ADVERTISEMENT

കൊച്ചി ∙ സ്വർണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടിനെ വിമർശിച്ച് മുൻമന്ത്രി കെ.ബാബു. പ്രതിയുടെ മൊഴി പ്രതിപക്ഷത്തിനു വേദവാക്യമാണെന്നും മൊഴി അടിസ്ഥാനമാക്കി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് ഒരു രാഷ്ട്രീയ പാർട്ടിയും സ്വീകരിക്കാൻ ധൈര്യപ്പെടാത്ത രീതിയാണെന്നുമുള്ള കോടിയേരിയുടെ നിലപാട് പുച്ഛിച്ചു തള്ളാൻ തോന്നുന്നു.

പിതൃതുല്യൻ എന്നും അച്ഛന്റെ പ്രായമുള്ള ആളാണെന്നും പറഞ്ഞ വിവാദസ്ത്രീയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്നത്തെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഇടതുപക്ഷവും പിണറായിയും നീചമായ പ്രചരണവും സമരവും നടത്തിയത് മറക്കാനും പൊറുക്കാനും സമയമായിട്ടില്ല.

ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വീണ്ടും വന്നാൽ ബാറുകൾ തുറക്കാൻ സാധിക്കില്ല എന്നുള്ള ഭയപ്പാടിന്റെ അടിസ്ഥാനത്തിൽ ചില ബാർ ഉടമകൾ വലിയൊരു തുക ഈ വിവാദ സ്ത്രീക്ക് കൊടുക്കുകയും നുണ പറയാൻ അവരെ പരിശീലിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് ഉമ്മൻചാണ്ടിക്കെതിരെ അസത്യം പറയിപ്പിച്ചത്.

ഇപ്പോൾ സ്വർണക്കടത്തുകാരി പറയുന്നു 2017ൽ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിൽ യുഎഇ കോൺസൽ ജനറലിനോട് ഒപ്പം അവരും ഉണ്ടായിരുന്നെന്ന്. കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേരള സർക്കാരുമായുള്ള ആശയവിനിമയം ശിവശങ്കറിലൂടെ ആയിരിക്കുമെന്നും വിവാദ കള്ളക്കടത്തുകാരി വെളിപ്പെടുത്തിയിരിക്കുന്നു.

തനിക്ക് സ്പേസ് പാർക്കിൽ നിയമനം നൽകിയ കാര്യം മുഖ്യമന്ത്രിയുടെ അറിവോടുകൂടി ആണെന്നും അവർ വെളിപ്പെടുത്തി. പലപ്രാവശ്യം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എന്നും അവർ പറയുന്നു. വിവാദ സ്ത്രീയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളം മുഴുവൻ പ്രചാരണം നടത്തുന്നതിനും പ്രക്ഷോഭം നടത്തുന്നതിനും നേതൃത്വം കൊടുത്ത ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, സ്വർണക്കടത്തുകാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പലപ്രാവശ്യം രാജിവയ്ക്കേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്.

ഇതാണ് കാവ്യനീതി. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നും കൂലി വരമ്പത്ത് കിട്ടുമെന്നും ഇപ്പോഴെങ്കിലും ഇടതുപക്ഷം തിരിച്ചറിയുന്നതു നല്ലതാണ്.– കെ.ബാബു പറഞ്ഞു.

English Summary: K Babu criticise CPM and LDF government on Gold Smuggling Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com