ADVERTISEMENT

തിരുവനന്തപുരം ∙ കളമശേരി മെഡിക്കൽ കോളജിനെതിരെ ഉയര്‍ന്ന പരാതികള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. മെഡിക്കൽ കോളജ് നല്ല പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നതെന്നും ആരോപണം ഉന്നയിച്ചവർ പറഞ്ഞത് ശരിയല്ലെന്ന് ഇതിനോടകം വ്യക്തമായതായും മുഖ്യമന്ത്രി പറഞ്ഞു.

ആരോപണങ്ങൾ വസ്തുതാപരമല്ലെന്ന് അവിടെയുള്ളവർതന്നെ കൃത്യമായ തെളിവുകളോടെ പറയുന്നുണ്ട്. പറഞ്ഞകാര്യം വസ്തുതയല്ലെന്ന് ഇതിനോടകം ബോധ്യമായിട്ടുണ്ടെങ്കിലും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാൻ ചിലർ സന്നദ്ധരാകുന്നു. കാര്യങ്ങൾ ആകെ തകിടം മറിഞ്ഞെന്നു കാണിക്കാൻ ചിലർ ഒറ്റപ്പെട്ട പ്രചാരണം നടത്തുന്നത് ഗൗരവമായി കാണും– മുഖ്യമന്ത്രി പറഞ്ഞു.

ആരോപണത്തിൽ ഉറച്ച് ബന്ധുക്കൾ

കളമശേരി മെഡിക്കൽ കോളജിലെ കോവിഡ് ഐസിയുവിലുണ്ടായ ചികിത്സാപിഴവാണ് സി.കെ.ഹാരിസിന്റെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കൾ. പരാതിയിൽ ഉറച്ചു നിൽക്കുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ആർക്കെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ മുഖംനോക്കാതെ നടപടി എടുക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു.

കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹാരിസിന്റെ ആരോഗ്യ പ്രശ്നങ്ങൾ മരണത്തിനുള്ള മറുപടി അല്ലെന്ന നിലപാടിലാണ് ബന്ധുക്കൾ. വാർഡിലേക്കു രണ്ട് ദിവസത്തിനുള്ളിൽ മാറ്റാമെന്ന് പറഞ്ഞാണ് ശ്വസനസഹായ യന്ത്രം വാങ്ങിപ്പിച്ചതെന്നും കൃത്യമായ അന്വേഷണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബന്ധുകൾ പറഞ്ഞു. 

ആശുപത്രിയെ മുഴുവനായി വിമർശിച്ചിട്ടില്ലെന്നും രണ്ട് രോഗികളുടെ കാര്യത്തിൽ വീഴ്ച ഉണ്ടായെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായും ഡോ. നജ്മ പറഞ്ഞു. ആർഎംഒയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ ശവപ്പെട്ടി വിതരണ സമരം നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രി കവാടത്തിലേക്ക് ജീവൻ രക്ഷാമാർച്ചും സംഘടിപ്പിച്ചു.

English Summary: CM Pinarayi Vijayan gives clean chit for Kalamassery Medical College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com