ADVERTISEMENT

ഉപചാരവാക്കുകള്‍കൊണ്ട് ഉദാരമായ സൗമ്യസംവാദമായിരുന്നു യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥികളായ മൈക്ക് പെന്‍സും കമല ഹാരിസും തമ്മില്‍. പക്ഷേ, മോഡറേറ്റര്‍ സൂസന്‍ പേജ് ചോദിച്ച പ്രധാനചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ ഉത്തരം കൊടുക്കാതെ ഇരുവരും ഒഴിഞ്ഞുമാറുന്നതു കണ്ടപ്പോള്‍ പൊതുവിൽ ഉയർന്നത് നിരാശ. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്‌റുമായ പെന്‍സ്, അനുവദിച്ച സമയം അവസാനിച്ചിട്ടും സംസാരം തുടര്‍ന്നപ്പോള്‍ മോഡറേറ്റര്‍ പരാജയപ്പെടുന്ന കാഴ്ചയും ദയനീയമായിരുന്നു.

ഡെമോക്രാറ്റ് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‌റ് സ്ഥാനാര്‍ഥിയായ കമലയ്ക്ക് തന്‌റെ വിശ്വരൂപം പുറത്തെടുക്കേണ്ട വിധം വെല്ലുവിളിയൊന്നും പൊതുവെ സൗമ്യനായ എതിരാളി ഉയര്‍ത്തിയില്ലെന്നതാണു സത്യം. നേതാക്കള്‍ തല്ലുകൂടുന്ന കാലത്ത് ജനം ഒരുമയോടെ പോകണമെന്നു പ്രതീക്ഷിക്കാന്‍ എന്തു ന്യായമെന്ന് എട്ടാം ക്ലാസുകാരിയുടെ രസകരമായ ചോദ്യം മോഡറേറ്റര്‍ ഉള്‍പ്പെടുത്തിയെങ്കിലും അതിനു പോലും മനസ്സില്‍ തങ്ങിനില്‍ക്കുന്നൊരു മറുപടി ആരില്‍നിന്നും ലഭിച്ചില്ല.

സംവാദത്തിന്‌റെ രണ്ടാം പകുതിയിലെപ്പോഴോ കൃത്യം രണ്ടു മിനിറ്റു നേരം പെന്‍സിന്‌റെ വെള്ളിത്തലമുടിയില്‍ ഒരു ഈച്ച വന്നിരുന്നതു മാത്രമാണ് 90 മിനിറ്റു നീണ്ട പരിപാടിയെക്കുറിച്ച് ഓര്‍ത്തുവയ്ക്കാനായി ശേഷിച്ചതെന്നു പറഞ്ഞാലും തെറ്റില്ല! ഈച്ചയെ കൊല്ലാനുള്ള ക്യാംപെയ്‌നിനു വേണ്ടി അഞ്ചു ഡോളര്‍ സംഭാവന അഭ്യര്‍ഥിച്ച് ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രസിഡന്‌റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ അപ്പോള്‍ത്തന്നെ ട്വീറ്റ് ചെയ്തു നേട്ടമുണ്ടാക്കിയതു മിച്ചം. 

സൂസന്‍ പേജിന്‌റൈ ചോദ്യങ്ങള്‍ പൊതുവെ തരക്കേടില്ലായിരുന്നു. കോവിഡ് ബാധിച്ച പ്രസിഡന്‌റ് ഡോണള്‍ഡ് ട്രംപിനും ഭാര്യ മെലനിയയ്ക്കും രോഗം പെട്ടെന്നു ഭേദമാകട്ടെയെന്ന ആശംസയോടെ സംവാദപരിപാടി തുടങ്ങിയ പേജിന്റെ ആദ്യ ചോദ്യവും കോവിഡ് പ്രതിരോധത്തിലെ പാളിച്ചയെക്കുറിച്ചായിരുന്നു. ഇത്രയും മാസങ്ങളായി കേട്ടു പഴകിയ വാദങ്ങളും പ്രതിവാദങ്ങളും തന്നെയാണു പിന്നീടുണ്ടായത്. പക്ഷേ അതിനായി കമല ഉപയോഗിച്ച വാക്കുകള്‍ കുറിക്കുകൊള്ളുന്നതായിരുന്നു എന്ന വ്യത്യാസം മാത്രം. ബൗദ്ധികമായും വൈകാരികമായും പ്രതികരിക്കാനുള്ള അവരുടെ മികവു തന്നെയാണ് ഇവിടെയും കണ്ടത്.

