി നേപ്പാൾ പാർലമെന്റിന്റെ അധോസഭയായ ജനപ്രതിനിധിസഭ കഴിഞ്ഞ ജൂണിലാണ് ഏകകണ്ഠമായി പാസാക്കിയത്. 

ഇന്ത്യയും നേപ്പാളും 1,800 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. ഇന്ത്യയുമായുള്ള പടിഞ്ഞാറൻ അതിർത്തി നിർവചിക്കാൻ ബ്രിട്ടിഷ് കൊളോണിയൽ ഭരണാധികാരികളുമായി ഏർപ്പെട്ട 1816 ലെ സുഗൗളി ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ലിപുലേഖ് പാസിൽ നേപ്പാൾ അവകാശമുന്നയിക്കുന്നത്. 1962ലെ ഇന്ത്യ–ചൈന യുദ്ധം മുതൽ ഇന്ത്യൻ സൈനികരെ അവിടെ വിന്യസിച്ചിട്ടുണ്ടെങ്കിലും ലിംപിയാധുര, കാലാപാനി മേഖലകൾ തന്ത്രപ്രധാനമായ പ്രദേശങ്ങളാണെന്നാണ്  നേപ്പാളിന്റെ അവകാശ വാദം. 

English Summary: Nepal depicts Indian areas as its own in text book

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com