ADVERTISEMENT

ന്യൂഡൽഹി ∙ വിവിധ സംസ്ഥാനങ്ങളിലെ ഡേറ്റാ എൻ‌ട്രി ഓപ്പറേറ്റർമാരിൽനിന്ന് അഞ്ച് കോടി രൂപയുടെ പണവും ആഭരണങ്ങളും പിടിച്ചെടുത്ത് ആദായനികുതി (ഐടി) വകുപ്പ്. ഡൽഹി–എൻ‌സി‌ആർ, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിൽ 42 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. വ്യാജ ബില്ലിങ്ങിലൂടെ വൻതോതിൽ പണം ഡേറ്റാ എൻട്രി റാക്കറ്റ് നടത്തുന്ന വ്യക്തികൾ അനധികൃതമായി സമ്പാദിക്കുന്നതിനായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.

എൻട്രി ഓപ്പറേറ്റർമാർ, ഇടനിലക്കാർ, പണ ഇടപാടുകാർ, ഗുണഭോക്താക്കൾ എന്നിവരുൾപ്പെട്ട വലിയ തട്ടിപ്പിന്റെ തെളിവുകൾ പരിശോധനയിൽ ലഭിച്ചു. ഇതുവരെ 500 കോടിയിലധികം രൂപയുടെ ഇടപാടിന്റെ തെളിവുകളാണു പിടിച്ചെടുത്തിട്ടുള്ളത്. നിരവധി കടലാസ് കമ്പനികളും സ്ഥാപനങ്ങളും എൻട്രി ഓപ്പറേറ്റർമാരെ ഉപയോഗിച്ചു വ്യാജ ബില്ലുകൾ തയാറാക്കിയും വായ്പകളെടുത്തും തട്ടിപ്പ് നടത്തുന്നതായും തെളിഞ്ഞെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

പഴ്‌സനൽ സ്റ്റാഫ്, ജീവനക്കാർ, സഹായികൾ എന്നിവരെയാണു മിക്ക കടലാസ് കമ്പനികളും ഡമ്മി ഡയറക്ടർമാരും പങ്കാളികളുമാക്കുന്നത്. റാക്കറ്റിന്റെ ഭാഗമായവർ നിരവധി ബാങ്ക് അക്കൗണ്ടുകളും ലോക്കറുകളും നിയന്ത്രിക്കുന്നതായി കണ്ടെത്തി. കുടുംബാംഗങ്ങളുടെയും വിശ്വസ്തരായ ജീവനക്കാരുടെയും പേരിലും വ്യാജ കമ്പനികൾ തുടങ്ങിയിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് പണ ഇട‌പാടുകൾ നടത്തുന്നത്. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

English Summary: Rs 500 crore data entry scam unearthed in income tax dept raids across 42 locations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com