പുതിയ സുപ്രീം കോടതി ജഡ്ജിയായി ഏമി കോണി ബാരറ്റിനെ നാമനിര്‍ദേശം ചെയ്യുന്ന ചടങ്ങ് വൈറ്റ് ഹൗസിലെ കോവിഡ് വ്യാപനത്തില്‍ എത്രത്തോളം സഹായിച്ചു എന്നതിനെപ്പറ്റിയായിരുന്നു മോഡറേറ്ററുടെ അടുത്ത ചോദ്യം. അതിവേഗ നടപടിക്രമങ്ങളിലൂടെ പുതിയ വാക്‌സീന് അംഗീകാരം കൊടുത്താല്‍ മരുന്നു സ്വീകരിക്കാന്‍ തയാറാകുമോ എന്നു ചോദ്യം വന്നപ്പോള്‍, ട്രംപ് പറഞ്ഞാല്‍ താന്‍ കേള്‍ക്കില്ലെന്നും ഡോ. ഫൗച്ചി ഉള്‍പ്പെടെ വിദഗ്ധര്‍ പറഞ്ഞാല്‍ അനുസരിക്കുമെന്നുമായിരുന്നു കമലയുടെ ഉത്തരം. 

പ്രസിഡ്‌ന്‌റുമായി എന്താണു കരാര്‍? 

ട്രംപിന്‌റെയും ബൈഡന്‌റെയും പ്രായം കണക്കിലെടുത്തുള്ള രസകരമായൊരു ചോദ്യമായിരുന്നു അടുത്തത്. ഭരണകാര്യങ്ങള്‍ നോക്കി നടത്താനാകാത്തവിധം പ്രസിഡന്‌റ് അസുഖബാധിതനായാല്‍ വൈസ് പ്രസിഡന്‌റിനാണു ചുമതല. അങ്ങനെയൊരു സാഹചര്യം വന്നാല്‍ എങ്ങനെയായിരിക്കും കാര്യങ്ങളെന്നതിനെക്കുറിച്ച് സംസാരം നടന്നിട്ടുണ്ടോ എന്ന പ്രസക്തമായ ചോദ്യം. സങ്കടകരമെന്നു പറയട്ടെ, മൈക്ക് പെന്‍സോ കമലയോ വ്യക്തമായൊരുത്തരം തന്നില്ല. രണ്ടു പേരും മറ്റെന്തൊക്കെയോ പറ്ഞ്ഞുകൊണ്ടിരുന്നു. ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ആവശ്യപ്പെട്ട് മോഡറേറ്റര്‍ ഇത്തവണ ഇടപെടുന്നതായും കണ്ടില്ല. ഒഹായോയില്‍ നടന്ന പ്രസിഡന്‌റ് സ്ഥാനാര്‍ഥി സംവാദത്തില്‍, മോഡറേറ്റര്‍ ക്രിസ് വാലസ് ആകട്ടെ, ഇക്കാര്യത്തില്‍ കര്‍ശന നിലപാടെടുക്കുകയോ കുറഞ്ഞ പക്ഷം നിരാശ പ്രകടിപ്പിക്കുകയോ ചെയ്തിരുന്നു.

