ADVERTISEMENT

മുംബൈ∙ നടൻ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നുകേസിൽ ഒരാളെക്കൂടി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. മുംബൈ വിനോദമേഖലയിലെ വൻകിട ലഹരി ഇടപാടുകാരൻ അബ്ദുൽ വാഹിദാണു പിടിയിലായത്. അന്ധേരി ആസാദ് നഗർ മെട്രോ സ്റ്റേഷനു സമീപത്തു നിന്നാണ് ഇയാൾ പിടിയിലായത്. 650 ഗ്രാം കഞ്ചാവ്, ചെറിയ അളവിൽ മെഫഡ്രോൺ, ചരസ് എന്നിവയും 1.75 ലക്ഷം രൂപയും ഇയാളിൽ നിന്നു പിടിച്ചെടുത്തതായി അന്വേഷണസംഘം അറിയിച്ചു.

അതേസമയം, സംവിധായകൻ കരൺ ജോഹറിന്റെ സിനിമാ നിർമാണ കമ്പനിയിലെ മുൻ ജീവനക്കാരൻ ക്ഷിതിജ് പ്രസാദിനെ നൈജീരിയ സ്വദേശിയിൽ നിന്നു ലഹരിമരുന്നു പിടിച്ച കേസിൽ അറസ്റ്റ് ചെയ്തു. നടൻ അർജുൻ രാംപാലിന്റെ ജീവിത പങ്കാളിയുടെ സഹോദരനും ദക്ഷിണാഫ്രിക്കൻ പൗരനുമായ അജിസിലോസിനെയും ഈ കേസിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ മു‍ൻപ് ഇരുവരെയും എൻസിബി അറസ്റ്റ് ചെയ്തിരുന്നു.

കരിഷ്മയെ 10 മണിക്കൂറിലേറെ ചോദ്യം ചെയ്ത് എൻസിബി

ലഹരിക്കേസിൽ നടി ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്മ പ്രകാശിനെ തുടർച്ചയായ രണ്ടാം ദിവസവും എ‍ൻസിബി ചോദ്യം ചെയ്തു. രണ്ടു ദിവസങ്ങളിലായി 10 മണിക്കൂറിലേറെ ചോദ്യം ചെയ്തെങ്കിലും വിശദാംശങ്ങൾ വെളിപ്പെടുത്താൻ അന്വേഷണസംഘം വിസമ്മതിച്ചു. അന്ധേരി ഓഷിവാരയിലെ കരിഷ്മയുടെ ഫ്ലാറ്റിൽ നിന്ന് ചെറിയ അളവിൽ ലഹരിമരുന്നു പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് എൻസിബി കേസെടുത്തിരുന്നു. ഈ മാസം 7 വരെ അറസ്റ്റിൽ നിന്നു കോടതി സംരക്ഷണം നൽകിയിരിക്കെയാണ് ഒളിവിലായിരുന്ന കരിഷ്മ അന്വേഷണത്തിനു ഹാജരായത്.

റിയയെ വിചാരണ ചെയ്യണം: സുശാന്തിന്റെ സഹോദരിമാർ

മുംബൈ∙ തങ്ങൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന നടി റിയ ചക്രവർത്തിയെ വിചാരണ ചെയ്യണമെന്നു നടൻ സുശാന്ത് സിങ്ങിന്റെ സഹോദരിമാർ ബോംബെ ഹൈക്കോടതിയോട് അഭ്യർഥിച്ചു. വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ സഹോദരിമാരായ പ്രിയങ്ക സിങ്ങും മീട്ടു സിങ്ങും സുശാന്തിനെ ചികിത്സിച്ചെന്നാരോപിച്ച് റിയ നൽ‍കിയ പരാതിയിൽ ബാന്ദ്ര പൊലീസ് കേസെടുത്തിരുന്നു. കേസ് റദ്ദാക്കണമെന്ന് അഭ്യർഥിച്ച് സുശാന്തിന്റെ സഹോദരിമാർ ഹൈക്കോടതിയിൽ നൽകിയ അപേക്ഷ പരിഗണിക്കവെയാണ്  റിയയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യം ഉയർത്തിയത്.

ഒരു തെളിവും ഇല്ലാതെയാണ് റിയ തങ്ങൾക്കെതിരെ അവഹേളനപരവും വ്യാജവുമായ ആരോപണങ്ങൾ ഉന്നയിച്ചത്.  ഹർജിയിൽ സിബിഐ പ്രിയങ്കയ്ക്കും മീട്ടുവിനും അനുകൂലമായി നേരത്തേ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എന്നാൽ, റിയയുടെ പരാതിയെ പിന്തുണയ്ക്കുന്ന നിലപാടാണ് മുംബൈ പൊലീസെടുത്തത്. സഹോദരിമാർ  നൽകിയ മരുന്നു കഴിച്ചതാകാം സുശാന്തിനെ ആത്‍മഹത്യയിലേക്കു നയിച്ചതെന്ന വാദമാണ്  പൊലീസ് സത്യവാങ്മൂലത്തിൽ ഉന്നയിച്ചത്. 

English Summary: NCB questions Karishma Prakash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com