പ്രസിഡന്‌റിന്‌റെ ആരോഗ്യം സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്കുള്ള അവകാശം സംബന്ധിച്ചും സൂസന്‍ പേജ് ചോദിച്ചു. സുതാര്യതയുടെ കാര്യത്തല്‍ ജോ ബൈഡനെ കണ്ടു പഠിക്കണമെന്നു പറ്ഞ്ഞ കമല, ട്രംപിനെതിരെയുള്ള ആദായനികുതി ആരോപണങ്ങളിലേക്ക് സമര്‍ഥമായി ശ്രദ്ധ ക്ഷണിച്ചു. 750 ഡോളറാണു ട്രംപ് ആദായനികുതി അടച്ചതെന്നു കേട്ടപ്പോള്‍ മൂന്നു പൂജ്യങ്ങള്‍ കൂടി ആ സംഖ്യയ്ക്കു പിന്നിലുണ്ടാകും, തെറ്റിയതാകും എന്നു കരുതിയതെന്നായിരുന്നു കമലയുടെ രസികൻ വിശദീകരണം.

ചൈന തന്നെ സംസാരവിഷയം 

സാമ്പത്തിക പുനരുദ്ധാരണത്തെപ്പറ്റിയുള്ള ചോദ്യത്തിനുള്ള ഉത്തരങ്ങളില്‍ കമലയും മൈക്ക് പെന്‍സും പരസ്പരം നിശിതമായി ആക്രമിച്ചു. ഫോസില്‍ ഇന്ധന വ്യവസായം അവസാനിപ്പിക്കാനാണു ബൈഡന്‌റെയും കമലയുടെയും ശ്രമമെന്നു പെന്‍സ് ആരോപിച്ചപ്പോള്‍ വസ്തുതകള്‍ നിരത്തി കമല പ്രതികരിച്ചു. മനുഷ്യനിര്‍മിതമായ കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള നയം വിശദീകരി്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, അമേരിക്കയില്‍ ഇപ്പോഴുള്ളത് ഏറ്റവും നല്ല വായുവും മണ്ണും ജലവും ആണെന്നായിരുന്നു പെന്‍സിന്‌റെ വാദം. പാരിസ് ഉടമ്പടിയില്‍ ഒപ്പു വച്ച രാജ്യങ്ങളെക്കാള്‍ പ്രതിബദ്ധതയോടെ കാര്‍ബണ്‍ തോതു നിയന്ത്രിക്കാനായെന്നും പെന്‍സ് അവകാശപ്പെട്ടു. സയന്‍സ്, ക്ലൈമറ്റ് ചേഞ്ച് തുടങ്ങിയ വാക്കുകള്‍ തന്നെ ട്രംപ് ഭരണകൂടം അവരുടെ വെബ്‌സൈറ്റുകളില്‍നിന്നു നീക്കം ചെയ്തതിനെക്കുറിച്ചാണു കമല അപ്പോള്‍ സംസാരിച്ചത്.

ചൈനയുമായുള്ള യുഎസ് വ്യാപാര ഉടമ്പടി അമ്പേ പരാജയപ്പെട്ടെന്നു കമല ചൂണ്ടിക്കാട്ടിയപ്പോള്‍, ചൈനാവാദികളുടെ ‘ചീയര്‍ ലീഡറാ’ണു ബൈഡനെന്നു പെന്‍സ് ആഞ്ഞടിച്ചു. തൊട്ടുപിന്നാലെ, ചൈനയുമായി യുഎസിന്‌റ ബന്ധം അടിസ്ഥാനപരമായി എന്താണ് എന്ന ചോദ്യത്തിലേക്കാണു മോഡറേറ്റര്‍ പോയത്. എതിരാളി, ശത്രു എന്നിങ്ങനെ വിവിധ ബന്ധസൂചകങ്ങളും നല്‍കി. കോവിഡ് വ്യാപനത്തില്‍ ചൈനയെക്കൊണ്ട് ഉത്തരം പറയിക്കുമെന്നു പെന്‍സ് ആവര്‍ത്തിച്ചു. അമേരിക്കയുടെ സഖ്യരാഷ്ട്രങ്ങള്‍ പലതും അമേരിക്കന്‍ പ്രസിഡന്‌റിനല്ല, മറിച്ച് ചൈനീസ് പ്രസിഡന്‌റിനാണ് ഇപ്പോള്‍ കൂടുതല്‍ ആദരം കൽപ്പിച്ചു കൊടുക്കുന്നതെന്നു കമല പരിഹസിച്ചു. 

ബന്ധുവാര് ശത്രുവാര്? 

മാറുന്ന സാഹചര്യങ്ങളില്‍ ആഗോളതലത്തിലെ അമേരിക്കയുടെ നേതൃത്വത്തിന്‌റെ പ്രാധാന്യമെന്തെന്ന പ്രധാനചോദ്യം സൂസന്‍ ചോദിച്ചു. വിദേശനയം വിശ്വസ്തതയുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുന്നതാണെന്നും മിത്രങ്ങളോട് വാക്കുപാലിക്കാത്ത ശീലമാണു ട്രംപിനെന്നും പറഞ്ഞു കമല കത്തിക്കയറി. ട്രംപ് നമ്മുടെ മിത്രങ്ങളെ ചതിക്കുന്നെന്നും ശത്രുക്കളെ ചേര്‍ത്തുപിടിക്കുന്നെന്നും അവര്‍ ആരോപിച്ചു.റഷ്യന്‍ പ്രസിഡന്‌റ് വ്‌ലാഡിമിര്‍ പുടിനുമായുള്ള ബന്ധമാണ് ഇതിനായി കമല എടുത്തു പറഞ്ഞത്.

പുടിനെ പല തവണ കണ്ടിട്ടും, തിരഞ്ഞെടുപ്പിലെ ഇടപെടല്‍ ഉള്‍പ്പെടെ റഷ്യയ്‌ക്കെതിരെയുള്ള ആരോപണങ്ങളൊന്നും ട്രംപ് പരാമര്‍ശിക്കുക പോലും ചെയ്യാതിരുന്നതിനെ അവര്‍ വിമര്‍ശിച്ചു. ഇറാന്‍ ആണവ കരാറില്‍നിന്നു പിന്മാറിയ നടപടിയും അവർ വിമര്‍ശിച്ചു.വിദേശകാര്യനയത്തില്‍ ഒറ്റപ്പെടുത്തലാണു ട്രംപിന് ഇഷ്ടമെന്നും പറഞ്ഞു. ജറുസലമിലേക്ക് യുഎസ് എംബസി മാറ്റിയതും ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടന മേധാവി അല്‍ ബഗ്ദാദിയെ വധിച്ചതുമെല്ലാം എടുത്തു പറഞ്ഞാണു ട്രംപിന്‌റെ വിദേശനയം പെന്‍സ് വിശദീകരിച്ചത്.

വിദേശബന്ധങ്ങളില്‍ വൈസ് പ്രസിഡ്‌ന്‌റുമാര്‍ സുപ്രധാന പങ്കു വഹിച്ച ചരിത്രം യുഎസിനുണ്ടെന്ന വസ്തുതയാകാം ഈ വിഷയം ചോദ്യങ്ങളില്‍ ഉള്‍പ്പെടാന്‍ കാരണം. ജിമ്മി കാര്‍ട്ടര്‍ പ്രസിഡന്‌റായിരുന്നപ്പോള്‍ (1977-1981) വൈസ് പ്രസിഡന്‌റായിരുന്ന വാള്‍ട്ടര്‍ മൊന്‍ഡേല്‍ നയതന്ത്ര ദൗത്യങ്ങള്‍ വിജയകരമായി നിറവേറ്റിയിട്ടുള്ളതു വൈസ് പ്രസിഡന്‌റ് പദവിയുടെ പ്രാധാന്യം വര്‍ധിപ്പിച്ചെന്നു സെന്‌റ് ലൂയിസ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലോയിലെ ജോയല്‍ കെ. ഗോള്‍ഡ്‌സ്‌റ്റെയ്ന്‍ ചൂണ്ടിക്കാട്ടുന്നു. ലോകമെമ്പാടുമുള്ള സഖ്യരാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കാന്‍ കാര്‍ട്ടര്‍ നിയോഗിച്ചതും മൊന്‍ഡേലിനെ ആയിരുന്നു. അക്കാലത്തു ചൈനയുമായുളള ബന്ധം മെച്ചപ്പെടുത്തിയതു വൈസ് പ്രസിഡന്‌റിന്‌റെ സന്ദര്‍ശനമായിരുന്നെന്നും ഗോള്‍ഡ്‌സ്‌റ്റെയ്ന്‍ പറയുന്നു. 

അല്പം ചരിത്രം, ഒത്തിരി വര്‍ത്തമാനം 

സുപ്രീം കോടതിയിലെ പുതിയ ജഡ്ജിയായി ഏമി കോമി ബാരറ്റിന് അംഗീകാരം ലഭിക്കുകയും, ട്രംപിന്‌റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ആഗ്രഹം പോലെ സ്ത്രീകള്‍ക്ക് ഇപ്പോള്‍ ഉള്ള ഗര്‍ഭഛിദ്രാവകാശം നിയമം മൂലം നിരോധിക്കുകയും ചെയ്താല്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രതികരണത്തെക്കുറിച്ചു മോഡറേറ്റര്‍ ചോദിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടാന്‍ താന്‍ എപ്പോഴും മുന്നിലുണ്ടെന്നു കമല പറഞ്ഞപ്പോള്‍ പെന്‍സ് പ്രഖ്യാപിച്ചു- ഞാന്‍ 'പ്രോ ലൈഫ് ' ആണ്. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നില്ല. തിരക്കിട്ടുള്ള ജഡ്ജി നിയമനത്തെ വിമര്‍ശിച്ച്, 1864ല്‍ ഏബ്രഹാം ലിങ്കണ്‍ കാട്ടിയ മാതൃകയെക്കുറിച്ചു കമല ഭംഗിയായി സംസാരിച്ചു. എന്നാല്‍, ജഡ്ജിമാരുടെ എണ്ണം കൂട്ടാനാണു ഡെമോക്രാറ്റ് പാര്‍ട്ടി പദ്ധതിയെന്ന പെന്‍സിന്‌റെ ആരോപണത്തിന് വ്യക്തമായ മറുപടി നല്‍കിയതുമില്ല.

ഒബാമ കെയര്‍ ആരോഗ്യപരിരക്ഷാ പദ്ധതി നിര്‍ത്തലാക്കുന്നതു സംബന്ധിച്ചും ചര്‍ച്ചയില്‍ തീപാറി. പൊലീസ് അതിക്രമത്തില്‍ ബ്രയന ടെയ്‌ലര്‍ എന്ന യുവതി മരിച്ചതുമായ ബന്ധപ്പെട്ട കേസില്‍ നീതി നടന്നു കണ്ടില്ലെന്നു കമലയും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നു പെന്‍സും പ്രതികരിച്ചു. തിരഞ്ഞെടുപ്പു ഫലം ബൈഡന് അനുകൂലമായാല്‍ സമാധാനപരമായ അധികാരക്കൈമാറ്റം നടക്കുമോ എന്ന ചോദ്യത്തില്‍ പെന്‍സ് ഉരുണ്ടു കളിച്ചു.

ഒന്നോ രണ്ടോ തവണ പെന്‍സ് ഇടയ്ക്കു കയറി തടസ്സപ്പെടുത്തിയപ്പോള്‍ തനിക്കു നഷ്ടപ്പെട്ട സമയം ചോദിച്ചു വാങ്ങിയതുള്‍പ്പെടെ കമല തന്റെ വീറും വാശിയും വ്യക്തമാക്കി. പെന്‍സാകട്ടെ, ട്രംപിന്റെ ഓരോ പ്രവൃത്തിയെയും ന്യായീകരിച്ചും കലിഫോര്‍ണിയയില്‍ അഭിഭാഷകയെന്ന നിലയിലുള്ള കമലയുടെ കരിയറിനെക്കുറിച്ച് ആക്ഷേപമുന്നയിച്ചും അവരെ ചൊടിപ്പിച്ചു. കമലയുടെ പ്രതികരണം സംയമനത്തോടെയായിരുന്നതു സംവാദത്തെ രക്ഷിച്ചു.

English Summary: Key takeaways from Kamala-Pence US Vice Presidential debate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com